ഇന്നത്തെ വാർത്ത നാളത്തെ ചരിത്രമാണ്. എന്നാൽ നമ്മുടെ വീടുകളിൽ ഇന്നലത്തെ പത്രത്തിന് പോലും ആക്രിക്കാരന്റെ കയ്യിലെ 50 പൈസയുടെ വിലയാണ് പലപ്പോഴും ലഭിക്കുന്നത്. എന്നാൽ പത്രത്തെയും വാർത്തകളെയുമൊക്കെ നിധിയായി കണ്ട് നാളത്തെ ചരിത്രത്തിന്റെ രേഖകൾ സൂക്ഷിക്കുന്ന രണ്ടുപേരെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.
പത്രങ്ങൾ ചരിത്രത്തിന്റെ ഭാഗമാണെന്ന് മനസിലാക്കി സൂക്ഷിച്ചുവെച്ചിരിക്കുന്ന ആളാണ് അമ്പത്തെട്ടുകാരനായ ജോർജുകുട്ടി വാഴപ്പിള്ളേത്ത്. പത്തനംതിട്ടയിലെ വടശേരിക്കരക്കാരനായ ഇദ്ദേഹം ഫോട്ടോഗ്രാഫർ കൂടിയാണ്. നാട്ടുകാർക്കിടയിൽ ജോസഫ് ‘ന്യൂസ്‌പേപ്പർ മാൻ’ എന്നാണ് അറിയപ്പെടുന്നത്.
പത്രവായനയ്ക്കിടയിൽ മനസിൽ പതിഞ്ഞിരിക്കുന്നതൊക്കെ സൂക്ഷിച്ചുവെക്കുന്നിടത്തുനിന്നാണ് പത്രങ്ങളുടെ ശേഖരണം ആരംഭിച്ചത്. പിന്നീട് വാർത്തകളുടെ പ്രാധാന്യം അനുസരിച്ചുള്ള ശേഖരണം ആരംഭിച്ചു. ഇത് ഒരു ഹോബിയായി മാറിയപ്പോൾ ചരിത്ര പ്രാധാന്യമുള്ള വാർത്തകളുടെ പത്രങ്ങൾ തപ്പി പോവുകയായിരുന്നു ജോർജുകുട്ടി. 1912ൽ ടൈറ്റാനിക് മുങ്ങിയ വാർത്ത വന്ന പത്രം ഒരു ലക്ഷം രൂപ കൊടുത്ത് വാങ്ങുകയായിരുന്നു.
”പല പ്രധാനപ്പെട്ട വാർത്തകളും ഞാൻ വാങ്ങിയത് ആക്രിക്കാരുടെ കയ്യിൽ നിന്നാണ്. വാർത്തകൾ രേഖകളാണല്ലോ.. ഇന്നല്ലെങ്കിൽ നാളെ അത് ആവശ്യം വരുമെന്ന് എനിക്കറിയാം. ആക്രിക്കാരുടെ കയ്യിൽ നിന്ന് വലിയ വില കൊടുത്താണ് പത്രം വാങ്ങുന്നത്, അവർ 10 രൂപയ്ക്ക് വാങ്ങുന്ന പത്രം ഞാൻ അവരുടെ കയ്യിൽ നിന്ന് വാങ്ങുന്നത് 3000 രൂപയൊക്കെ കൊടുത്താണ്. പ്രധാനപ്പെട്ട വാർത്തകളല്ലെ, അവയ്ക്ക് വിലമതിക്കാൻ കഴിയില്ലല്ലോ.” ജോർജ്കുട്ടി പറയുന്നു.
40 വർഷത്തോളമായി ജോർജ്കുട്ടിയുടെ ഈ പത്രശേഖരണം ആരംഭിച്ചിട്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വാർത്ത വന്ന പത്രം, ഗാന്ധിജിയുടെ മരണം റിപ്പോർട്ട് ചെയ്ത പത്രം, ടൈറ്റാനിക് മുങ്ങിയ വാർത്ത വന്ന പത്രം തുടങ്ങി നിരവധി ചരിത്രങ്ങൾ അടങ്ങുന്ന പത്രവാർത്തകളുടെ ശേഖരമാണ് ജോർജ്കുട്ടിയുടെ കയ്യിലുള്ളത്.
