സംസ്ഥാനത്ത് കോളറ കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യ മേഖല ആശങ്കയിലാണ്. മലിനജലത്തിലൂടെ പടർന്ന് പിടിക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കോളറ ജീവനെടുക്കാൻ പോന്ന അപകടകാരിയാണ്. പക്ഷെ സ്വയം ശ്രദ്ധിച്ചാൽ വരുതിയിൽ നിർത്താൻ കഴിയുന്ന രോഗം പടർന്ന് പിടിക്കുന്നത് മലയാളിയുടെ അശ്രദ്ധയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പറയുകയാണ് മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ അഡി. പ്രൊഫസ്സറായ ഡോ ടി എസ് അനീഷ്. cholera outbreak kerala
കോളറ പൊതുജനാരോഗ്യത്തിന്റെ പിതാവ്
പലപ്പോഴും രോഗിയിൽ വയറിളക്കം കണ്ടാൽ തന്നെ വേണ്ട ചികിത്സ നൽകുന്നതിനാൽ അധികം അപകടാവസ്ഥയിലേക്ക് എത്താറില്ല. 2023 ൽ മലപ്പുറം ജില്ലയിൽ കോളറ മരണം സംഭവിച്ചിട്ടുണ്ട്. കോളറ കേരളത്തിൽ അത്ര അപൂർവ്വമായൊരു രോഗമല്ല, പക്ഷെ അത് മരണത്തിലേക്ക് വഴിവയ്ക്കുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കുക തന്നെ വേണം. കൂടാതെ, കഴിഞ്ഞ വർഷം തന്നെ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം നൂറിലധികം കോളറ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കോളറയെ പൊതുവെ പറയുന്നത് പൊതുജനാരോഗ്യത്തിന്റെ പിതാവ് എന്നാണ്. നല്ല വെള്ളം കുടിക്കുക, ശുചിത്വം പാലിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക കുടിവെള്ള സ്രോതസ്സുമായി വിസർജ്യം കലരാതെ സൂക്ഷിക്കുക തുടങ്ങിയ പൊതു ജനാരോഗ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ സൃഷ്ട്ടിച്ചത് തന്നെ വ്യാപകമായ കോളറ ബാധയെ തടയുന്നതിന് വേണ്ടിയാണ്. പ്രാഥമികമായി രോഗ വാഹകരായ വ്യക്തികളുടെ വിസർജ്യം കുടിവെള്ള സ്രോതസുവുമായി കലരുകയും ആ വെള്ളം തിളപ്പിക്കാതെ കുടിക്കുന്നത് വഴിയാണ് കോളറ പകരുന്നത്. പൊട്ടാസ്യം പെർമാഗ്നറ്റ് പോലുള്ള ഓക്സിഡൈസിംഗ് എജെന്റ്സ് വരെ കോളറയുടെ ബാക്ടീരിയയെ ഇല്ലാതാക്കും. നിലവിൽ കോളറ സ്ഥിരീകരിച്ച കാരുണ്യ ഹോസ്റ്റൽ പോലുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് നല്ല വെള്ളം കണ്ടെത്തി കുടിക്കുക എന്ന ഒരു മാർഗം മുന്നിൽ ഇല്ല, അതിനാൽ താമസക്കാർ നല്ല വെള്ളമാണ് കുടിക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടത് നടത്തിപ്പുകാരുടെ ഉത്തരവാദിത്വമാണ്.
