പഞ്ചായത്ത് അംഗത്തിന്റെയും അമ്മയുടെയും ആത്മഹത്യ: പിന്നിൽ ബിജെപി പ്രാദേശിക നേതൃത്വമെന്ന് ആരോപണം

ആത്മഹത്യക്കുറിപ്പിലെ പേരുകളെല്ലാം പ്രാദേശിക ബിജെപി നേതാക്കളുടേത്

തിരുവനന്തപുരം വക്കത്ത് ആത്മഹത്യ ചെയ്ത വാർഡ് മെമ്പർ അരുൺ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി വിവരം. അരുണിന്റെ കത്തിൽ പറയുന്ന വ്യക്തികളുമായുള്ള പ്രശ്‍നങ്ങളെ തുടർന്ന് അരുൺ മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായാണ് വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു അഴിമുഖത്തോട് പറഞ്ഞത്. മരിക്കുന്നതിന് മുൻപ് അരുൺ തന്നെയാണ് സഹപ്രവർത്തകരോട് ഈ കാര്യം പറഞ്ഞത്, ആരോപണ വിധേയരായ ആളുകളും അരുണും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഉത്രാട സമയത്ത് ഇവരും അരുണുമായി ചെറിയ സംഘർഷം ഉണ്ടായി.

ആ കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ അരുൺ ജാതി പേര് പറഞ്ഞ് ആക്ഷേപിച്ചു എന്ന് പറഞ്ഞാണ് പ്രശ്നങ്ങൾ രൂക്ഷമായത്. പരാതിയുടെ അടിസ്ഥാനത്തിൽ കോടതി മുഖാന്തരമാണ് അരുണിനെതിരെ കേസെടുത്തിരുന്നതെന്നും ബിഷ്ണു പറഞ്ഞു. ഇരു കൂട്ടർക്കുമിടയിലുണ്ടായ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് ഇടപെട്ടിരുന്നതായും, നാട്ടുകാർക്ക് വളരെ പ്രിയപ്പെട്ട മെമ്പറും ഒരു നല്ല ജനപ്രതിനിധി ആയിരുന്നു അദ്ദേഹമെന്നും ബിഷ്ണു കൂട്ടിച്ചേർത്തു. തനിക്കെതിരെ നൽകിയ കള്ളക്കേസിൽ മനം നൊന്താണ് ആത്മഹത്യ എന്നാണ് അരുണിന്റെ ആത്മഹത്യ കുറിപ്പിലുള്ളത്.

അരുണും അമ്മ വത്സലയും ജീവനൊടുക്കിയതിന് കാരണക്കാര്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് ആരോപണമുയരുന്നത്. അരുണിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ച പേരുകളെല്ലാം പ്രാദേശിക ബിജെപി നേതാക്കളുടേതും പ്രവര്‍ത്തകരുടേതുമാണ്. മോശമാക്കി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടാണ് ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയതെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിജെപി പ്രാദേശിക നേതൃത്വമാണെന്നുമാണ് ആരോപണം.

പ്രദേശവാസികളായ ബിജെപി പ്രവർത്തകർ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് കാരണക്കാരെന്ന് കാണിച്ച് അരുൺ സുഹൃത്തുക്കൾക്ക് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. പഞ്ചായത്ത് അംഗത്തിന്റെ ലെറ്റർ പാഡിലാണ് ആത്മഹത്യ കുറിപ്പ് എഴുതി അയച്ചത്. തനിക്കെതിരായ ജാതി കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പിൽ പറയുന്നു. മോഷണക്കേസ് നൽകിയ സജി മണിലാൽ എന്നയാളുടെ പേരും കുറിപ്പിൽ ഉണ്ട്.

തനിക്കെതിരെ വ്യാജ ജാതി കേസും മോഷണ കേസും കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് അയച്ച കുറിപ്പിൽ പറയുന്നു. കേസ് കാരണം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുക്കാനും പാസ്‌പോർട്ട് പുതുക്കാനും പോലും കഴിയാത്ത സ്ഥിതിയാണ്. മാനസിക വിഷമത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിലുണ്ട്. വക്കം പഞ്ചയത്തിലെ കോൺഗ്രസ് അംഗമായ അരുൺ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു.

content summary: congress ward member, mother die by suicide

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment