2025 ലെ വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വഖഫ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥന്‍, പി.വി. സഞ്ജയ് കുമാര്‍ എന്നിവരാണ് മറ്റ് ജഡ്ജിമാര്‍.
പുതിയ ഭേദഗതികളുടെ സാധുത ചോദ്യം ചെയ്ത് 65 ഓളം ഹര്‍ജികളാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എംപി അസദുദ്ദീന്‍ ഒവൈസി, ടിഎംസി എംപി മഹുവ മൊയ്ത്ര, ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, സമാജ്വാദി പാര്‍ട്ടി എംപി സിയ ഉര്‍ റഹ്‌മാന്‍, കോണ്‍ഗ്രസ് എംപിമാരായ ഇമ്രാന്‍ മസൂദ്, മുഹമ്മദ് ജാവേദ്, മുന്‍ എംപി ഉദിത് രാജ്, മൗലാന മഹമൂദ് അസദ് മദനി (ദാറുല്‍ ഉലൂം ദേവ്ബന്ദ് പ്രിന്‍സിപ്പല്‍), യുവജന തൊഴിലാളി കോണ്‍ഗ്രസ് പാര്‍ട്ടി(വൈഎസ്ആര്‍സിപി) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവരാണ് പ്രധാനമായും കക്ഷി ചേര്‍ന്നിരിക്കുന്നത്.
വഖഫ്- സ്ഥാപനം, മാനേജ്‌മെന്റ്, ഭരണം- ഇസ്ലാം ആചാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതിനാല്‍ ഭരണഘടനാപരമായ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നുമാണ് ഹര്‍ജികളിലെ പ്രധാന വാദം. ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം); ആര്‍ട്ടിക്കിള്‍ 15 (മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം); ആര്‍ട്ടിക്കിള്‍ 21 (ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം); 25 (മതസ്വാതന്ത്ര്യം); ആര്‍ട്ടിക്കിള്‍ 26 (മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം); ആര്‍ട്ടിക്കിള്‍ 29 (ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍); ആര്‍ട്ടിക്കിള്‍ 300 എ (സ്വത്തവകാശം) എന്നിവ നിയമം ലംഘിക്കുന്നുവെന്നാണ് ഹര്‍ജിയിലെ മറ്റൊരു പ്രധാന ആരോപണം.
ബില്ല് മുനമ്പത്തുകാർക്ക് ഗുണകരമാകില്ല; ബിജെപി നേതാക്കൾ പറഞ്ഞ് പറ്റിച്ചതായി സമരക്കാർ
പ്രധാന ഹര്‍ജിക്കാരനായ ഒവൈസിക്ക് വേണ്ടി അഭിഭാഷകന്‍ നിസാം പാഷയാണ് ഹാജരാകുന്നത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്വി, രാജീവ് ധവാന്‍, ഷോബ് ആലം എന്നിവരും നിയമത്തിനെതിരായി ഇന്ന് സുപ്രിം കോടതിയില്‍ വാദങ്ങള്‍ ഉയര്‍ത്തും.
അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന,മഹാരാഷ്ട്ര, മധ്യപ്രദേശ്,അസം, രാജസ്താന്‍, ഛത്തീസ്ഗഢ് എന്നീ ആറ് സംസ്ഥാനങ്ങള്‍ നിയമത്തിന്റെ ഭരണഘടന സാധുതയെ അനുകൂലിച്ച് സുപ്രിം കോടതിയില്‍ സത്യവാങ്മൂലങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം വ്യത്യസ്തമായ സമീപനങ്ങളാണ് നിയമത്തിന്റെ കാര്യത്തില്‍ മധ്യപ്രദേശും അസമും സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
വഖഫ് സ്വത്തുക്കളുടെ ഭരണത്തിലും നിയന്ത്രണത്തിലും ഈ നിയമം കാര്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നാണ് മധ്യപ്രദേശ് വിശ്വസിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വഖഫ് ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിനായി ‘നിയമപരമായി മികച്ചതും സാങ്കേതികമായി നയിക്കപ്പെടുന്നതും കാര്യക്ഷമവുമായ ഒരു ചട്ടക്കൂട്’ സൃഷ്ടിക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം എന്നും സംസ്ഥാനം പറയുന്നു. കൂടാതെ, ഗുണഭോക്താക്കളുടെ സുതാര്യത, ഉത്തരവാദിത്തം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ നിയമ ചട്ടക്കൂട് സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മധ്യപ്രദേശ് പറയുന്നു.
ഷെഡ്യൂള്‍ഡ് അല്ലെങ്കില്‍ ഗോത്രവര്‍ഗ മേഖലകളിലെ (അഞ്ചാം അല്ലെങ്കില്‍ ആറാം ഷെഡ്യൂള്‍) ഏതെങ്കിലും ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നത് നിരോധിക്കുന്ന, നിയമ ഭേദഗതിയിലെ സെക്ഷന്‍ 3ഇ യുടെ ആഘാതത്തെക്കുറിച്ചാണ് അസമിന്റെ സത്യവാങ്മൂലത്തിലെ പ്രധാന ആശങ്ക. 35 ജില്ലകളില്‍ 8 എണ്ണം ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ വരുന്നതിനാല്‍, ഫലത്തില്‍ നിയമത്തിന്റെ നടപ്പാക്കല്‍ സംസ്ഥാനത്ത് നിര്‍ണായകമാണ്. കോടതിയുടെ തീരുമാനം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെയും ഗോത്രവര്‍ഗ മേഖലകളെ സംബന്ധിച്ച നിയമങ്ങളെയും നേരിട്ട് ബാധിക്കുമെന്നാണ് അസമിന്റെ ഹര്‍ജിയില്‍ പറയുന്നത്.
2025 ലെ വഖഫ് (ഭേദഗതി) നിയമത്തിലെ ‘ഉപയോഗപ്രകാരമുള്ള വഖഫ്’ എന്ന ആശയം നിലനിര്‍ത്തുന്നതിനെ ചോദ്യം ചെയ്ത് അഭിഭാഷകരായ ഹരിശങ്കര്‍ ജെയിന്‍, മണി മുന്‍ജല്‍ എന്നിവര്‍ പ്രത്യേക ഹര്‍ജിയും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. (ഉപയോഗ പ്രകാരമുള്ള വഖ്ഫ്’ എന്നാല്‍ ഒരു വസ്തു ഒരു നിശ്ചിത കാലയളവില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്).ഔപചാരിക രേഖകള്‍ ഇല്ലാതെ പോലും, ഒരു നിശ്ചിത കാലയളവില്‍ മതപരമോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി സ്വത്ത് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് വഖഫ് ആയി കണക്കാക്കാന്‍ ഈ ആശയം നിയമത്തില്‍ അനുവദിക്കുന്നുണ്ട്. ഇങ്ങനെയൊരു വ്യവസ്ഥ നിലനിര്‍ത്തിയാല്‍ അതുമൂലം മുസ്ലിങ്ങളല്ലാത്തവരുടെ സ്വത്തുക്കളുടെ കൈയേറ്റ സാധ്യത കൂടുമെന്നും, അതിനെതിരേ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് നിയമപരമായ പ്രതിസന്ധിയുണ്ടാകുമെന്നും, ഈ വ്യവസ്ഥ പ്രകാരം വഖഫായി കണക്കാക്കപ്പെടുന്ന സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിലോ അവയ്‌ക്കെതിരേ കേസുകള്‍ നല്‍കുന്നതിലോ മുസ്ലീങ്ങളല്ലാത്തവര്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നതിനാലും ഉപയോഗ പ്രകാരമുള്ള വഖ്ഫ് എന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. A bench headed by the Chief Justice of the Supreme Court will hear the petitions challenging the amendment to the Waqf Act today
Content Summary; A bench headed by the Chief Justice of the Supreme Court will hear the petitions challenging the amendment to the Waqf Act today