June 08, 2026 |

എക്‌സാലോജിക്-സിഎംആര്‍എല്‍ വിവാദം, എസ്എഫ്‌ഐഒ കുറ്റപത്രം രാഷ്ട്രീയ അജണ്ടയോ ?

പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വീണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്

എക്‌സാലോജിക്-സിഎംആര്‍എല്‍ (കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടെയിൽ ലിമിറ്റഡ്) കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയെ പ്രതി ചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇൻവസ്റ്റി​ഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) കുറ്റപത്രം സമര്‍പ്പിച്ചിരിക്കയാണ്. യാതൊരു സേവനവും നല്‍കാതെ 2.70 കോടിയോളം വീണ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വീണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. എസ്എഫ്‌ഐഒ കുറ്റപത്രത്തെ രാഷ്ട്രീയ ആയുധമായി പ്രയോഗിക്കാന്‍ പ്രതിപക്ഷം തിടുക്കം കൂട്ടുന്നതിനിടയിലാണ് വീണയുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന വാര്‍ത്ത എത്തുന്നത്. കുറ്റപത്രം കോടതിയുടെ മുന്നിലാണ്. ഇനിയിതില്‍ കോടതിയുടെ മേല്‍നടപടികള്‍ ഉണ്ടാകുന്നതുവരെ അറസ്റ്റിന് സാധ്യതയില്ലെന്നാണ് എസ്എഫ്‌ഐഒ വൃത്തങ്ങള്‍ തന്നെ പറയുന്നത്. ജില്ലാ കോടതിയിലാണ് എസ്എഫ്‌ഐഒ വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. ഇനി ഈ കുറ്റപത്രം പരിഗണിക്കേണ്ടത് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ്. കുറ്റപത്രം നിലനില്‍ക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടണം. എങ്കില്‍ മാത്രമേ വീണ നിയമപരമായി പ്രതി ചേര്‍ക്കപ്പെടുമോയെന്ന് വ്യക്തമാവൂ. അതിന് ശേഷമേ വിചാരണ നേരിടേണ്ടതായി വരൂ.

എക്‌സാലോജിക്-സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ ടിയ്ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പരാതിയ്ക്ക് തെളിവുകളുടെ പിൻബലമില്ലെന്നും വസ്തുതകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്ത് അന്വേഷിക്കാൻ സാധിക്കില്ലെന്ന കാരണത്താലാണ് വിജിലൻസ് അന്വേഷം കോടതി തള്ളിയത്. സിഎംആർഎൽ കമ്പനിയുടെ പ്രതിനിധി സൂക്ഷിച്ചിരുന്ന ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി മൊഴി നൽകിയിരുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതി മാത്രമാണിതെന്നും വസ്തുതയും തെളിവുമില്ലാതെ കേസെടുക്കുന്നത് പൊതുപ്രവർത്തകരുടെ ഔദ്യോ​ഗിക ജീവിതത്തിൽ കളങ്കം ചാർത്താനേ ഉപകരിക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്ര കമ്പനി കാര്യമന്ത്രാലയമാണ് വീണയ്‌ക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് വിജിലന്‍സ് കോടതികള്‍ തള്ളിയ ഈ കേസില്‍ തെളിവുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ജൂലായില്‍ വാദം കേള്‍ക്കാനിരിക്കെയാണ് എസ്എഫ്‌ഐഒ ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. എസ്എഫ്‌ഐഒയുടെ നീക്കത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരുൾപ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളും, ചില മാധ്യമങ്ങളും സിഎംആര്‍എല്ലില്‍ നിന്ന് തുക കൈപ്പറ്റിയതായി മുന്‍പ് കമ്പനിയുടെ എം ഡി ശശിധരന്‍ കര്‍ത്ത വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എസ്എഫ്‌ഐഒ ടി വീണ, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി സുരേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെ മാത്രമാണ് പ്രോസിക്യൂഷന്‍ നടപടിയ്ക്ക് അനുമതി തേടിയത്. കമ്പനീസ് ആക്ട് 447 പ്രകാരമാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. എസ്എഫ്‌ഐഒ ജനുവരി അവസാനത്തോടെ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി കമ്പനി കാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി തയ്യാറായിരിക്കെയാണ് കമ്പനി കാര്യമന്ത്രാലയം പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കുന്നത്.

എന്താണ് എസ് എഫ് ഐ ഒ?

സിബിഐ, എന്‍ഐഎ, ഇഡി, ഇന്‍കംടാക്സ്, കസ്റ്റംസ്, എന്‍സിബി തുടങ്ങിയ പേരുകള്‍ മലയാളികള്‍ക്ക് പരിചിതമാണെങ്കിലും സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ എന്ന പേര് കേരളത്തില്‍ കേട്ടുതുടങ്ങിയത് അടുത്തിടെയാണ്.കോര്‍പറേറ്റ് തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാനായി ചുമതലപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ നിയമപരമായ ഏജന്‍സിയാണ് എസ്എഫ്‌ഐഒ. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും പ്രോസിക്യൂട്ട് ചെയ്യുകയും പ്രോസിക്യൂഷന് ശുപാര്‍ശ ചെയ്യുകയുമാണ് എസ്എഫ്‌ഐഒയുടെ ചുമതല. 2003ലാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റി​ഗേഷൻ ഓഫീസ് ഇന്ത്യയിൽ സ്ഥാപിതമാവുന്നത്. 2013ലെ കമ്പനീസ് ആക്ട് പ്രകാരം 2015ൽ ഇതിന് നിയമപരമായ പദവി ലഭിച്ചിട്ടുണ്ട്. ബാങ്കിം​ഗ്, മൂലധന വിപണി, കോർപ്പറേറ്റ് നിയമം എന്നിങ്ങനെ വിവിധ മേഖലയിൽ നിന്നുള്ള കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു മൾട്ടി ഡിസിപ്ലിനറി ഏജൻസിയാണിത്. ഡയറക്ടറാണ് എസ്എഫ്ഐഒയുടെ അധ്യക്ഷൻ. അഡീഷണൽ ഡയറക്ടർമാ‍ർ, ജോയിന്റ് ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, സീനിയർ അസിസ്റ്റന്റ് ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, പ്രോസിക്യൂട്ടർമാർ, മറ്റ് സെക്രട്ടേറിയൽ ജീവനക്കാർ എന്നിവരിലൂടെയാണ് എസ്എഫ്ഐഒ പ്രവർത്തിക്കുന്നത്.

എക്സാലോജിക് വിവാദവും എസ്എഫ്ഐഒ അന്വേഷണവും

കൊച്ചി മിനറല്‍സ് ആന്റ് റൂട്ടൈല്‍സ് എന്ന സ്വകാര്യ കമ്പനി വീണാ ടിയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സിന് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് സിഎംആര്‍എല്‍ എക്‌സാലോജിക് വിവാദത്തിന് തിരി കൊളുത്തിയത്. 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സിഎംആര്‍എല്‍ വീണയുടെ കമ്പനിയ്ക്ക് പണം നല്‍കിയെന്ന് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ പറയുന്നു. ഇതിന് പിന്നാലെ പിണറായി വിജയനും വീണ ടിയ്ക്കും സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ ആക്രമണം അഴിച്ചു വിട്ടിരുന്നു. മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ സഭയില്‍ വിഷയം ഉന്നയിച്ചതോടെ ആക്രമണം ശക്തമാവുകയും ചെയ്തു. ഇതിനിടെയിലായിരുന്നു എസ്എഫ്‌ഐഒ കേസ് അന്വേഷണവുമായി രംഗത്തേക്ക് വരുന്നത്. 2024 ജനുവരിയിലാണ് കേസില്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സിആര്‍എംഎല്ലില്‍ നിന്നും കെഎസ്ഐഡിസി ഉദ്യോഗസ്ഥരില്‍ നിന്നും എസ്എഫ്ഐഒ മൊഴി രേഖപ്പെടുത്തിയിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കില്‍ നിന്നും അന്വേഷണ ഏജന്‍സി വിവരം ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 2024 ഒക്ടോബറിലാണ് എസ്എഫ്‌ഐഒ വീണ ടിയുടെ മൊഴിയെടുക്കുന്നത്.

2013ലെ കമ്പനീസ് ഓഫ് ആക്ട് 210ാം വകുപ്പ് പ്രകാരം അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സാമന്തരമായി എസ്എഫ്‌ഐഒ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്ന് വീണ കര്‍ണാടക കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 212ാം വകുപ്പ് യുഎപിഎ വകുപ്പിന് സമാനമാണെന്നത് ആയിരുന്നു ഇതിന് പിന്നിലെ കാരണം. നൂറു കണക്കിന് കോടികളുടെ അഴിമതി നടന്ന കേസുകളിലാണ് ഇത് ഉപയോഗിക്കുകയെന്നും ഇതില്‍ സീരിയസ് ഫ്രോഡെന്ന് പറയാന്‍ ഒന്നുമില്ലെന്നും സിഎംആര്‍എല്‍ എന്ന കമ്പനിയ്ക്ക് സേവനം നല്‍കിയതിന് രേഖകള്‍ ഇല്ലെന്നത് മാത്രമാണ് വീണയ്‌ക്കെതിരായ ആരോപണമെന്നും വീണയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണവുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോര്‍ട്ട് ഉണ്ടെന്നും അതാണ് എസ്എഫ്‌ഐഒ അന്വേഷണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു എസ്എഫ്‌ഐഒയ്ക്കും കമ്പനി കാര്യ മന്ത്രായലത്തിനും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ അരവിന്ദ് കമ്മത്ത് വാദിച്ചത്.
content summary: CMRL- Exalogic case the SFIO charge sheet named veena t as accused in financial fraud

Leave a Reply

Your email address will not be published. Required fields are marked *

×