UPDATES

കാലാവസ്ഥ വ്യതിയാനം കീശ വെളുപ്പിക്കും: തീ വിലയില്‍ പച്ചക്കറി മുതല്‍ ഇറച്ചി വരെ

കാര്‍ഷിക കലണ്ടര്‍ അനുസരിച്ചുള്ള കൃഷിരീതികള്‍ സാധിക്കുന്നില്ല

                       

കനത്ത ചൂടിന് പിന്നാലെ അതിതീവ്ര മഴയും ഉണ്ടാക്കിയ കെടുതുകളില്‍ ബുദ്ധിമുട്ടുകയാണ് മലയാളി. ഇതിനൊപ്പം ഭക്ഷ്യ വിലകയറ്റം കൂടി വന്നതോടെ നട്ടം തിരിയുകയാണ് സാധാരണക്കാര്‍. കുറച്ച് ദിവസം മുന്‍പ് വരെ 160 രൂപയായിരുന്ന വെളുത്തുള്ളി വില ഇന്നലെ 360 രൂപയിലെത്തി. അതും ചില്ലറ വില്‍പ്പന വ്യാപാരത്തില്‍. തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു വെളുത്തുള്ളി എത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കോയമ്പത്തൂര്‍ എംജിആര്‍ മാര്‍ക്കറ്റില്‍ പ്രതിദിനം 10 ലോഡ് വരെ വെളുത്തുള്ളി എത്തിയിരുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി അത് രണ്ട് ലോഡായി വരെ കുറഞ്ഞു. തക്കാളി 50 രൂപ കടന്നിട്ട് ദിവസങ്ങളായി. ഉടന്‍ തന്നെ 60 രൂപ കടക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഒരുമാസത്തില്‍ കൂടിയത് 22-25 രൂപവരെയാണ്. നല്ല പച്ചമുളക് കിട്ടാനില്ല. മുന്‍പ് ക്ലാസ് തിരിച്ച് കൊണ്ടുവന്നിരുന്നതാണ് പച്ചമുളക്. ഇപ്പോള്‍ കിട്ടുന്നത് തന്നെ തേഡ് ക്വാളിറ്റിയാണെന്നും അവര്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് 74 ആയിരുന്നു പച്ചമുളക് വില. ഇന്ന് 105 രൂപയാണ്. കൂടിയത് 31 രൂപയാണെന്നും കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പുകളിലെ പര്‍ച്ചേസിങ് മാനേജര്‍ അഴിമുഖത്തോട് പറയുന്നു. ബീന്‍സ് 70ല്‍ നിന്ന് 100 കടന്നതോടെ വിപണിയില്‍ കിട്ടാനുമില്ല. ഇഞ്ചിക്ക് 15-20 രൂപയും കൂടിയിട്ടുണ്ട്. കാലാവസ്ഥ പ്രശ്‌നം കൃഷിയെ ബാധിച്ചത് തന്നെയാണ് വില കയറ്റത്തിന് കാരണമായിരിക്കുന്നത്.

