ഇറാന്‍ ഇപ്പോഴും ശക്തം; സമ്പൂര്‍ണ വിജയമായിട്ടില്ലെന്ന് ട്രംപിനോട് സ്വന്തം ഉദ്യോഗസ്ഥര്‍

ഇറാനില്‍ സമ്പൂര്‍ണ വിജയം നേടിയെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും യാഥാര്‍ത്ഥ്യം അതല്ല

Donald Trump- Iran War

ഇറാനില്‍ സമ്പൂര്‍ വിജയം എന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തില്‍ രണ്ടു തട്ടിലായി അമേരിക്കന്‍ ഭരണകൂടം. നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ അത്യന്തം ദുര്‍ബലമാണെന്നും ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ തടയാനും മേഖലയിലെ യുഎസ് സൈന്യത്തെ ആക്രമിക്കാനുമുള്ള ശേഷി ഇറാന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നാണ് പല മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കുന്നത്.

ഇറാന്റെ പകുതിയിലധികം മിസൈല്‍ വിക്ഷേപണികളും ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ തകര്‍ത്തെങ്കിലും, വലിയൊരു വിഭാഗം മിസൈലുകള്‍ അവര്‍ ഇപ്പോഴും ഭൂമിക്കടിയില്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇറാന്റെ ഔദ്യോഗിക നാവികസേനയുടെ 90 ശതമാനവും കടലില്‍ മുക്കിയെങ്കിലും, ഹോര്‍മുസ് കടലിടുക്കില്‍ ഭീഷണി ഉയര്‍ത്താന്‍ ശേഷിയുള്ള ഡസന്‍ കണക്കിന് ചെറിയ ബോട്ടുകള്‍ ഇറാന്റെ പക്കല്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിന്‍ ലീവിറ്റ് ഈ സൈനിക നീക്കത്തെ ഒരു ‘മഹത്തായ വിജയം’ എന്നാണ് വിശേഷിപ്പിച്ചത്. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ ശേഷി വര്‍ഷങ്ങള്‍ പിന്നോട്ട് പോയെന്നും അവരുടെ വ്യോമസേന പ്രസക്തിയില്ലാത്ത അവസ്ഥയിലായെന്നും ഭരണകൂടം അവകാശപ്പെടുന്നു.

ഇറാന്റെ സൈനിക-ആണവ ശേഷിക്ക് കനത്ത ആഘാതമേറ്റിട്ടുണ്ടെങ്കിലും അവര്‍ പൂര്‍ണ്ണമായും നിരായുധരാക്കപ്പെട്ടിട്ടില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തില്‍ ഇറാന്‍ കടുത്ത നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നത് ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലവില്‍ പ്രതിദിനം 12 കപ്പലുകള്‍ക്ക് മാത്രമാണ് ഇറാന്‍ അനുമതി നല്‍കുന്നത്. അനുമതിയില്ലാതെ കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ തകര്‍ക്കുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളോട് ഇറാന്‍ എങ്ങനെ പ്രതികരിക്കും എന്നതും സമാധാന ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്.

ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരമാണ് നിലവില്‍ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ തലവേദന. യുറേനിയം സമ്പുഷ്ടമാക്കാനുള്ള തങ്ങളുടെ അവകാശം അംഗീകരിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുമ്പോള്‍, ആ ശേഖരം പൂര്‍ണ്ണമായും കൈമാറണമെന്ന നിലപാടിലാണ് അമേരിക്ക. ഇറാന്റെ ആണവ വ്യവസായ കേന്ദ്രങ്ങളുടെ 80 ശതമാനവും തകര്‍ത്തെങ്കിലും ബാക്കിയുള്ള 20 ശതമാനം ഉപയോഗിച്ച് അവര്‍ക്ക് ആണവായുധം നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു.

ഇറാന്‍ സമാധാനപരമായി യുറേനിയം കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ സൈനിക നടപടിയിലൂടെ അത് പിടിച്ചെടുക്കുമെന്ന കര്‍ശന മുന്നറിയിപ്പാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നല്‍കിയത്. ഏത് മാര്‍ഗ്ഗത്തിലൂടെയും അത് കൈക്കലാക്കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ആഴ്ചകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരുമോ അതോ രാജ്യം വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ഇതിനിടെ, യുദ്ധത്തില്‍ അമേരിക്കയെ വേണ്ടവിധം പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികളോടുള്ള അതൃപ്തി ട്രംപ് തുടരുകയാണ്. സംഖ്യത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Summary: Close allies and several senior aides doubt over President Trump’s declaration of “total victory” in Iran

This post was last modified on April 9, 2026 10:59 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment