June 04, 2026 |
Share on

അധികാരത്തിനായുള്ള ആഭ്യന്തര യുദ്ധവും വംശഹത്യ ചെയ്യപ്പെടുന്ന സാധാരണക്കാരും; എന്താണ് സുഡാനിൽ സംഭവിക്കുന്നത്?

തങ്ങൾ എന്തിനാണ് കൊല്ലപ്പെടുന്നതെന്നും പട്ടിണികിടക്കുന്നതെന്നും അറിയാതെ കഴിയുകയാണ് സുഡാനിലെ സാധാരണ ജനങ്ങൾ

സുഡാനിലെ ക്രൂരമായ ആഭ്യന്തര യുദ്ധത്തിൽ പുതിയൊരു അധ്യായമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 18 മാസം നീണ്ടുനിന്ന ഉപരോധത്തിന് ശേഷം പാരാമിലിട്ടറി സേനയായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസ് (RSF) ദർഫൂർ പ്രവിശ്യയിലെ എൽ ഫാഷർ നഗരത്തെ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്തതോടെ ഒരു കൂട്ടം നിരപരാധികളാണ് സുഡാനിൽ മരിച്ച് വീണത്. തങ്ങൾ എന്തിനാണ് കൊല്ലപ്പെടുന്നതെന്നും പട്ടിണികിടക്കുന്നതെന്നും അറിയാതെ കഴിയുകയാണ് സുഡാനിലെ സാധാരണ ജനങ്ങൾ.

എന്താണ് എൽ ഫാഷറിൽ സംഭവിച്ചത്?

12 ലക്ഷത്തോളം സുഡാനികൾ താമസിക്കുന്ന എൽ ഫാഷർ നഗരത്തെ 18 മാസമായി ഉപരോധിച്ചു വരികയാണ് വിമത സായുധ സേനയായ ആർ‌.എസ്‌.എഫ്. കഴിഞ്ഞാഴ്ച സുഡാനിലെ ശക്തമായ പാരാമിലിട്ടറി ഗ്രൂപ്പായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF), എൽ ഫാഷെർ നഗരം പിടിച്ചെടുത്തു. സുഡാനീസ് സൈന്യം (SAF) തങ്ങളുടെ അവസാനത്തെ ശക്തികേന്ദ്രമായ ഇവിടെ നിന്നും പിൻവാങ്ങിയതോടെയാണ് ആർഎസ്എഫിന് പൂർണ്ണ നിയന്ത്രണം ലഭിച്ചത്. എൽ ഫാഷെർ നഷ്ടപ്പെട്ടതോടെ ദാർഫൂറിലെ എല്ലാ പ്രധാന നഗര കേന്ദ്രങ്ങളുടെയും നിയന്ത്രണം ആർഎസ്എഫിന് ലഭിച്ചു.

നഗരം ആർഎസ്എഫ് പിടിച്ചെടുത്തതിന് ശേഷം, സാധാരണക്കാർക്കെതിരെ വൻതോതിലുള്ളതും ഭീകരവുമായ അതിക്രമങ്ങൾ അരങ്ങേറുകയായിരുന്നു. വംശീയ ഉന്മൂലനമെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടക്കൊലകളാണ് ആർഎസ്എഫ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നൂറുകണക്കിന് സാധാരണക്കാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

56 കിലോമീറ്റർ ദൂരപരിധിയിൽ തടസ്സങ്ങൾ തീർത്ത് ഭക്ഷണത്തിന്റെയും മരുന്നിന്റെയും പ്രവേശനം തടയുകയും രക്ഷപ്പെടാനുള്ള വഴികൾ അടക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ 26,000ത്തിലധികം ആളുകളാണ് എൽ ഫാഷറിൽ നിന്ന് പലായനം ചെയ്തത്. അവരിൽ ഭൂരിഭാഗവും കാൽനടയായി 70 കിലോമീറ്റർ പടിഞ്ഞാറുള്ള തവിലയിലേക്കാണ് പോയത്. തവിലയാവട്ടെ അഭയാർഥികളെ താങ്ങാനാവാതെ നിറഞ്ഞുകവിയുകയാണ്. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കു പ്രകാരം 17,7000 സിവിലിയന്മാർ നിലവിൽ എൽ ഫാഷറിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

Also read; ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി

ആരാണ് ആർഎസ്എഫ്?

സുഡാനിലെ ഒരു അർധസൈനിക സേനയാണ് ആർഎസ്എഫ്. 2013 ലാണ് ആർഎസ്എഫ് രൂപീകരിക്കുന്നത്. ദർഫൂർ പ്രവിശ്യയിലെ കലാപങ്ങളെ നേരിടാനായി സുഡാൻ സർക്കാരാണ് ആർഎസ്എഫിന് രൂപം കൊടുത്തത്. ജാൻജാവീദ് എന്ന് അറിയപ്പെട്ടിരുന്ന മിലീഷ്യകളിൽ നിന്നാണ് ആർഎസ്എഫ് പ്രധാനമായും രൂപപ്പെട്ടത്. 2000-കളിൽ നടന്ന കൊലപാതകങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ജാൻജാവീദുകൾ ഉത്തരവാദികളാണെന്ന ആരോപണങ്ങൾ ഉണ്ടായിരുന്നു.

ആർഎസ്എഫിന്റെ കമാൻഡർ ജനറൽ മുഹമ്മദ് ഹംദാൻ ദഗലോ പൊതുവേ “ഹെമദ്തി” (Hemedti) എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യം സർക്കാർ അനുകൂലമായി പ്രവർത്തിച്ചിരുന്നെങ്കിലും, പിന്നീട് സുഡാൻ സായുധസേനയുമായുള്ള അധികാരപോരാട്ടത്തിലേക്ക് ആർഎസ്എഫ് നീങ്ങി. ഇവർക്ക് വൻ ആയുധശക്തിയും സാമ്പത്തിക വിഭവങ്ങളുമുണ്ട്. കൂടാതെ, സ്വർണ്ണ ഖനന മേഖലകളിലും വാണിജ്യ ഇടപാടുകളിലും വലിയ സ്വാധീനവുമുണ്ട്. 2023 ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ ആർഎസ്എഫ് സുഡാൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുകയാണ്. ഇപ്പോൾ ദർഫൂരിലെ പ്രധാന നഗരങ്ങളിലെല്ലാം ഇവർക്ക് നിയന്ത്രണമുണ്ട്.

സുഡാനിലെ സംഘർഷം ആരംഭിച്ചതെങ്ങനെ?

ആര് രാജ്യത്തെ നയിക്കും എന്നതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ സംഘർഷം വളർന്നു. ഇത് 2023 ഏപ്രിൽ 15 ന് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാൻ കാരണമായി. സംഘർഷത്തിൽ ഇരുവിഭാഗവും അതിക്രമങ്ങൾ നടത്തിയതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. എന്നാൽ, ആർ‌.എസ്‌.എഫ് പിടിച്ചെടുക്കുന്ന ഏത് സ്ഥലത്തും കൂടുതൽ കൂട്ടക്കൊലകൾ നടക്കാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു.

ആർഎസ്എഫും സേനയും അതിനോടൊപ്പം പ്രവർത്തിക്കുന്ന അറബ് മിലീഷ്യകളും ചേർന്ന്, ദർഫൂറിനെ അറബ് നിയന്ത്രിത മേഖലയായി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്നാണ് ദർഫൂർ സ്വദേശികൾ വിശ്വസിക്കുന്നത്. യു.എന്നിൻ്റെ അന്വേഷണത്തിൽ ആർഎസ്എഫും സുഡാൻ സായുധസേനയും യുദ്ധക്കുറ്റങ്ങൾ നടത്തിയതായി കണ്ടെത്തി. അമേരിക്ക, 2025 ജനുവരിയിൽ, ആർഎസ്എഫും അതിനോടൊപ്പം പ്രവർത്തിച്ച മിലീഷ്യകളും വംശഹത്യ നടത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Content Summary: Civil war for power and civilians being massacred ; what is happening in Sudan?

Leave a Reply

Your email address will not be published. Required fields are marked *

×