January 19, 2025 |
Share on

‘അന്‍വറിന് വിശ്വാസ്യതയില്ല, കോണ്‍ഗ്രസാണ് യഥാര്‍ത്ഥ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു വന്നത്’

ആര്‍എസ്എസ്-സിപിഎം ബന്ധം ജനങ്ങളെ ബോധ്യപ്പെടുത്തും: എം ലിജു

മുഖ്യമന്ത്രി പിണറായി വിജയനും പിന്നാലെ, സിപിഎം സംസ്ഥാന നേതൃത്വും അതൃപ്തി പ്രകടമാക്കിയതോടെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നിശബ്ദനാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ട്ടിയെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും ആഭ്യന്തര വകുപ്പിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളില്‍ നിന്നാണ് അന്‍വര്‍ താത്കാലികമായെങ്കിലും പിന്‍വലിഞ്ഞിരിക്കുന്നത്. എന്നാല്‍ അന്‍വറിന്റെ നിശബ്ദത, ഇപ്പോഴത്തെ വിവാദങ്ങളെക്കൂടി മൗനത്തിലാക്കുമോ? പ്രതിപക്ഷം ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത്. ഈ ചോദ്യത്തിന് ഉത്തരം തേടിയാണ് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം ലിജുവിനെ ബന്ധപ്പെട്ടത്. വ്യക്തമായി തന്നെ കോണ്‍ഗ്രസിന്റെ നിലപാടുകളും തീരുമാനങ്ങളും ലിജു വിശദീകരിക്കുകയും ചെയ്തു. അഡ്വ. എം ലിജുവിന്റെ വാക്കുകള്‍;

പി വി അന്‍വര്‍ വിശ്വാസ്യതയുള്ള രാഷ്ട്രീയക്കാരനാണെന്ന് കരുതുന്നില്ല. അതുകൊണ്ട് അയാള്‍ ഉയര്‍ത്തിയിരിക്കുന്ന വിഷയം അപ്രസക്തമാകുന്നില്ല. എന്നാല്‍ ഇവിടെ മാധ്യമങ്ങള്‍ അടക്കം മനസിലാക്കേണ്ടൊരു സംഗതിയുണ്ട്. കേരള സമൂഹത്തിന് മുന്നില്‍ ഉണ്ടായിരിക്കുന്ന പ്രധാന പ്രശ്‌നം എന്താണോ, അത് ഉയര്‍ത്തി കൊണ്ടു വന്നിരിക്കുന്നത് അന്‍വറല്ല, കോണ്‍ഗ്രസാണ്. ആഭ്യന്തരവകുപ്പിലെ ക്രിമിനല്‍വത്കരണവും, എഡിജിപി എംആര്‍ അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ക്രിമിനലുകളെ കുറിച്ചും മാത്രമാണ് അന്‍വര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇവിടെയൊരു ചോദ്യമുണ്ട്, എന്തുകൊണ്ട് അജിത്കുമാറിനെ പോലുള്ളവര്‍ക്ക് ഇതൊക്കെ ചെയ്യാനാകുന്നു? അതാണ് ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയം. അന്‍വര്‍ പറഞ്ഞതിനും അപ്പുറത്താണ് കാര്യങ്ങള്‍.

കോണ്‍ഗ്രസാണ് യഥാര്‍ത്ഥ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത്
അജിത്കുമാറിന് മുഖ്യമന്ത്രിയാണ് സംരക്ഷണം കൊടുക്കുന്നത്. എന്തിനാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നത്? അജിത്കുമാര്‍ മുഖ്യമന്ത്രിക്ക് ചെയ്തു കൊടുക്കുന്ന സേവനങ്ങള്‍ കൊണ്ട്. അത്തരത്തില്‍ എന്തു സേവനമാണ് അജിത്കുമാര്‍ ചെയ്തു കൊടുക്കുന്നത്? ആ വക കാര്യങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തി കൊണ്ടു വന്നിരിക്കുന്നത്. ആര്‍എസ്എസ്സുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധത്തിന്റെ ഇടനിലക്കാരനാണ് എഡിജിപി. തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതുവഴിയാണ് ഉണ്ടായിരിക്കുന്നത്. ആര്‍എസ്എസ്സിന്റെ ഉന്നതനെ ഒരു പൊലീസ് എഡിജിപി നേരിട്ട് കണ്ടിട്ടും, അതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ഒരു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് ഇപ്പോഴുള്ളത്.

മുഖ്യമന്ത്രിയും കുടുംബവും മാത്രമല്ല, സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വവും ഇപ്പോള്‍ കുരുക്കിലാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും കേസുകളില്‍ നിന്ന് രക്ഷപ്പെടാനും, സിപിഎമ്മിന് രാഷ്ട്രീയ നിലനില്‍പ്പിനും വേണ്ടി ആര്‍എസ്എസ് സംരക്ഷണം വേണം. അടിത്തറ തകര്‍ന്ന സിപിഎമ്മിന് പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ വോട്ടുകള്‍ നല്‍കി സഹായിക്കുന്ന സംഘടനയായി ആര്‍എസ്എസ് മാറിയിരിക്കുന്നു. നിയമപരമായ സംരക്ഷണവും രാഷ്ട്രീയ സംരക്ഷണവും നല്‍കി സിപിഎമ്മിനെ സഹായിക്കുകയാണ് സംഘപരിവാര്‍. അതിന് മധ്യസ്ഥം വഹിക്കുന്നതുകൊണ്ടാണ് അജിത്കുമാര്‍ സംരക്ഷിക്കപ്പെടുന്നത്.

അന്‍വര്‍ നിശബ്ദമായതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല
അന്‍വര്‍ നിശബ്ദമായതുകൊണ്ട് ഈ വിഷയങ്ങളും നിശബ്ദമാകുമെന്ന് ആരും കരുതേണ്ട. കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യങ്ങളാണ്, അത് ഞങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കില്ല. കോണ്‍ഗ്രസിനെ നിശബ്ദമാക്കാന്‍ പിണറായിക്കോ ഗോവിന്ദനോ കഴിയില്ല, സംഘപരിവാറിനും. യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് ഞങ്ങള്‍ക്ക് ജനങ്ങളെ ബോധ്യപ്പെടുത്തണം. മതന്യൂനപക്ഷങ്ങള്‍ക്ക് ഉള്‍പ്പെടെ ഇവരുടെ കാപട്യം മനസിലാക്കി കൊടുക്കണം. മതേതരജനവിഭാഗത്തിനിടയിലേക്ക് കോണ്‍ഗ്രസ് ഇറങ്ങുകയാണ്. സംസ്ഥാന വ്യാപകമായ ഈ വിഷയങ്ങള്‍ പാര്‍ട്ടി ഒരു കാമ്പയിന്‍ പോലെ അവതരിപ്പിക്കുകയാണ്.

Post Thumbnail
'ബിജെപിക്ക് ആര്‍എസ്എസ്സിന്റെ സഹായം ഇപ്പോള്‍ ആവശ്യമില്ല'വായിക്കുക

ക്രിമിനല്‍ ആക്ടിവിറ്റികളില്‍ ഏര്‍പ്പെട്ട മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും അവരുടെ അണികള്‍ നഷ്ടപ്പെട്ടു പോകുന്നു എന്ന് മനസിലാക്കി രാഷ്ട്രീയമായി നിലനില്‍പ്പിനു വേണ്ടിയും, കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയും വര്‍ഗീയ സംഘടനകളുമായി ഒത്തുതീര്‍പ്പിലെത്തുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തുകൊണ്ട് ഒരു പരസ്പര സഹായസംഘമായി പ്രവര്‍ത്തിക്കുകയാണ്. കേരളത്തില്‍ അവരുടെ സംഘത്തെ തകര്‍ക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്.

അന്‍വര്‍ പറയുന്ന മസാലക്കഥകള്‍ക്ക് അപ്പുറമാണ് കാര്യങ്ങള്‍
പി വി അന്‍വര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നം എന്നാണ് മാധ്യമങ്ങള്‍ അടക്കം പറയുന്നത്. ആര്‍എസ്എസ് നേതൃത്വവും എഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ച്ച അന്‍വര്‍ ഉയര്‍ത്തിക്കൊണ്ടുവന്നതാണോ? ആ വിഷയം ജനസമക്ഷം എത്തിച്ചത് പ്രതിപക്ഷമാണ്. അതുവഴിയാണ് തൃശൂര്‍പൂരം കലക്കിയതുള്‍പ്പെടെയുള്ള വിവരം ജനം അറിഞ്ഞത്. സ്വര്‍ണക്കള്ളക്കടത്തും മറ്റുമൊക്കെ ഇതിന്റെ അനുബന്ധകാര്യങ്ങളാണ്. സുപ്രധാന പ്രശ്‌നം വെളിച്ചത്ത് കൊണ്ടു വന്നത് കോണ്‍ഗ്രസാണ്. അന്‍വര്‍ ഇടയ്ക്കിടെ മസാല പറയുന്നതുകൊണ്ട് മാധ്യമങ്ങളടക്കം അയാളുടെ പിന്നാലെ പോകുന്നതാണ്.

അന്‍വര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് തിരിച്ചു പോകും. അയാള്‍ പറഞ്ഞതിന് അപ്പുറമാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. ഞങ്ങളെ സംബന്ധിച്ച് അതാണ് പ്രധാനം. അതുകൊണ്ട് തന്നെ ആരെങ്കിലും കണ്ണുരുട്ടിയാല്‍ വഴിയിലിട്ടിട്ട് പോകാന്‍ ഞങ്ങള്‍ക്കാവില്ല, അന്‍വര്‍ പറയുന്നത് മുഴുവന്‍ ഗോസിപ്പുകളാണ്. ആ ഗോസിപ്പുകള്‍ക്കുള്ളില്‍ പോലും പ്രസക്തമായ ചില കാര്യങ്ങളുണ്ടെന്നും ഞങ്ങള്‍ കരുതുന്നു. അതായത്, ഈ പ്രതികളായവര്‍ക്ക് എവിടെ നിന്നാണ് ഇതൊക്കെ ചെയ്യാന്‍ ധൈര്യം കിട്ടിയത്? അത് പ്രസക്തമായൊരു ചോദ്യമാണ്. ആര്‍എസ്എസ്-മുഖ്യമന്ത്രി ബന്ധമാണ് അതിനുള്ള ഉത്തരം. അക്കാര്യം കേരളത്തോട് പറഞ്ഞത് കോണ്‍ഗ്രസാണ്.

അന്‍വറിനെ ഞങ്ങളൊരിക്കലും മഹത്വവത്കരിക്കില്ല
അന്‍വറിനെ ഒരിക്കലും മഹത്വവത്കരിക്കാന്‍ ഞങ്ങള്‍ തയ്യാറാകില്ല. ഒട്ടും വിശ്വാസ്യതയില്ലാത്തയാളാണ് പി വി അന്‍വര്‍. ഏത് സമയത്തും അയാള്‍ സെറ്റില്‍മെന്റിന് തയ്യാറാകും. അന്‍വര്‍ ഇവിടെ ചില ക്രിമിനല്‍വശങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അതിന്റെ മൂലകാരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിലെ ഒരു പൊലീസ് എഡിജിപി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത് ആരെങ്കിലും അറിഞ്ഞിരുന്നോ? സ്വര്‍ണം പൊട്ടിച്ചതിന്റെ വിഹിതം മുഖ്യമന്ത്രിക്കു കൊടുക്കുന്നതുകൊണ്ടല്ല, എഡിജിപി സംരക്ഷിക്കപ്പെടുന്നത്. ഇതാണ് യഥാര്‍ത്ഥ കാരണം.

അന്‍വര്‍ പറഞ്ഞത് മഞ്ഞുമലയുടെ ഒരു അഗ്രത്തെ കുറിച്ച് മാത്രമാണ്. ഞങ്ങള്‍ മഞ്ഞുമലയെ മൊത്തത്തില്‍ പുറത്തു കൊണ്ടുവരാനാണ് പോരാടുന്നത്. ഇവിടെ അന്‍വര്‍ പറയുന്നതാണോ കോണ്‍ഗ്രസ് പുറത്തു കൊണ്ടുവരുന്ന കാര്യങ്ങളാണോ പ്രധാനമെന്നത് മാധ്യമങ്ങള്‍ പരിശോധിക്കണം. അന്‍വറിന്റെ ഗോസിപ്പുകള്‍ മാത്രമാണ് കാണുന്നത്, കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോഴത്തെ കോര്‍ ഇഷ്യൂ ഉയര്‍ത്തി കൊണ്ടു വന്നിരിക്കുന്നത്.

