സിനിമാ ലോകത്തെ നിലവിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം ഒരു സൂപ്പര്‍ഹീറോ ചിത്രമോ, അന്യഗ്രഹജീവികളുടെ അധിനിവേശ കഥയോ, പിരീഡ് ഡ്രാമയോ ഒന്നുമല്ല. പകരം, ഏതാണ്ട് 3,000 വര്‍ഷം പഴക്കമുള്ള ഒരു ഇതിഹാസ കാവ്യത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ ഒരുങ്ങുന്നത്.
ഓസ്കാര്‍ പുരസ്കാരം വാരിക്കൂട്ടിയ ‘ഓപ്പണ്‍ഹൈമര്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന് ക്രിസ്റ്റഫര്‍ നോളന് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ദി ഒഡീസി’. ‘മെമെന്റോ’, ‘ദി ഡാര്‍ക്ക് നൈറ്റ് ട്രിലജി’, ‘ഡണ്‍കിര്‍ക്ക്’, ‘ഇന്റര്‍സ്റ്റെല്ലാര്‍’ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ക്രിസ്റ്റഫര്‍ നോളന്, ഇത്തവണ കൈവെക്കുന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്ന ‘ഒഡീസി’ എന്ന ഗ്രീക്ക് ക്ലാസിക് ഇതിഹാസത്തിലാണ്.
.

ഹോമറിന്റെ പ്രശസ്തമായ കൃതി ക്രിസ്റ്റഫര്‍ നോളന്റെ കൈകളില്‍ എത്തുമ്പോള്‍ സിനിമാപ്രേമികള്‍ക്ക് എന്തൊക്കെ ദൃശ്യവിരുന്നുകളായിരിക്കും കാത്തിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് സിനിമാലോകം.
ഏകദേശം 2,000 കോടിയിലധികം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രം ക്രിസ്റ്റഫര്‍ നോളന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് സിനിമയാണ്. ഹോളിവുഡിലെ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. മാറ്റ് ഡാമന്‍, ആന്‍ ഹാത്വേ തുടങ്ങിയ മുന്‍നിര ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം, ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളായ സെന്ദ്യ ‘ ടോം ഹോളണ്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്ക് പുറമെ ലുപിത ന്യൂയോംഗോ , മിയ ഗോത്ത് , സാമന്ത മോര്‍ട്ടന്‍ , പ്രശസ്ത സംവിധായകന് കൂടിയായ ബെന്നി സഫ്ദി തുടങ്ങി അഭിനയ മികവുകൊണ്ട് ശ്രദ്ധേയരായ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

എട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന, പുരാതന ഗ്രീക്ക് കവിയായ ഹോമറിന്റെ ‘ഒഡീസി’യില്‍ 24 പുസ്തകങ്ങളാണുള്ളത്. ട്രോജന്‍ യുദ്ധത്തിന്റെ പര്യവസാനത്തിന് ശേഷം തന്റെ ഭാര്യ പെനെലോപ്പിയുടെയും മകന് ടെലിമാക്കസിന്റെയും അരികിലേക്ക് തിരികെ നാട്ടിലെത്താന്‍ ഒഡീസിയസ് നടത്തുന്ന 10 വര്‍ഷം നീണ്ട പോരാട്ടങ്ങളുടെ കഥയാണ് ഒഡീസി.
‘ഒരു ചലച്ചിത്ര സംവിധായകന് എന്ന നിലയില്‍ ചിലപ്പോഴൊക്കെ പെട്ടെന്നുണ്ടാകുന്ന ഉള്‍പ്രേരണകള്‍ക്ക് അനുസരിച്ച് നീങ്ങേണ്ടി വരും. തികച്ചും വ്യത്യസ്തമായ ഒരു കഥപറച്ചില്‍ രീതിയിലൂടെ എന്നെത്തന്നെ വെല്ലുവിളിക്കാനും, അതുവഴി നമ്മുടെ സംസ്കാരത്തില്‍ നിലനില്‍ക്കുന്ന ഒരു വലിയ ശൂന്യത നികത്താനുമാണ് ഞാന്‍ ശ്രമിച്ചത്‘. എന്നാണ് ക്രിസ്റ്റഫര്‍ നോളന് ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കിയത്

