UPDATES

സിനിമ

തങ്ങളാണ് എല്ലാം എന്ന ബോളിവുഡിന്റെ ഗര്‍വ് തകര്‍ത്ത് പ്രാദേശിക സിനിമകള്‍

65 ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങളിലൂടെ ജൂറി വ്യക്തമാക്കിയത് ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് അല്ല എന്നാണ്

                       

65 ആമത് ദേശീയ ചചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മുന്‍കാലങ്ങളേക്കാള്‍ പ്രസക്തി അവകാശപ്പെടാം, കാരണം ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡ് സിനിമകള്‍ ആണെന്ന, ഇക്കാലമത്രയും നിലനിന്നിരുന്ന ധാരണകളെ നിരാകരിക്കുന്ന പുരസ്‌കാര പ്രഖ്യാപനങ്ങളായിരുന്നു ഇത്തവണത്തേത്. ഈ സവിശേഷ സാഹചര്യത്തില്‍ മലയാള സിനിമയ്ക്ക് പ്രത്യേകം അഭിമാനക്കാനുമുണ്ട്.

മികച്ച നടിക്കുള്ള പുരസ്‌കാരം ഒഴിച്ചു നിര്‍ത്തിയാല്‍ ഇത്തവണത്തെ പുരസ്‌കാര നിര്‍ണയ ജൂറി ‘അര്‍ഹതയ്ക്ക് അംഗീകരം’ നല്‍കി, തങ്ങളുടെ പിന്‍ഗാമികളെ ലജ്ജിപ്പിക്കുകയായിരുന്നു. ജൂറിയില്‍ എടുത്ത് പറയേണ്ട പേരും അഭിനന്ദിക്കേണ്ടതും ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിനെയാണ്. മിസ്റ്റര്‍ ഇന്ത്യയും ബാന്‍ഡിറ്റ് ക്യൂനും ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ ശേഖര്‍ കപൂര്‍, എലിസബത്ത്, എലിസബത്ത്; ദ ഗോള്‍ഡന്‍ ഏയ്ജ് എന്നീ രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍കൊണ്ട് ലോകത്തിന്റെ മുന്നിലും സ്ഥാനം നേടിയ ഇന്ത്യന്‍ സംവിധായകന്‍. അതേ ശേഖര്‍ കപൂറിന്റെ വാക്കുകളില്‍ നിന്നുതന്നെയാണ് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനങ്ങളിലെ പൊളിച്ചെഴുത്തുകള്‍ മനസിലാകുന്നത്.

പ്രാദേശികഭാഷ സിനിമകളോട് ഇത്രയും നീതിപുലര്‍ത്തിയ, അവയുടെ പ്രകടനങ്ങളെ, കഴിവുകളെ എടുത്ത് പറഞ്ഞു പ്രശംസിച്ച ഒരു ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ട തൊണ്ടിമുതലും ദൃക്‌സാക്ഷിയേയും കുറിച്ചും, ഫഹദ് ഫാസില്‍ എന്ന നടന്റെ അഭിനയത്തേക്കുറിച്ചും ശേഖര്‍ വാചലനായപ്പോള്‍, ഒരു മലയാള സിനിമയെക്കുറിച്ചും മലയാള നടനെക്കുറിച്ചും നല്ല വാക്കുകള്‍ പറഞ്ഞുകേട്ടതിലുള്ള സന്തോഷമല്ല, ഇന്ത്യയില്‍ മികച്ച സിനിമകളും മികച്ച അഭിനേതാക്കളും ബോളിവുഡില്‍ മാത്രമല്ല, ആ സിനിമാലോകത്തേക്കാള്‍ എത്രയോ ചെറുതായ മലയാളത്തിലും ഉണ്ടെന്ന് ആരോടെല്ലാമോ പറഞ്ഞു കൊടുക്കുകയായിരുന്നു ജൂറി എന്നു തിരിച്ചറിഞ്ഞുലുള്ള ചാരിതാര്‍ത്ഥ്യമാണ് തോന്നുന്നത്.

"</p

പണക്കൊഴുപ്പും ആഢംബരവും നിറഞ്ഞ ബോളിവുഡ് എന്നും ലോകത്തിനു മുന്നില്‍ തങ്ങളാണ് ഇന്ത്യന്‍ സിനിമയുടെ മുഖം എന്നു പറയാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. അവര്‍ക്കതില്‍ വലിയ തോതില്‍ തന്നെ വിജിക്കാനും കഴിഞ്ഞിട്ടുണ്ട്. അവരുടെ താരങ്ങളെയാണ് ലോകം അംഗീകരിച്ചതും ഒപ്പം നിര്‍ത്തിയതും(പ്രാദേശികഭാഷകളില്‍ നിന്നുള്ള വിരലില്‍ എണ്ണാവുന്ന ചിലരെയൊഴിച്ച്). പക്ഷേ, ആ അംഗീകാരങ്ങളും ചേര്‍ത്തുനിര്‍ത്തലുകളും എന്തിന്റെ മാനദണ്ഡത്തിലായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം വിശദീകരിക്കേണ്ടതില്ല.