സൈബര്‍ അണികളുടെ ഫ്രസ്ട്രഷേനാണ് അന്‍വറിനു കിട്ടുന്ന പിന്തുണ
ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അന്‍വറിന് കിട്ടുന്ന പിന്തുണ പോലും വ്യാജമാണ്. യഥാര്‍ത്ഥത്തില്‍ അത് അന്‍വറിനുള്ള പിന്തുണയല്ല, സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എതിരേ സ്വന്തം അണികള്‍ പ്രകടിപ്പിക്കുന്ന രോഷമാണ്. സിപിഎമ്മിന്റെ ഉപരിപ്ലവമായ ചിന്തകള്‍ മാത്രം കൊണ്ടു നടക്കുന്ന സൈബര്‍ അണികള്‍ക്ക് അവരുടെ നേതൃത്വത്തിനെതിരേ പ്രതികരിക്കാന്‍ മാര്‍ഗമില്ലായിരുന്നു, അതിനവര്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഒരു കെട്ടുകുതിര മാത്രമാണ് അന്‍വര്‍. സൈബര്‍ അണികളുടെ ഫ്രസ്‌ട്രേഷന്‍ അവര്‍ അന്‍വറിലൂടെ തല്ലി തീര്‍ക്കുകയാണ്. കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയത്തില്‍-സിപിഎം-ആര്‍എസ്എസ് ബന്ധം- ഒന്നും പറയാന്‍ സിപിഎം അണികള്‍ക്ക് കഴിയില്ല. മനസില്‍ അവര്‍ക്കെല്ലാം നേതൃത്വത്തോട് വിരോധമാണ്. ആ വിരോധം പ്രകടിപ്പിക്കലാണ് അന്‍വറിനുള്ള പിന്തുണ. യു പ്രതിഭ എംഎല്‍എയെ പോലുള്ളവരും അതാണ് കാണിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തെയോ പിണറായി വിജയനെയോ എന്തെങ്കിലും പറയാന്‍ അവര്‍ക്കാകില്ല, ഭയമാണ്. അതുകൊണ്ട് അന്‍വര്‍ എന്ന പൊയ്ക്കുതിരയെ അവരുടെ നിരാശ മാറ്റാന്‍ ഉപയോഗിക്കുന്നു. ഒരു പൊലീസ് ഓഫിസര്‍ ആര്‍എസ്എസ് നേതൃത്വവുമായി ബന്ധം ഉണ്ടാക്കുമ്പോള്‍, അതിനെന്താ കുഴപ്പം എന്നു ചോദിക്കുന്ന മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും ചോദ്യം ചെയ്യാന്‍ കഴിവില്ലാത്തവര്‍ അവരുടെ നിരാശ ഇങ്ങനെയൊക്കെ തീര്‍ക്കുന്നതു കാണുമ്പോള്‍, ഞങ്ങള്‍ക്ക് അവരോട് സഹതാപം മാത്രമാണ് തോന്നുന്നത്.

Post Thumbnail
കോർപറേറ്റുകളിൽ നിന്ന് ബിജെപിക്ക് കോടികൾ വാങ്ങിച്ചു നൽകുന്നതാര് ?വായിക്കുക

സിപിഐയെ വേണ്ട, സിപിഎം അവരുടെ സഖ്യകക്ഷിയെ കണ്ടെത്തി
സിപിഎമ്മിന്റെ അണികളുടെ അതേ അവസ്ഥയാണ് സിപിഐയ്ക്കുള്ളതും. സിപിഐ നിലപാട് മാറ്റണം. മുന്നണിയില്‍ കാര്യങ്ങള്‍ പറയാന്‍ ധൈര്യം കാണിക്കണം. യാഥാര്‍ത്ഥ്യം എന്തെന്നാല്‍, സിപിഎമ്മിന് ഇനി സിപിഐയെ വേണ്ട. സിപിഎം അവരുടെ സഖ്യകക്ഷിയെ കണ്ടെത്തിക്കഴിഞ്ഞു.വരും കാല കേരള രാഷ്ട്രീയത്തില്‍ ആര്‍എസ്എസ് ആണ് സിപിഎമ്മിന്റെ സഖ്യകക്ഷി. മറ്റാരെയും അവര്‍ക്ക് വേണ്ട. എഡിജിപി-പിണറായി വഴി അവര്‍ പാലമിട്ടിരിക്കുന്നത് ആര്‍എസ്എസ്-മോദി-ഷായിലേക്കാണ്. തങ്ങള്‍ക്ക് നഷ്ടമാകുന്ന വോട്ടുകള്‍ ആര്‍എസ്എസ് വഴി പരിഹരിക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. രക്തം രക്തത്തെ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് പറയാം. ഇനി കേരളം കാണാന്‍ പോകുന്നത് ആര്‍എസ്എസ്-സിപിഎം ചേര്‍ന്ന് നടത്താന്‍ പോകുന്ന തീവ്രഹിന്ദുത്വമാണ്. അതൊരിക്കലും അനുവദിക്കാന്‍ കഴിയില്ല. അതിനു വേണ്ടിയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് തുടങ്ങിയിരിക്കുന്നത്.  Congress leader m liju speaking about pv anvar allegations cm pinarayi vijayan adgp mr ajith kumar rss controversies 

content Summary; Congress leader m liju speaking about pv anvar allegations cm pinarayi vijayan adgp mr ajith kumar rss controversies

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

×