ടെക്, വ്യവസായ മന്ത്രി ജിൻ ഷുവാങ്ലോങിനെ പുറത്താക്കി ചൈന. ഡിസംബർ അവസാനം മുതൽ ജിൻ പ്രധാന സർക്കാർ മീറ്റിംഗുകളിൽ പങ്കെടുത്തിരുന്നില്ലെന്ന് വിവരസാങ്കേതിക മന്ത്രാലയത്തിൽ നിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. ജിൻ ഷുവാങ്ലോങ് രണ്ട് മാസക്കാലമായി പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല. അഴിമതി ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ മാറ്റി നിർത്തുന്നത് സാധാരണയായി ചൈനയിൽ പ്രാബല്യത്തിലുള്ള ഒരു നടപടിയാണ്. ജിൻനെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടക്കുന്നതായി ഔദ്യോഗിക വൃത്തത്തോട് ബന്ധമുള്ള വ്യക്തികൾ മാധ്യമങ്ങളോട് പറഞ്ഞു. ജിൻ ഷുവാങ്ലോങിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ വിവരം വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പകരം ലി ലെചെങിനെ തൽസ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്ത് വിട്ടിട്ടില്ല.
ഷി ജിൻപെങ്ങിന്റെ മൂന്നാം മന്ത്രിസഭ അഴിമതി വിരുദ്ധമായിരിക്കുമെന്ന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിൻതുടർന്ന് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുന്ന നാലാമത്തെ മന്ത്രിയാണ് ജിൻ ഷുവാങ്ലോങ്. സമീപ വർഷങ്ങളിൽ ചൈനയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് കാരണമായേക്കാവുന്ന കുറച്ചധികം സംഭവങ്ങൾ ഉണ്ടായതായി ബെയ്ജിംഗ് വ്യക്തമാക്കിയിരുന്നു. 2023ൽ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിനെ പുറത്താക്കിയതിന് പിന്നാലെ ആണ് മന്ത്രി സ്ഥാനത്തേക്ക് ജിൻ ഷുവാങ്ലോങിനെ നിയമിക്കുന്നത്. ക്വിൻ ഗാങ്ങിനെ പുറത്താക്കിയതിന്റെ കാരണവും അന്ന് മന്ത്രി സഭ വ്യക്തമാക്കിയിരുന്നില്ല. പുതിയതായി നിയമിക്കപ്പെട്ട ടെക്, വ്യവസായ മന്ത്രി ലി ലെചെങ് മുമ്പ് ലിയോണിംഗ് പ്രവിശ്യയുടെ ഗവർണറായിരുന്നു. കഴിഞ്ഞ മാസം ചാന്ദ്ര പുതുവർഷത്തിന് മുന്നോടിയായി നടന്ന പ്രവിശ്യ പര്യടനത്തിൽ ജിൻ ഷുവാങ്ലോങിനൊപ്പം ലി ലെചെങ് പങ്കെടുത്തിരുന്നു. ഷി ജിൻപെങ്ങിന്റ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിദഗ്ധരിൽ നിന്ന് വ്യവസായിക നേതാക്കളിൽ നിന്നും വിമർശനങ്ങൾ ഉയർന്നുണ്ട്. ഷി ജിൻപെങ്ങിന്റെ മന്ത്രിസഭയുടെ നിലനിൽപ്പിനെ ഇത് കാര്യമായി തന്നെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തലുകൾ. ഇത് രാജ്യത്തെ ആകെ സ്തംഭനാവസ്ഥയിലാക്കിയേക്കാമെന്ന നിരീക്ഷണങ്ങളുമുണ്ട്.
രാജ്യത്ത് അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന വിഭാഗം 8,89,000 ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ വർഷം അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു. 2023നെ അപേക്ഷിച്ച് ഇത് 46 ശതമാനം കൂടുതലാണ്. ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ചൈനയുടെ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കാനുളള ഷി ജിൻപെങ്ങിന്റെ ശ്രമങ്ങൾ ടെക് വ്യവസായ മന്ത്രാലയത്തിന്റെ നിലവാരം ഉയർത്തിയിരുന്നു. ആർട്ടിഫിഷൽ ഇൻ്റലിജൻസ്, ഇലക്ട്രിക് വാഹനങ്ങൾ, ടെലി കമ്മ്യൂണിക്കേഷൻസ് എന്നിവ കൈകാര്യം ചെയ്യുന്നത് ടെക് വ്യവസായ മന്ത്രാലയം ആണ്. ചൈനയിൽ ആദ്യമായി നിർമ്മിച്ച പാസഞ്ചർ ജെറ്റായ സി919ന്റെ വികസനത്തിന് നേതൃത്വം നൽകിയത് ജിൻ ഷുവാങ്ലോങ് ആയിരുന്നു. വ്യവസായിക സാങ്കേതിക മന്ത്രിയായി നിയമിതനാവുന്നതിന് മുമ്പ് ചൈനയുടെ സെൻട്രൽ മിലിട്ടറി ഫ്യൂഷൻ ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു ജിൻ ഷുവാങ്ലോങ്. 2024 ഡിസംബർ 27ന് ആയിരുന്നു ജിൻ ഷുവാങ്ലോങ് അവസാനമായി ഒരു പൊതുവേദിയിൽ സംസാരിക്കുന്നത്, ഷിയുടെ വ്യവസായവത്കരണ നയങ്ങളെ പ്രശംസിച്ചായിരുന്നു ജിൻ ഷുവാങ്ലോങ്ങിന്റെ പ്രസംഗം.
content summary: China’s technology minister has been dismissed from his position