ബോളിവുഡിന്റെ ആ ഗര്‍വിനാണ് ശേഖര്‍ കപൂര്‍ നേതൃത്വം നല്‍കിയ ജൂറി മുന്നറിയിപ്പ് നല്‍കിയത്. ബോളിവുഡ് മാറണം എന്നു തന്നെ പറഞ്ഞിരിക്കുന്നു ശേഖര്‍ കപൂര്‍. മുഖ്യധാര സിനിമയും പ്രാദേശിക സിനിമയും തമ്മിലുള്ള വിടവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശേഖര്‍ കപൂര്‍, അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ക്കു ശേഷം നടന്ന ആ ചോദ്യോത്തരവേളയില്‍ നല്‍കിയ മറുപടി; ‘ഹിന്ദി സിനിമ ഇപ്പോള്‍ പ്രാദേശിക സിനിമയായി മാറിയിരിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്’ എന്നായിരുന്നു. പ്രകടനത്തിലെ നിലവാരം കൊണ്ട് പ്രാദേശിക സിനിമകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ജൂറി ചെയര്‍മാന്‍ പറയുന്നത്. ഹിന്ദി സിനിമകള്‍ക്ക് അവയോട് മത്സരിക്കാന്‍ പോലും കഴിയില്ല. ആ ഒരു അവസ്ഥയിലല്ല അതിപ്പോള്‍ എന്നു കൂടി പറഞ്ഞുവയ്ക്കുന്നുണ്ട് ശേഖര്‍ കപൂര്‍.

ശേഖര്‍ കപൂര്‍ പറഞ്ഞതുപോലെ തന്നെ, തങ്ങളാണ് എല്ലാം എന്നു കാണിക്കാന്‍ കഠിനമായി ശ്രമിക്കാറുണ്ട് ബോളിവുഡ് എപ്പോഴും. പ്രാദേശിക സിനിമകളെ, അവ നില്‍ക്കുന്ന അതേ സ്ഥാനത്ത് തന്നെ നിര്‍ത്താനും. പക്ഷേ, തൊണ്ടുമുതല്‍ പോലൊരു സിനിമയെടുത്ത് മുന്നില്‍വച്ചുകൊണ്ട് എന്തൊരു ബ്രില്യന്റ് സിനിമയാണിതെന്ന് അത്ഭുതം കൂറിക്കൊണ്ട് ജൂറി, വേര്‍തിരിവിന്റെ മതിലുകള്‍ പൊളിച്ചെറിയുകയായിരുന്നു. ഖാന്‍മാരോ, കപൂര്‍മാരോ അല്ല, അവരേക്കാള്‍ എത്രയോ മേലെ നില്‍ക്കുന്ന നടന്മാര്‍ ഇന്ത്യന്‍ സിനിമയിലുണ്ടെന്നു ഫഹദ് ഫാസിലിന്റെ പ്രകടനത്തില്‍ വിസ്മയം പൂണ്ടുകൊണ്ടും ജൂറി മനസിലാക്കി കൊടുക്കുന്നു.

"</p

ബാന്‍ഡിറ്റ് ക്യൂന്‍ എന്ന ചിത്രത്തിനുശേഷം ബോളിവുഡിനെ ഉപേക്ഷിച്ച് പോയ സംവിധായകനാണ് ശേഖര്‍ കപൂര്‍. ബാന്‍ഡിറ്റ് ക്യൂന്‍ ആയിരുന്നു ഇവിടെ എന്റെ അവസാന സിനിമ. കാരണം ഉണ്ടായിട്ടാണ് ഞാന്‍ ഇന്ത്യയില്‍ സിനിമ പിന്നെ എടുക്കാതിരുന്നത്. നല്ല സിനിമകള്‍ ഉണ്ടാക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ അത് നടക്കില്ലെന്ന് എനിക്ക് ബോധ്യമായത് വര്‍ഷങ്ങളോളം ഇവിടുത്തെ സിനിമകള്‍ കണ്ടിട്ടു തന്നെയാണ്. ഹിന്ദി സിനിമകളുടെ നിലവാരം തീരെ മോശമാണ്. ഞനെന്തിനാണ് പിന്നെ ഇങ്ങോട്ട് തിരിച്ചു വരുന്നതെന്ന് ആലോചിച്ചു. പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടു പോവുകയാണ് വേണ്ടത്. പക്ഷേ, എന്റെ ഈ ധാരണകളെല്ലാം മാറുന്നത് പത്തുദിവസങ്ങള്‍ കൊണ്ടാണ്. പുരസ്‌കാരപ്രഖ്യാപനത്തിനു വേണ്ടി ആ ദിവസങ്ങളില്‍ കണ്ട സിനിമകള്‍… അതു കഴിഞ്ഞ് എന്റെ ജൂറി അംഗങ്ങളോട് ഞാന്‍ പറഞ്ഞു; ഇന്ത്യയില്‍ സിനിമ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ശേഖര്‍ കപൂറിനെപോലെ അന്താരാഷ്ട്ര പ്രശസ്തനായൊരു സംവിധായകനെ ഇന്ത്യന്‍ സിനിമയിലേക്ക് മടക്കി കൊണ്ടുവരാന്‍ നമ്മുടെ സിനിമകള്‍ കാരണമായെങ്കില്‍, 65 ആമത് ദേശീയ ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാള സിനിമ തല ഉയര്‍ത്തി തന്നെ നില്‍ക്കുകയാണ്; അഭിമാനിക്കാനും ആഹ്ലാദിക്കാനും നമുക്കേറയുണ്ടതില്‍.

Share on

മറ്റുവാര്‍ത്തകള്‍