UPDATES

കേരളം

‘ചെകുത്താന്റെ കയ്യില്‍ നിന്നാണെങ്കിലും സഹായം സ്വീകരിക്കും’; സി കെ ജാനു നിലപാട് വ്യക്തമാക്കുന്നു

ലോകം മുഴുവനുമുള്ള അംഗീകാരം ഗോത്ര മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. പത്തിരുപത്തഞ്ച് വര്‍ഷമായി ഇത് തുടരുന്നു. ഈ മാന്യത കൂടെയുണ്ടെങ്കിലും ആദിവാസികളുടെ ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടാകുന്നില്ല

                       

അഴിമുഖം പ്രതിനിധി

ആദിവാസി ഗോത്ര മഹാസഭ ദേശീയ ജനാധിപത്യ സഖ്യത്തില്‍ അംഗമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുന്നു. ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനുവിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബി ജെ പി യുടെയും ബി ഡി ജെ സിന്റെയും ശ്രമമാണ് വിജയത്തിലെത്തുന്നത്. മത്സരം സംബന്ധിച്ച അന്തിമ തീരുമാനം വന്നില്ലെങ്കിലും ഗോത്ര മഹാസഭ എന്‍ ഡി എ യുടെ ഭാഗമാവും എന്നാണ് കരുതപ്പെടുന്നത്. ബി ജെ പി നേതാക്കളുമായി അന്തിമഘട്ട ചര്‍ച്ച നടക്കുകയാണിപ്പോള്‍.

‘ലോകം മുഴുവനുമുള്ള അംഗീകാരം ഗോത്ര മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. പത്തിരുപത്തഞ്ച് വര്‍ഷമായി ഇത് തുടരുന്നു. ഈ മാന്യത കൂടെയുണ്ടെങ്കിലും ആദിവാസികളുടെ ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടാകുന്നില്ല. അവരുടെ ജീവിതം പഴയതിനേക്കാള്‍ കഷ്ടമാണ്. അധികാരമില്ലാതെ അവരുടെ ജീവിതത്തെ സ്പര്‍ശിക്കാനാവില്ല. അവര്‍ക്ക് എന്തെങ്കിലും നല്‍കണമെങ്കില്‍ അധികാരം വേണം. മാറിനിന്നിട്ടു കാര്യമില്ല. എല്ലാം കുഴപ്പമെന്ന് പറഞ്ഞ് മാറി നിന്നിട്ട്  എന്താ പ്രയോജനം?’ സി.കെ ജാനു ചോദിക്കുന്നു.

‘നാല്‍പത് വയസ്സ് വരെയാണ് പണിയരുടെ ആയുസ്സെന്നാണ് ഇപ്പോള്‍ പറയുന്നത്. അവരുടെ ചെറിയ ജീവിതകാലത്ത് എന്തെങ്കിലും ആശ്വാസം നല്‍കണ്ടേ? സമരം ചെയ്താല്‍ മാത്രമേ ഇപ്പോള്‍ ആദിവാസികളോട് അധികാരികള്‍ മിണ്ടൂ. ഇടത് വലത് മുന്നണികള്‍ ആദിവാസികളെ പരിഗണിച്ചിട്ടേ ഇല്ല. ഓരോരുത്തരുടെയും പാര്‍ട്ടിയില്‍ ചേര്‍ന്ന് അവരുടെ ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് രാഷ്ട്രീയക്കാരുടെ ആവശ്യം. ആദിവാസികളെ അവര്‍ക്ക് വേണ്ട. ആദിവാസികളുടെ കൂട്ടായ്മയെ അവര്‍ കാണുന്നില്ല. ഒരു മുന്നണിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഒരിക്കല്‍ പോലും മുന്നണികള്‍ ആദിവാസി ഗോത്ര മഹാസഭയെ അവരുടെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. സ്വാതന്ത്ര്യം കിട്ടിയിട്ട്  70 വര്‍ഷമാകുന്നു. ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആദിവാസികളുടെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി 2001ല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍  കുടില്‍ കെട്ടി സമരം നടത്തി. ഒത്തുതീര്‍പ്പില്‍ അംഗീകരിക്കപ്പെട്ട വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരം ചെയ്യേണ്ടി വന്നു. മുത്തങ്ങ സമരത്തിനു ശേഷം നില്‍പ്പ് സമരം വന്നു. ഈ സംരംഭം അവസാനിപ്പിച്ച് തയ്യാറാക്കിയ വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാളെ വീണ്ടും സമരം ചെയ്യേണ്ടി വരും. രണ്ട് മുന്നണികളും ഇക്കാര്യത്തില്‍ ഒരുപോലെയാണ്’, സി.കെ ജാനു പറഞ്ഞു.

‘ഗോത്ര മഹാസഭയിലെ അംഗങ്ങളെല്ലാം മത്സരത്തിനിറങ്ങണമെന്ന അഭിപ്രായക്കാരാണ്. അധികാരത്തിന്റെ ഭാഗമാകണമെന്ന് അവര്‍ക്കുണ്ട്. ഒരാള്‍പോലും എതിര്‍ത്തിട്ടില്ല. എന്‍ ഡി എ യുടെ ഭാഗമാകാന്‍ തീരുമാനിക്കുന്നതോടെ ഇതുവരെ കൂടെയുണ്ടായിരുന്ന ചിലര്‍ പിരിഞ്ഞുപോവാന്‍ ഇടയുണ്ട്. അവരുടെ പ്രീതി നിലനിര്‍ത്തി അങ്ങനെ കഴിഞ്ഞാല്‍ പോരെന്നാണ് അവിടെ ഉയര്‍ന്ന് അഭിപ്രായം. സ്ഥാനാര്‍ത്ഥിയാവുന്നതോടെ വളഞ്ഞിട്ട് അക്രമിക്കുമെന്ന് ഉറപ്പാണ്. ഇതുവരെ പിന്തുണച്ചവരില്‍ ചിലരും ഇക്കൂട്ടത്തില്‍ ഉണ്ടാകും. ഇതൊന്നും തീരുമാനമെടുക്കാന്‍ തടസ്സമാവില്ല. ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് ബത്തേരിയില്‍ മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ബി ജെ പി നേതാക്കളും വന്നു. പെട്ടെന്നുള്ള തീരുമാനമല്ലിത്. നിരന്തരം കൂടിയാലോചനകള്‍ നടന്നു. ഇപ്പോഴും തുടരുന്നു’. ജാനു വെളിപ്പെടുത്തി.

‘തിന്നാന്‍ വരുന്ന ചെകുത്താന്റെ കയ്യില്‍ നിന്നാണ് സഹായം കിട്ടുന്നതെങ്കില്‍ ആദ്യം അത് വാങ്ങണമെന്നാണ് എന്റെ പക്ഷം. വാങ്ങി ഉപയോഗിച്ച്  പിന്നെ അവര്‍ തിന്നുന്നെങ്കില്‍ തിന്നട്ടെ എന്ന് രണ്ടാമതാലോചിക്കാം. ഇടപെടുക എന്നതാണ് പ്രധാനം. ബാക്കിയെല്ലാം പിന്നീടാണ്.’ സുല്‍ത്താന്‍ ബത്തേരിയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി ജാനു അഴിമുഖത്തോട് പറഞ്ഞു.

ഗോത്രമഹാസഭയില്‍  ഉരുള്‍പ്പൊട്ടലുണ്ടാക്കുന്ന തീരുമാനമാണ് ജാനുവിന്റേത്. മഹാസഭ നേതാവായ  എം ഗീതാനന്ദന്‍ മത്സരനീക്കത്തിനെതിരെ പരസ്യ നിലപാടെടുത്തിട്ടുണ്ട്.  ‘ഗോത്രമഹാസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അവരുടെ വ്യക്തിപരമായ തീരുമാനമാണിത്. ഗോത്രമഹാസഭ കൂടി ഉള്‍പ്പെട്ടിട്ടുള്ള  ഊരുവികസന മുന്നണി ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ല. രാഷ്ട്രീയ തീരുമാനമല്ലിത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സംഘടനയില്‍ ചര്‍ച്ചയ്ക്ക് അവര്‍ തയ്യാറായിട്ടില്ല. വലിയ എതിര്‍പ്പുണ്ടാക്കുന്ന നീക്കമാണ് അവരുടേത്. വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്കപ്പുറത്ത് ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമില്ല. മത്സരരംഗത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ പരസ്യമായി രംഗത്ത് വരും’ , ഗീതാനന്ദന്‍ അഴിമുഖത്തോട് പറഞ്ഞു.

സി കെ ജാനുവിനെ മത്സരിപ്പിക്കുന്നതിലൂടെ സുല്‍ത്താന്‍ ബത്തേരിയില്‍ ജയിക്കാനാവുമെന്നാണ് ബി.ജെ.പി യുടെ പ്രതീക്ഷ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 30,000 ത്തിലധികം വോട്ടുകള്‍ ബി ജെ പിക്ക് ലഭിച്ചിട്ടുണ്ട്. ജാനുവിന്റെ പോപ്പുലാരിറ്റിയിലൂടെ ലഭിക്കുന്ന വോട്ടുകള്‍ കൂട്ടി ചേര്‍ത്താല്‍ ജയം ഉറപ്പാണെന്ന് അവര്‍ കരുതുന്നു. ബി ഡി ജെ സിന് ഇവിടെ 15000 വോട്ടുകള്‍ ഉണ്ടെന്നാണ് അവകാശവാദം.

മുത്തങ്ങ സമരത്തിലൂടെ ജാനുവിന് ലഭിച്ച പ്രാധാന്യം തെരഞ്ഞെടുപ്പില്‍ ഫലമുണ്ടാക്കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അജ്വ. സജി ശങ്കര്‍ പറഞ്ഞു. ‘ജാനുവിനെ മത്സരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അവരുടെ തീരുമാനം മാത്രമേ ഇനി വരാനുള്ളൂ.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on

മറ്റുവാര്‍ത്തകള്‍