അകിര കുറസോവയുടെ പ്രധാന സിനിമകളില്‍ പലതിനും തിരക്കഥയൊരുക്കിയ ഷിനോബു ഹാഷിമോട്ടോ അന്തരിച്ചു. 100 വയസായിരുന്നു. ടോക്കിയോവിലാണ് അന്ത്യം. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം ഹാഷിമോട്ടോ പ്രവര്‍ത്തിച്ചിട്ടുണ്ട്. എക്കാലത്തേയും മികച്ച ലോക ക്ലാസിക് സിനിമകളിലൊന്നായ റാഷമോണിന്റെ തിരക്കഥയ്ക്ക് കുറസോവ അവലംബമാക്കിയത് ഹാഷിമോട്ടോ തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ആയിരുന്നു. റൂണോസുകെ അകുതഗാവയുടെ ഇന്‍ എ ഗ്രോവ് എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഷിനോബു ഹാഷിമോട്ടോ ഈ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ഇത് വച്ച് കുറസോവ തയ്യാറാക്കിയ അഡാപ്റ്റഡ് സ്‌ക്രിപ്റ്റ് ആണ് റാഷമോണ്‍ ആയി സാക്ഷാത്കരിക്കപ്പെട്ടത്.
1950ല്‍ പുറത്തിറങ്ങിയ റാഷമോണ്‍ 1951ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടി. ഇതോടെ ഹാഷിമോട്ടോ തന്റെ നിലവിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ചലച്ചിത്ര പ്രവര്‍ത്തനത്തിലേയ്ക്കും തിരക്കഥ രചനയിലേയ്ക്കും തിരിഞ്ഞു. എഴുത്തുകാരനും സംവിധായകനുമായ മന്‍സാകു ഇതാമിയുടെ കീഴില്‍ തിരക്കഥ രചന ഹാഷിമോട്ടോ പഠിച്ചിരുന്നു. ഇകിരു, സെവന്‍ സമുറായ്, ത്രോണ്‍ ഓഫ് ബ്ലഡ് തുടങ്ങിയ വിഖ്യാത കുറസോവ ചിത്രങ്ങളുട രചന നിര്‍വഹിച്ചത് ഹാഷിമോട്ടോയാണ്. 1970ല്‍ പുറത്തിറങ്ങിയ ഡോഡ്‌സ് കാ ഡെന്‍ ആണ് കുറസോവയ്‌ക്കൊപ്പം ചെയ്ത അവസാന സിനിമ. മസാകി കൊബയാഷി (ഹരാകിരി – 1962), കിഹാച്ചി ഒകാമോട്ടോ (ദ സ്വേര്‍ഡ് ഓഫ് ഡൂം – 1966) തുടങ്ങിയ മറ്റ് ജാപ്പനീസ് സംവിധായകര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.

തോഷിറോ മിഫ്യൂണ്‍ – സെവന്‍ സമുറായ് (1954)
1958ല്‍ കെആര്‍ടി ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന് വേണ്ടി ഹാഷിമോട്ടോ തിരക്കഥയെഴുതിയ I want to be a selfish വലിയ ജനപ്രീതിയും നിരരൂപക പ്രശംസയും പിടിച്ചുപറ്റിയിരുന്നു. 1959ല്‍ ഇത് സിനിമയാക്കിക്കൊണ്ട് ഹാഷിമോട്ടോ സംവിധാന രംഗത്തേയ്ക്ക് വന്നു. 1973ല്‍ ഹാഷിമോട്ടോ പ്രൊഡക്ഷന്‍ എന്ന പേരില്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങി. 1974ല്‍ ദ മിസ്റ്ററി – ദ കാസില്‍ 9ഓഫ് സാന്റ് എന്ന സിനിമയാണ് ഹാഷിമോട്ടോ പ്രൊഡക്ഷന്‍ ആദ്യമായി നിര്‍മ്മിച്ചത്. ജപ്പാനില്‍ ഈ സിനിമ വന്‍ വാണിജ്യവിജയം നേടി. 1977ല്‍ പുറത്തിറങ്ങിയ Village of Eight Gravestones എന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയും വലിയ ബോക്‌സ് ഓഫീസ് വിജയമായി. 2006ല്‍ കുറസോവയോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവച്ച് “Compound Cinematics: Akira Kurosawa and I,” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 2008ല്‍ I want to be a selfishന്റെ പുനരാഖ്യാനവും പ്രസിദ്ധീകരിച്ചു.
(*ആദ്യ ഫോട്ടോ – ഷിനോബു ഹാഷിമോട്ടോ അകിര കുറസോവയ്ക്കൊപ്പം)