ചിത്രത്തിന്റെ പശ്ചാത്തലത്തിന് അനുസരിച്ച് , ‘ഒഡീസി’ പൂര്‍ണ്ണമായും എക്സ്ട്രാ ലാര്‍ജ് ഐമാക്സ് ഫോര്‍മാറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പുരാതന ഗ്രീക്ക് കഥകളെയും പുരാണങ്ങളെയും ഹോളിവുഡ് എന്നും കൗതുകത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. എന്നാല്‍ ഈ കഥകള്‍ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ അവയുടെ യഥാര്‍ത്ഥ ആത്മാവ് നിലനിര്ത്താറുേണ്ടാ എന്നത് പരിശോധിക്കേണ്ട ഒന്നാണ്.
ഹെര്‍ക്കുലീസ് (1997): മിത്തിനെ മാറ്റിമറിച്ച ഡിസ്നി മാജിക്
ഗ്രീക്ക് പുരാണങ്ങളിലെ ഏറ്റവും കരുത്തനായ യോദ്ധവായ ഹെര്‍ക്കുലീസിനെ കേന്ദ്രീകരിച്ച് ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും, 1997-ല്‍ പുറത്തിറങ്ങിയ ഡിസ്നിയുടെ അനിമേഷന്‍ ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഗ്രീക്ക് പുരാണങ്ങള്‍ പ്രകാരം ദേവന്മാരുടെ രാജാവും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും അധിപനുമായ സിയൂസിന് ഒരു മനുഷ്യസ്ത്രീയിലുണ്ടായ മകനാണ് ഹെര്‍ക്കുലീസ്. സിയൂസിന്റെ ഭാര്യയായ ഹേരക്ക് ഹെര്‍ക്കുലീസിനോട് കടുത്ത വിദ്വേഷമായിരുന്നു. പിന്നീട് ഹേരയുടെ ശാപം മൂലം ഭ്രാന്തനായി സ്വന്തം കുടുംബത്തെ തന്നെ ഹെര്‍ക്കുലീസ് കൊന്നൊടുക്കി. ഇതിന്റെ പ്രായശ്ചിത്തമായാണ് ഹെര്‍ക്കുലീസിന് 12 സാഹസിക കൃത്യങ്ങള്‍’ ചെയ്യേണ്ടി വരുന്നത്.
എന്നാല്‍ ഡിസ്നി കഥയെ പൂര്‍ണ്ണമായും മാറ്റിമറിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തിച്ചത്. ഡിസ്നി പുറത്തിറക്കിയ സിനിമയില്‍ ഹേരയെ സ്നേഹമയിയായ അമ്മയായും, പാതാളത്തിന്റെ ദൈവമായ ഹാഡിസിനെ പ്രധാന വില്ലനായും ചിത്രീകരിച്ചു. പുരാണത്തോട് ഒട്ടും നീതി പുലര്‍ത്തിയില്ലെങ്കിലും, മനോഹരമായ പാട്ടുകളും തമാശകളും ചേര്‍ത്ത് ഒരു ‘സീറോ ടു ഹീറോ’ കഥയാക്കി മാറ്റി ചിത്രം ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായി മാറി.
ട്രോയ് (2004): ദൈവങ്ങളില്ലാത്ത ഇതിഹാസം
ഹോമറിന്റെ വിഖ്യാത ഇതിഹാസമായ ‘ഇലിയഡ്’നെ ആസ്പദമാക്കി വൂള്‍ഫ്ഗാങ് പീറ്റേഴ്സണ് സംവിധാനം ചെയ്ത ഭീമന് ബഡ്ജറ്റ് ചിത്രമാണ് ‘ട്രോയ്’. ബ്രാഡ് പിറ്റ്, ഒര്‍ലാന്‍ഡോ ബ്ലൂം, സീന്‍ ബീന്‍ തുടങ്ങിയ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
ഹോമറിന്റെ കാവ്യങ്ങളില്‍ ട്രോജന്‍ യുദ്ധം എന്നത് മനുഷ്യര്‍ തമ്മിലുള്ള പോരാട്ടം മാ്ര
തമല്ല, അത് ഒളിമ്പസിലെ ദൈവങ്ങള്‍ തമ്മിലുള്ള ചെസ്സ് കളി കൂടിയാണ്. അഫ്രൊഡൈറ്റി ദേവത (സൗന്ദര്യം, പ്രണയം, ആഗ്രഹം, എന്നിവയുടെ പുരാതന ഗ്രീക്ക് ദേവതയാണ് അഫ്രോഡൈറ്റ്) പാരീസിനെ യുദ്ധക്കളത്തില്‍ നിന്ന് രക്ഷിക്കുന്നതും, അപ്പോളോ ദൈവം
(ഗ്രീക്ക് പുരാണങ്ങളില്‍ സിയൂസിന് ശേഷം ഏറ്റവും പ്രാധാന്യമുളളതും, പ്രകാശത്തിന്റെയും രോഗശാന്തിയുടെയും സംഗീതത്തിന്റെയും ദേവനാണ് അപ്പോളോ) അമ്പുകളുടെ ദിശ മാറ്റുന്നതുമെല്ലാം കാവ്യത്തിലുണ്ട്. എന്നാല്‍ സിനിമയെ കൂടുതല്‍ യാഥാര്‍ത്ഥ്യത്തോട് അടുപ്പിക്കാന്‍ വേണ്ടി സംവിധായകന് ദൈവങ്ങളെയും അവരുടെ മാന്ത്രിക ശക്തിയെയും പൂര്‍ണ്ണമായും കഥയില്‍ നിന്ന് ഒഴിവാക്കി. അക്കിലിസിന്റെ (ഗ്രീക്ക് പുരാണത്തിലെ ഏറ്റവും വലിയ യോദ്ധാവും ഹോമറുടെ ഇലിയഡിലെ പ്രധാന കഥാപാത്രവുമാണ് അക്കിലിസ്. ട്രോജന്‍ യുദ്ധത്തില്‍ ഗ്രീക്ക് പക്ഷത്തുനിന്ന് പോരാടിയ അദ്ദേഹം അപാരമായ ശക്തിക്ക് ഉടമയായിരുന്നു) അമാനുഷിക ശക്തികളെ വെറും മികച്ച പോരാട്ട വീര്യമാക്കി ചുരുക്കുകയും ചെയ്തു.
വലിയ കാന്‍വാസില്‍ ഒരുക്കിയെങ്കിലും, പുരാണത്തിന്റെ അവിഭാജ്യ ഘടകമായ ‘ദൈവിക ശക്തിയെ’ ഒഴിവാക്കിയതോടെ സിനിമയെ ഒരു ദൃശ്യവിരുന്ന് എന്നതിനപ്പുറം പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കാന്‍ ‘ട്രോയ്’ക്ക് സാധിച്ചില്ല.
Christopher Nolan’s The Odyssey set to storm the box office