ഓരോ കടലാസ് തുണ്ടിലും ചരിത്രമുണ്ടെന്ന് കരുതുന്ന മറ്റൊരാളുണ്ട്, കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയായി കിനാരി രാജൻ. 73 വയസുള്ള നാട്ടിൻപുറത്തുകാരനായ ഈ പ്രവാസി സൂക്ഷിച്ചു വച്ചിരിക്കുന്നതും കാലങ്ങളുടെ ചരിത്രമാണ്. 1980ലാണ് രാജൻ മസ്‌കറ്റിലേക്ക് വിമാനം കയറിയത്. എട്ട് വർഷത്തോളം അവിടെ ജോലി ചെയ്‌തു. പിന്നീട് നാട്ടിലെത്തിയ രാജൻ ധാരാളം പത്ര കട്ടിങുകളും മറ്റും സൂക്ഷിച്ചുവെക്കാൻ തുടങ്ങി. അന്ന് തുടങ്ങിയ ആ ശീലം ഇന്ന് എത്തി നിൽക്കുന്നത് അമ്പരപ്പിക്കുന്ന ശേഖരണത്തിലാണ്.
കേരളത്തിലെ മഹാരഥന്മാരുടെ പ്രാധാന നിമിഷങ്ങളും, ഇന്ത്യയെയും കേരളത്തെയും ഞെട്ടിച്ച വാർത്തകളുമെല്ലാം അടുക്കും ചിട്ടയോടെ രാജൻ തൻറെ ഷെൽഫിൽ എടുത്തുവച്ചിട്ടുണ്ട്. ബൈൻഡിങ്ങിനെ പോലും വെല്ലുന്ന രീതിയിലാണ് ഡയറികളിൽ പത്രത്താളുകൾ രാജൻ ഒട്ടിച്ചു ചേർത്തത്. ഇന്ന് മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും എന്തിന് ബാലഭൂമിയും ബാലമംഗളവുമടക്കം നിരവധി കളക്ഷനാണ് രാജന്റെ കൈവശമുള്ളത്.
രാജൻറെ വാർത്ത ശേഖരം കണ്ട ചില ആളുകൾ സ്വന്തമായി ലാമിനേറ്റ് ചെയ്യാനുള്ള യന്ത്രവും അദ്ദേഹത്തിന് നൽകിയിരുന്നു. ഇതുവരെ മൂന്ന് ലക്ഷം വാർത്ത കട്ടിങുകൾ ശേഖരിച്ച ആദ്ദേഹം ഇപ്പോഴും ആ യാത്ര തുടരുകയാണ്. മരണ വാർത്ത മാത്രം ഒരു ലക്ഷം പിന്നിട്ടു. മൂവായിരത്തോളം വാർത്തകൾ മാത്രമാണ് ലാമിനേഷൻ ചെയ്‌തിട്ടുള്ളത്. ഒരു ലക്ഷം രൂപയോളം വരുന്ന ഡയറികൾ തൻറെ പക്കലുണ്ടെന്നാണ് രാജൻ പറയുന്നത്.
രാവിലെ പുലർച്ചയോടെ പത്രവായന ആരംഭിക്കുന്ന രാജൻ സ്വന്തമായി വീട്ടിൽ വരുത്തുന്ന മാതൃഭൂമിയും ദേശാഭിമാനിയും വായിച്ച ശേഷം അയൽവീട്ടിൽ നിന്നാണ് മറ്റുപത്രങ്ങൾ ശേഖരിക്കുക. തുടർന്ന് ക്രമമായി പത്രം വായിക്കുന്നതോടൊപ്പം ഏതെല്ലാം വാർത്തകൾ സൂക്ഷിച്ചുവയ്‌ക്കണമെന്ന് മാർക്ക് ചെയ്‌ത ശേഷം മാത്രമേ കുടുംബത്തിലുള്ളവർക്ക് പത്രം കൈമാറുകയുള്ളു എന്ന് മകൻ പറയുന്നു.
രാജൻ താമസിക്കുന്ന പ്രദേശത്ത് ഓരോ ദിവസവും മരണപ്പെടുന്നവരുടെ പത്രവാർത്തകൾ സൂക്ഷിക്കാൻ ഒരു മരണ ഡയറക്‌ടറിയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം പ്രളയ വാർത്തകൾക്കായും, വിവാഹ വാർത്തകൾക്കായുമെല്ലാം പ്രത്യേക ഡയറികളിലായാണ് അദ്ദേഹം സൂക്ഷിക്കുന്നത്.
content summary; collection of newspaper archives from two malayali’s