ഓണ വിപണിയും പൊള്ളും

വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ (വിഎഫ്പിസികെ) വിപണിയിലേക്ക് പച്ചക്കറി വരുന്നില്ലെന്നാണ് എറണാകുളം ജില്ലാ മാനേജര്‍ പറയുന്നത്. 20% വരെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കനത്ത ചൂടാണ് ഇത്തവണ രേഖപ്പെടുത്തിയത്. പിന്നാലെ മഴ വന്നു. പല കൃഷിക്കാരുടെയും തോട്ടങ്ങള്‍ വെള്ളം കയറിയ അവസ്ഥയിലാണ്. ഓണ വിപണിയിലേക്കുള്ള കൃഷി ആരംഭിക്കേണ്ട സമയത്താണ് ഇതുണ്ടായത്. വിത്തിടാന്‍ പോലും കര്‍ഷകര്‍ക്ക് പറ്റിയിട്ടില്ല. അതിനാല്‍ തന്നെ ഇത്തവണ ഓണക്കാലത്ത് പച്ചക്കറി വരവ് കുറയും. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടത് വര്‍ധിക്കാനും സാധ്യതയുണ്ടെന്നും വിഎഫ്പിസികെ ജില്ലാ മാനേജര്‍ പറഞ്ഞു. കാര്‍ഷിക കലണ്ടര്‍ അനുസരിച്ചുള്ള കൃഷിരീതികള്‍ സാധിക്കുന്നില്ല. ചൂട് കാരണം വേനല്‍ കൃഷി ഇത്തവണ വിചാരിച്ച സമയത്ത് ഇറക്കാനായില്ല. നിയന്ത്രിതമായ വേനല്‍മഴ ലഭിക്കേണ്ട സമയത്താണ് അതി തീവ്രമഴ വന്നത്. കാലവര്‍ഷം ശക്തമാകുന്ന സമയത്തു മഴ ഇല്ലാത്ത അവസ്ഥ. കന്നി മാസത്തില്‍ അപ്രതീക്ഷിതമായി കനത്ത മഴ. ഇതെല്ലാം കഴിഞ്ഞ കുറച്ച് കാലമായി കര്‍ഷകരെ ബാധിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് മഞ്ഞള്‍ വിലയും ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് മഞ്ഞള്‍ വിളവെടുപ്പ് നടക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഞ്ഞള്‍ ലഭ്യത ഇത്തവണ 30 ശതമാനത്തോളം കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.വിളവ് മോശമായതിനാല്‍ മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിന്റെ അളവ് കുറയാനും സാധ്യതയുണ്ട്. വിദേശ വിപണികളില്‍ കുര്‍കുമിന്‍ കൂടിയ മഞ്ഞളിനാണ് ആവശ്യക്കാര്‍.

ഇറച്ചിവിപണിയില്‍ സര്‍വത്ര വിലക്കയറ്റം

ആറ് മാസത്തിനുള്ളത്തില്‍ 30 ശതമാനത്തിലധികം വിലകയറ്റമാണ് കേരളത്തിലെ ഇറച്ചി വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ തുടങ്ങിയ കൊടും ചൂടില്‍ കോഴി അടക്കമുള്ളവ ചാവാന്‍ തുടങ്ങിയതോടെയാണ് വില റോക്കറ്റ് കുതിപ്പിലേക്ക് എത്തിയത്. അവസരം മുതലാക്കി തമിഴ്‌നാട് ഫാമുകളില്‍ കോഴി വില ഉയര്‍ത്തിയതും വെല്ലുവിളിയായി. കോഴി കുഞ്ഞിന് ഒന്നിന് 32 രൂപയില്‍ നിന്ന് 52 രൂപയായി. ഇത് അനുസരിച്ച് കേരളത്തിലെ ഫാമുകളിലും കൂടുകയായിരുന്നു. 40 ദിവസം പ്രായമായ കോഴികളെയാണു സാധാരണ കടകളില്‍ വില്‍ക്കുന്നത്. എന്നാല്‍ കോഴിയെ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ 30-34 ദിവസം പ്രായമാകുന്ന കോഴികളെ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണു വ്യാപാരികള്‍. 900 ഗ്രാം മുതല്‍ 1.3 കിലോ വരെ മാത്രമേ ഇവയ്ക്കു തൂക്കമുണ്ടാകൂ. ചൂടു കൂടിയതോടെ കോഴികള്‍ കൂട്ടത്തോടെ ചാകുന്നതും വെള്ളം കിട്ടാത്തതും വലിയ പ്രശ്‌നമായെന്നും ഫാം ഉടമസ്ഥരും പറയുന്നു. കരളത്തില്‍ ഉല്‍പാദനം കുറഞ്ഞത് ആട്ടിറച്ചി വില കൂടാന്‍ കാരണമായി. ചൂടു കൂടി പന്നികള്‍ ചാകുന്നതും കയറ്റുമതി കൂടിയതും പന്നിയിറച്ചിയുടെ വില ഉയരാനും കാരണമായി.

 

English Summary: Climate change mean higher food and other prices

 

Share on

മറ്റുവാര്‍ത്തകള്‍