കോൺഗ്രസ് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയും അഭിനേത്രിയുമായ യുവതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ഞെട്ടിക്കുന്ന സംഭവമല്ല. കാരണം, അതിജീവിതമാര്‍ക്ക് ഇത്തരത്തിലുള്ള തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറയുന്നതിന് പിന്നാലെ നേരിടേണ്ടി വരുന്ന പതിവ് ആക്രമണമാണിത്. ഇത് തന്നെയാണ് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തവും.
ഇത്തരം കേസുകളില്‍ അതിജീവിതമാര്‍ക്ക് പലപ്പോഴും അവരുടെ തുറന്ന് പറച്ചിലുകള്‍ക്ക് പിന്നാലെ സമൂഹത്തിന്റെ ഭാഗത്ത് നിന്നുള്ള കടുത്ത സൈബര്‍ ആക്രമണങ്ങള്‍ കൂടി നേരിടേണ്ടി വരാറുണ്ട്. പരാതിക്കാരിയെ അപമാനിക്കാന്‍ ഇരയ്ക്കൊപ്പമെന്ന് പറയുന്ന വേട്ടക്കാരുടെ ഒരു കൂട്ടം എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. അതിന്റെ ഏറ്റവും പുതിയ തെളിവാണ് പരാതിക്കാരിയായ യുവതി.
എന്തുകൊണ്ട് നേരത്തെ പരാതി നല്‍കിയില്ല എന്ന ചോദ്യം, തുറന്നു പറച്ചിലുകള്‍ നടത്തുന്ന സ്ത്രീകള്‍ക്ക് നേരെ പതിവായി ഉയരുന്ന ഒന്നാണ്. അതിനുള്ള ഉത്തരവും മേല്പറഞ്ഞത് തന്നെയാണ്. പരാതി നല്കിയാല് സമൂഹം എങ്ങനെ പ്രതികരിക്കും എന്ന ഭയം അതിജീവിതകള്‍ക്ക് ഉണ്ടാകാം. പ്രതികാര നടപടികള്‍, അപമാനം, ഒറ്റപ്പെടുത്തല്‍ എന്നിവയെല്ലാം അവരെ പിന്നോട്ട് വലിച്ചേക്കാം. പ്രത്യേകിച്ച് അധികാര സ്ഥാനങ്ങളിലുള്ളവര്ക്കെതിരെയാണ് ആരോപണമെങ്കില്‍, അത് അവരുടെ തൊഴിലിനെയും ജീവിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ടാകും.
ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുക കടുത്ത മാനസികാഘാതമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കാനോ അതേക്കുറിച്ച് ചിന്തിക്കാനോ പോലും അവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ആ ഒരു മാനസികാവസ്ഥയില്‍ നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ പോലും അവര്‍ക്ക് സാധിക്കാതെ വരും. അതിനാല്‍ ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സമയമെടുക്കുന്നതും സ്വാഭാവികമാണ്.
ഇനി അതൊക്കെയും മറികടന്ന് ഒരു സ്ത്രീ മുന്നോട്ട് വന്നാല്‍, പലപ്പോഴും പരാതി നല്കുന്ന സ്ത്രീകളെ സമൂഹം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അവരെ അപമാനിക്കാനും അവരെ കുറ്റപ്പെടുത്താനും ശ്രമിക്കുന്നു. അവരുടെ വസ്ത്രധാരണവും നടപ്പും രീതിയും രാഷ്ട്രീയ പശ്ചാത്തലവുമടക്കം ചോദ്യം ചെയ്യപ്പെടുന്നു. സൈബര്‍ ഇടത്തിലും പൊതുസമൂഹത്തിലും അവളെ മോശക്കാരിയായും ദുര്‍നടപ്പുകാരിയായും തേജോവധം ചെയ്യുന്നു. ഈ സാമൂഹികാന്തരീക്ഷം കൊണ്ടുതന്നെയാണ് പല സ്ത്രീകളും നിശബ്ദമായി എല്ലാം സഹിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഒരുപാട് പ്രതീക്ഷകളുയര്‍ത്തിയ യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് കേരള രാഷ്ട്രീയത്തെ മാത്രമല്ല, പൊതുസമൂഹത്തെ ഒന്നാകെയായിരുന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് വീറോടെ വാദിക്കുന്നവരുടെ തനിനിറം പുറത്തു വന്നതോടെ സ്വന്തം അണികള്‍ക്ക് പോലും തലയില്‍ മുണ്ടിടേണ്ട ഗതിയായി. എന്നിട്ടും ക്രൂശിക്കപ്പെടുന്നത് പരാതിക്കാരിയാണ്. അവര്‍ക്കെതിരെ നടന്ന സൈബര്‍ അറ്റാക്കുകളുടെ തുടക്കം യുവസംവിധായക ഐഷ സുല്‍ത്താനയുടെ പോസ്റ്റില്‍ നിന്നായിരുന്നു.