നിർജലീകരണം മരണത്തിലേക്ക് നയിക്കും
സ്വാഭവികമായും ആരോഗ്യം കുറവുള്ള വ്യക്തികളിൽ കോളറ കൂടുതൽ അപകടകാരിയാണ്. കാരണം അത്തരക്കാരിൽ ആമാശയത്തിൽ ആസിഡുകൾ കുറവായിരിക്കും, അതിനാൽ തന്നെ ശരീരം സ്വാഭാവികമായും രോഗം ചെറുക്കാനുള്ള സാധ്യത കുറവാണ്. മലിന ജലം കുടിക്കുന്നത് വഴി പലതരം അസുഖങ്ങൾ വരുമെങ്കിലും കോളറ പ്രത്യേക പരിഗണന അർഹിക്കുന്ന രോഗമായാണ് കണക്കാക്കുന്നത്, കാരണം കോളറ ബാധിതരിൽ പെട്ടന്ന് മരണം ഉണ്ടാകും. കോളറ ബാധിതരിൽ വില്ലനാകുന്നത് നിർജ്ജലീകരണമാണ്, വയറിളക്ക രോഗങ്ങൾ വരുന്നവർ പെട്ടന്ന് മരിക്കുന്നതിനുള്ള പ്രധാന കാരണം ശരീരത്തിലെ ജലാംശം വേഗത്തിൽ നഷ്ടപ്പെടുന്നത് കൊണ്ടാണ്. സാധാരണഗതിയിൽ എത്രത്തോളം വയറിളക്കമുണ്ടോ അതിനാനുപാതികമായാണ് നിർജലീകരണം ഉണ്ടാകാനുള്ള സാധ്യത. പക്ഷെ കോളറയുടെ കാര്യത്തിൽ ഈ കണക്ക് ഫലിക്കില്ല, വലിയ തോതിൽ വയറിളക്കം ഉണ്ടായില്ലെങ്കിൽ പോലും ശരീരത്തിലെ ഇലക്ട്രോലൈറ്റിന്റെ നില താളം തെറ്റുകയും മരണത്തിലേക്ക് നയിക്കുന്നതിനാൽ മരണ സാധ്യത കൂടുതലാണ്. കോളറയുടെ രണ്ടാമത്തെ അപകടം ഇത് പകരാനുള്ള സാധ്യത കൂടുതലായതിനാൽ, കോളറ പടർന്ന് പിടിക്കുന്ന സാഹചര്യം അതീവ ഗൗരവകരമാണ്. കൂടാതെ, കോളറ പടർന്ന് പിടിക്കുന്നത്, വെള്ളത്തിന്റെ ശുചിത്വം ഒട്ടും പാലിക്കുന്നില്ല എന്നതിന്റെ ലക്ഷണം കൂടിയാണ്.
അശ്രദ്ധയിലേക്ക് വിരൽ ചൂണ്ടുന്ന അപകടം
ഏതെങ്കിലും ഭാഗത്ത് കോളറ സ്ഥിരീകരിച്ച് കഴിഞ്ഞാൽ അത് ലോകാരോഗ്യ സംഘടനയെ അറിയിക്കണം എന്നാണ്. കാരണം ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേയ്ക്കോ ഒരു രാജ്യത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേക്കോ ഇത്തരം രോഗങ്ങൾ പടർന്ന് പിടിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തിൽ ഡെങ്കി പനി, എലിപ്പനി പോലുളള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്, പക്ഷെ, കേരളത്തിൽ ഡെങ്കി പനി ആഗോള വ്യാപകമായ ഒരു പകർച്ചവ്യാധിയുടെ ഭാഗമായാണ് ഉണ്ടായിട്ടുള്ളത് അതുകൊണ്ട് തന്നെ ശ്രദ്ധക്കുറവ്കൊണ്ട് വന്ന അസുഖമായി ഡെങ്കിപ്പനിയെ കണക്കാക്കാൻ കഴിയില്ല. പക്ഷെ, കുടിവെള്ളത്തിലൂടെ ഒരു രോഗം പടർന്ന് പിടിക്കുകയാണെങ്കിൽ അതിലെ പ്രധാന കാരണം അശ്രദ്ധ തന്നെയാണ്. കോളറയെ പൂർണമായും തടഞ്ഞ് നിർത്താൻ സാധിക്കുകയും സ്വയം നിയന്ത്രിക്കുന്നത് വഴി വ്യാപ്തി കുറക്കാനും സാധിക്കുന്ന അസുഖമാണ്. ആഗോളതാപനം മൂലം മുൻകാലങ്ങളെ അപേക്ഷിച്ച് ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് തന്നെ ലഭ്യമായ സ്രോതസുകളിലെ വെള്ളം മലിനമാകാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷെ മലയാളികൾ പൊതുവെ വെള്ളം ഉറവിടത്തിൽ നിന്ന് തന്നെ കുടിക്കുന്ന ശീലമുള്ളവരല്ല അതിനാൽ കോളറ പടർന്ന് പിടിക്കുന്നത് നമുക്ക് നേരെ വിരൽ ചൂണ്ടുന്ന വിഷയമാണ്. കഴിഞ്ഞ വേനൽക്കാലം മുതൽ കേരളത്തിൽ വ്യാപകമായ മഞ്ഞപ്പിത്ത ബാധയുണ്ട്, അതിനൊപ്പമാണ് ഇപ്പോൾ കോളറ ബാധ ഉണ്ടായിരിക്കുന്നത് ഇത്തരത്തിലുളള ജല ജന്യ രോഗങ്ങൾ പടർന്ന് പിടിക്കുന്നത് തികഞ്ഞ അനാസ്ഥകൊണ്ടാണ് എന്നെ പറയാൻ സാധിക്കുകയുള്ളു.
content summary ; cholera outbreak in kerala expert advice