ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഇന്ധനവുമായി പോയ ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 148 ആയി. നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ ഇക്വേറ്റര്‍ പ്രവിശ്യയിലെ എംബണ്ടക നഗരത്തിന് സമീപം കോംഗോ നദിയിലായിരുന്നു ദുരന്തം. 500 ഓളം പേരുമായി പോയ തടി ബോട്ട് മറിഞ്ഞ് ചൊവ്വാഴ്ചയാണ് തീപിടുത്തമുണ്ടായത്.
എച്ച്ബി കൊംഗോളോ എന്ന് പേരിട്ടിരിക്കുന്ന തടി മോട്ടോര്‍ ബോട്ടിനായിരുന്നു തീപിടുത്തമുണ്ടായി മറിഞ്ഞത്. മതന്‍കുമു തുറമുഖം വിട്ട് ബൊലോംബ പ്രദേശത്തേക്ക് പോകവെയായിരുന്നു അപകടം. ബോട്ടില്‍ പാചകം ചെയ്യുന്നതിനിടെ തീ ആളിപ്പടര്‍ന്നതാണ് ദുരന്തകാരണമെന്ന് റിവര്‍ കമ്മീഷണര്‍ കോംപെറ്റന്റ് ലോയോകോ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ നദിയിലേക്ക് ചാടിയതായും അവരില്‍ പലര്‍ക്കും നീന്തല്‍ വശമില്ലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
രക്ഷപ്പെട്ട പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സമീപത്തെ വിവിധ ആശുപത്രികളിലും താല്കാലിക ക്യാമ്പുകളിലും ചികിത്സയിലാണ് ഇവര്‍. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനായി റെഡ് ക്രോസിന്റെയും പ്രാദേശിക അധികാരികളുടെയും സഹായവും തുടരുന്നുണ്ട്. അതേസമയം, ബുധനാഴ്ച 131 മൃതദേഹങ്ങളും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 12 മൃതദേഹങ്ങളും കണ്ടെടുത്തതായി മേഖലയിലെ ദേശീയ ഡെപ്യൂട്ടി സംഘത്തലവന്‍ ജോസഫൈന്‍ പസിഫിക് ലോകുമു അഭിപ്രായപ്പെട്ടു.
കോംഗോ നദീ തീരങ്ങളില്‍ ബോട്ടപകടങ്ങള്‍ സര്‍വസാധാരണമാണ്. ഗ്രാമപ്രദേശങ്ങളിലെ മിക്ക നദീജല സംവിധാനങ്ങളും കാലപ്പഴക്കം വന്ന് മോശം അവസ്ഥയിലായവയാണ്. കൂടാതെ ഭൂരിഭാഗം ബോട്ടുകളും തടികൊണ്ടുള്ളവയുമാണ്. അപകടകരമാണെന്നറിഞ്ഞിട്ടും പലപ്പോഴും യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. പലപ്പോഴും യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ പോലും നല്‍കാറില്ല. ഇതിന് പുറമെ രാത്രി വൈകിയുള്ള യാത്രകളും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ ബോട്ടുകളില്‍ കയറ്റുന്നതും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
കോംഗോയിലെ 100 ദശലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ പ്രധാന ഗതാഗത മാര്‍ഗമാണ് നദികള്‍. പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ കുറവുള്ള പ്രദേശങ്ങളില്‍ ജലഗതാഗതത്തെയാണ് വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്.
സമീപവര്‍ഷങ്ങളില്‍ ബോട്ട് അപകടങ്ങളില്‍ നൂറുകണക്കിനാളുകളാണ് പ്രദേശത്ത് കൊല്ലപ്പെട്ടത്. 2024 ല്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ കിവു തടാകത്തില്‍ 278 യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി 78 പേര്‍ മരിച്ചിരുന്നു. ഡിസംബറില്‍ 22 പേര്‍ മരിച്ച മറ്റൊരു ബോട്ടപകടം നടന്നിരുന്നു. congo boat tragedy death toll hits 148
Content Summary: congo boat tragedy death toll hits 148