ചാനല്‍ ചര്‍ച്ചയില്‍ യുവതി ആരോപണം ഉന്നയിക്കുന്നതിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു ഐഷയുടെ ആദ്യ പോസ്റ്റ്. ‘ഇത്രയും സന്തോഷത്തോടെ ഒരാളെപ്പറ്റി പരാതി പറയുന്ന ഒരു യുവനടിയെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഞാനും ഈ യുവനടിയെ സന്തോഷത്തോടെ അഭിനന്ദിക്കുന്നു. ഇങ്ങനെയായിരിക്കണം യുവനടിമാര്‍’ എന്നായിരുന്നു ഐഷ സുല്‍ത്താനയുടെ പോസ്റ്റ്. ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന ഒരു വ്യക്തി, പ്രത്യേകിച്ച് ഒരു സ്ത്രീ, മറ്റൊരു സ്ത്രീയുടെ ദുരനുഭവത്തെ സംശയത്തോടെ നോക്കുകയും പരിഹസിക്കുകയും ചെയ്തത് തീര്‍ത്തും അപലപനീയമാണ്.
ഒരു സ്ത്രീയെന്ന നിലയില്‍, മറ്റൊരു സ്ത്രീയുടെ മാനസികാവസ്ഥ മനസ്സിലാക്കാനും അവള്‍ക്ക് ആത്മവിശ്വാസം നല്‍കാനും ഐഷ സുല്‍ത്താനയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍, ഐഷയുടെ പ്രവൃത്തി ഇരയെ കൂടുതല്‍ മാനസികമായി തളര്‍ത്തുന്നതിന് തുല്യമായിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ എത്രത്തോളം വേദനാജനകമാണെന്ന് നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരാള്‍ കൂടിയായിരുന്നു ഐഷ സുല്‍ത്താനയും എന്നോര്‍ക്കണം. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചതിന് ‘ബയോവെപ്പണ്‍’ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടുകയും, കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയാകുകയും ചെയ്ത വ്യക്തിയാണ് അവര്‍.
അന്യമതസ്ഥനായ ഒരു വ്യക്തിയെ വിവാഹം ചെയ്തെന്നാരോപിച്ചും ഐഷ സുല്‍ത്താനയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് കൈയ്യും കണക്കുമുണ്ടായിരുന്നില്ല. വിമര്‍ശനങ്ങള്‍ ശക്തമായതിന് പിന്നാലെയാണ്, ഐഷ സുല്‍ത്താന തന്റെ ആദ്യ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് മറ്റൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി രാഹുല്‍ മാങ്കൂട്ടം ആ എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കണം എന്നായിരുന്നു അതിന്റെ ഉള്ളടക്കം.
രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്ന എഴുത്തുകാരിക്കെതിരെയും കടുത്ത വ്യക്തിഹത്യയാണ് സൈബർ ഇടങ്ങളിൽ നടന്നത്. രാഹുലിന്റെ ഇരകളിൽ വനിതാ കോൺഗ്രസ്സ് പ്രവർത്തകരുമുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സുഹൃത്തുക്കൾക്കൊപ്പമുള്ള എഴുത്തുകാരിയുടെ പഴയ ചിത്രങ്ങളും വിവരങ്ങളും അടക്കം കുത്തിപ്പൊക്കി അവരെ ഒരു മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു പിന്നീട് നടന്നത്.
പരാതിക്കാരിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു. എന്നാല്‍ വിഡി സതീശന് മകളെ പോലെ കാണുന്ന പരാതിക്കാരിക്കെതിരെ അധിക്ഷേപ വര്‍ഷമാണ് സ്വന്തം പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ നടത്തുന്നത്. എ.കെ.ജി സെന്ററില്‍ നിന്ന് പറഞ്ഞ് വിട്ടതാണെന്നും, അവര്‍ ‘സരിത 2’ ആണെന്നുമൊക്കെയാണ് കോണ്‍ഗ്രസുകാര്‍ സൈബറിടത്തില്‍ പ്രചരിപ്പിക്കുന്നത്. താനൊരു കോണ്‍ഗ്രസുകാരിയാണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഒരു സ്ത്രീയാണ് ഇന്ന് അവരുടെ നേതാവില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ വി കെ ശ്രീകണ്ഠനടക്കം പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള പരസ്യ പ്രസ്താവനകളാണ് നടത്തിയത്. മൂന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോള്‍ പരാതി വന്നത് സംശയാസ്പദമാണെന്നും എംപി ആരോപിച്ചു. സ്ത്രീകള്‍ അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നില്ലേ എന്ന് ചോദിച്ചുകൊണ്ട്, പരാതിയുടെ ഉള്ളടക്കത്തേക്കാള്‍ ആരോപണമുന്നയിച്ചവരുടെ ‘രീതിയും നടപ്പും’ ആണ് തനിക്ക് പ്രധാനമെന്നാണ് എം.പി വ്യക്തമാക്കുന്നത്.
വി കെ ശ്രീകണ്ഠന് നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഒന്നാണ്. അങ്ങനെയുള്ളപ്പോള്‍ പരാതിക്കാരിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് സൈബര്‍ ആക്രമണം ഉണ്ടായാല്‍ നടപടി എടുക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാവ് തന്നെ നടത്തിയ വിവാദപരവും വ്യക്തിഹത്യാപരവുമായ പ്രസ്താവനകളെക്കുറിച്ച് ഇനിയും അറിഞ്ഞില്ല എന്നാണോ? അങ്ങനെയെങ്കില്‍ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ട്ടി എന്ത് നിലപാടെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് പൊതുസമൂഹവും.
content summary: Congress Faces Backlash Over Cyberbullying of Accusers
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.