July 04, 2026 |
Share on

ക്രിമിനൽ കേസിൽ കുടുങ്ങി ഷാവോലിൻ ക്ഷേത്രത്തലവൻ; ‘സിഇഒ സന്യാസി’യുടെ പേരിൽ ഗുരുതര ആരോപണങ്ങൾ

ഷി യോങ്‌സിനെ മഠാധിപതി സ്ഥാനത്തുനിന്ന് മാറ്റി

തട്ടിപ്പ് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കുറ്റങ്ങളിൽ അന്വേഷണം നേരിട്ട് ചൈനയിലെ പ്രശസ്തമായ ഷാവോലിൻ ക്ഷേത്രത്തിന്റെ തലവൻ ഷി യോങ്‌സിൻ. ഒന്നിലധികം സ്ത്രീകളുമായി യോങ്‌സിന് ബന്ധമുണ്ടെന്നും, ഇതിൽ ഒരു കുട്ടിയുണ്ടെന്നും ക്ഷേത്രത്തിന്റെ പണവും സ്വത്തുക്കളും ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ട്. ‘സിഇഒ സന്യാസി’ എന്നറിയപ്പെടുന്ന ഷി യോങ്‌സിനെ മഠാധിപതി സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുകയാണ്. ഷി യോങ്‌സിൻ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്തതായും, ക്ഷേത്രത്തിന്റെ ഫണ്ടും സ്വത്തുക്കളും ദുരുപയോഗം ചെയ്തതായും, ബുദ്ധമത തത്വങ്ങൾ ലംഘിച്ചതായും സംശയിക്കുന്നു എന്നാണ് മത അധികാരികളുടെ പ്രസ്താവനയിൽ പറയുന്നത്. വാർത്തയോട് പ്രതികരിക്കുന്നതിനായി ഷി യോങ്‌സിനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.

സെൻ ബുദ്ധമതത്തിന്റെയും ചൈനീസ് ആയോധന കലകളുടെയും പ്രധാന കേന്ദ്രമാണ് ഷാവോലിൻ ക്ഷേത്രം. കഴിഞ്ഞ 20 വർഷത്തിനിടെ ഈ ക്ഷേത്രത്തെ ഒരു ആഗോള ബ്രാൻഡാക്കി മാറ്റിയത് ഷി യോങ്‌സിൻ ആണ്. എന്നാൽ, ക്ഷേത്രത്തെ ഒരു കച്ചവട സ്ഥാപനം പോലെ മാറ്റിയതിന് അദ്ദേഹത്തിനെതിരെ മതവിശ്വാസികൾക്കിടയിൽ വലിയ വിമർശനമുണ്ട്. 2015-ൽ ഷിക്ക് സമാനമായ ആരോപണങ്ങൾ നേരിടേണ്ടി വന്നിരുന്നു. അന്ന് അനുചിതമായ ബന്ധങ്ങൾ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടതിനെ തുടർന്ന് ഷി മാസങ്ങളോളം പൊതുവേദികളിൽ നിന്ന് മാറി നിന്നു. എന്നാൽ, രണ്ട് വർഷത്തിന് ശേഷം ഷിയെ കുറ്റവിമുക്തനാക്കി. നിലവിൽ അദ്ദേഹം അന്വേഷണത്തിലാണെന്ന ഓൺലൈൻ കിംവദന്തികൾ പ്രചരിച്ചതിന് ശേഷമാണ് ക്ഷേത്രം ഭാരവാഹികൾ ഇപ്പോൾ പ്രസ്താവന പുറത്തിറക്കിയത്.

മധ്യ ഹെനാൻ പ്രവിശ്യയിലെ സോങ് പർവതത്തിൽ സ്ഥിതി ചെയ്യുന്ന ഷാവോലിൻ ക്ഷേത്രത്തിന് 1,500 വർഷം പഴക്കമുണ്ട്. 1999-ൽ മഠാധിപതിയായ ഷി, ക്ഷേത്രത്തിന്റെ വലിയൊരു പ്രചാരകനാണ്. ഇവിടുത്തെ സന്യാസിമാർ അവരുടെ ആയോധന കലകൾക്ക് ലോകമെമ്പാടും പ്രശസ്തരാണ്. ഷിയുടെ നേതൃത്വത്തിൽ ഇവർ ഒരു ട്രൂപ്പ് ഉണ്ടാക്കി, ലോകം മുഴുവൻ സഞ്ചരിച്ച് നൃത്തപരിപാടികൾ അവതരിപ്പിക്കാറുണ്ട്. കൂടാതെ, ഷാവോലിൻ ക്ഷേത്രം നൂറുകണക്കിന് കുങ്ഫു അക്കാദമികളും ധ്യാനകേന്ദ്രങ്ങളും സ്ഥാപിക്കുകയും, സിനിമകൾക്ക് ക്ഷേത്രത്തിന്റെ പേര് നൽകുകയും ചെയ്തിട്ടുണ്ട്. ഷി യോങ്‌സിന്റെ കച്ചവട താൽപര്യങ്ങൾ പലപ്പോഴും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

ഷി തന്റെ ഔദ്യോഗിക ജീവിതത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല, ആപ്പിൾ സിഇഒ ടിം കുക്ക്, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്, ഹെൻറി കിസിഞ്ചർ തുടങ്ങിയ നിരവധി ലോക നേതാക്കളുമായും പ്രമുഖരുമായും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.

2015-ലെ അന്വേഷണത്തിൽ, ഷി ആഡംബര ജീവിതം നയിക്കുന്നതായും, സമ്മാനമായി ഫോക്സ്‍വാഗൺ എസ്‌യുവി സ്വീകരിച്ചതായും, സ്വർണ്ണം പൂശിയ വസ്ത്രം ധരിച്ചതായും ആരോപണങ്ങൾ ഉയർന്നിരുന്നു. ഓസ്ട്രേലിയയിൽ 380 മില്യൺ ഡോളറിന്റെ കുങ്ഫു തീം പാർക്ക് പദ്ധതിയിൽ ക്ഷേത്രത്തിനുണ്ടായിരുന്ന പങ്കിന്റെ പേരിലും ഷി വിമർശിക്കപ്പെട്ടിരുന്നു.

അതെ സമയം, 2011-ൽ ഒരു ഫോക്‌സ്‌വാഗൺ എസ്‌യുവി തദ്ദേശസ്വയംഭരണ സ്ഥാപനം സമ്മാനിച്ചതാണെന്നും, അതുപോലെ പൊതുജനങ്ങൾ വിമർശിച്ച ഐപാഡുകൾ പോലുള്ള മറ്റ് വസ്തുക്കളും സമ്മാനമായി ലഭിച്ചതാണെന്നും ഷി പറഞ്ഞു. ഇപ്പോൾ ക്ഷേത്രത്തിലേക്ക് ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്നുണ്ടെന്നും, അതിൽ നിന്നുള്ള ടൂറിസം വരുമാനത്തിന് നന്ദി പറയേണ്ടത് ഈ സമ്മാനങ്ങൾ നൽകിയവരോടാണെന്നും ഷി അഭിപ്രായപ്പെട്ടിരുന്നു.

content summary: China’s Shaolin Temple says its head is facing a criminal investigation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×