ലണ്ടനിലെ സയൻസ് മ്യൂസിയത്തിലെ ഗ്രീൻ എനർജി വിഭാഗത്തിന് വേണ്ടി ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനി നാല് മില്ല്യൺ പൗണ്ട്(43 കോടി) സംഭാകന നൽകിയതായി റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ്ജ ശാഖയാണ് സ്പോൺസർഷിപ്പ് കരാറിന് പണം നൽകിയതെന്ന് യുകെ കാബിനറ്റ് ഓഫീസ് രേഖകൾ സൂചിപ്പിക്കുന്നു.
ആക്ടിവിസ്റ്റ് ഗ്രൂപ്പായ കൾച്ചർ അൺസ്റ്റെയിൻഡ് നടത്തിയ വിവരാവകാശ അഭ്യർത്ഥനയിലൂടെ രേഖകൾ ലഭിച്ചതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പുറത്തുവന്നതോടെ യുഎസിൽ ഗൗതം അദാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷവും അദാനിയുമായി സ്പോൺസർഷിപ്പ് കരാർ തുടർന്നതിന് സയൻസ് മ്യൂസിയം ഗ്രൂപ്പിന്റെ സിഇഒ ആയ സർ ഇയാൻ ബ്ലാച്ച്ഫോർഡിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. തുടർന്ന് മ്യൂസിയത്തിൽ നിന്ന് രണ്ട് ട്രസ്റ്റികൾ രാജിവയ്ക്കുകയും ചെയ്തു.
തുറമുഖങ്ങൾ മുതൽ മാധ്യമങ്ങളിൽ വരെ സ്വാധീനമുള്ള അദാനിയുടെ ബിസിനസ് സാമ്രാജ്യം ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ ഉൽപ്പാദകരായി അദാനി ഗ്രൂപ്പിനെ മാറ്റി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കൽക്കരി ഖനന, വ്യാപാര ഗ്രൂപ്പായി അദാനി ഗ്രൂപ്പ് തുടരുന്ന സമയത്താണിതെന്നത് ശ്രദ്ധേയമാണ്.
അമേരിക്കന്‍ ഷോര്‍ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിക്കെതിരെ തട്ടിപ്പ് ആരോപണങ്ങള്‍ ഉന്നയിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ 2023 ന്റെ തുടക്കം മുതൽ അദാനി ഗ്രൂപ്പ് അന്വേഷണം നേരിടുകയാണ്. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിച്ചു.
2024 നവംബറിൽ സൗരോര്‍ജ്ജ പദ്ധതികളുടെ കരാറുകളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 2209 കോടി(265 മില്യണ്‍ ഡോളര്‍) കൈക്കൂലി നല്‍കിയെന്ന കേസില്‍ ഗൗതം അദാനിക്കെതിരേ ന്യൂയോര്‍ക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിയിരുന്നു. ഈ ആരോപണങ്ങളെയും അടിസ്ഥാനരഹിതം എന്നാണ് അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ വർഷം തുറന്ന മ്യൂസിയത്തിന്റെ എനർജി റെവല്യൂഷൻ: ദി അദാനി ഗ്രീൻ എനർജി ഗാലറി എന്ന പ്രദർശനത്തിനെതിരെ പരിസ്ഥിതി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 2023-24 ലെ സയൻസ് മ്യൂസിയം ഗ്രൂപ്പിന്റെ ആകെ വരുമാനമായ 125.7 മില്യൺ പൗണ്ടുമായി താരതമ്യം ചെയ്യുമ്പോൾ അദാനിയിൽ നിന്നുള്ള 4 മില്യൺ പൗണ്ടിന്റെ സ്പോൺസർഷിപ്പ് വളരെ ചെറുതാണ്.
അദാനിക്കെതിരെ ന്യൂയോർക്ക് കോടതി ചുമത്തിയ ആരോപണങ്ങളുടെ വിശദാംശങ്ങൾ മ്യൂസിയം നിരീക്ഷിച്ചുവരികയാണെന്നും സ്പോൺസർഷിപ്പ് കരാറുകളുടെ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്നും സയൻസ് മ്യൂസിയം അറിയിച്ചു.
അദാനി ഗ്രീൻ എനർജി സ്പോൺസർ ചെയ്ത ഊർജ്ജ വിപ്ലവം ഗാലറി അര ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചുവെന്ന് യുകെയിലെ സയൻസ് മ്യൂസിയം അധികൃതർ പറഞ്ഞു. 2022 ഏപ്രിലിൽ ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനി മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഇന്ത്യയിൽ കൂടിക്കാഴ്ച നടത്തിയതായി യുകെ കാബിനറ്റ് ഓഫീസിൽ നിന്നുള്ള രേഖകൾ വെളിപ്പെടുത്തുന്നു.
ഹൈഡ്രജൻ ഉൽപാദനത്തിലും അദാനി ഗ്രൂപ്പ് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതായി ബോറിസ് ജോൺസണുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, ഹൈഡ്രജൻ എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിൽ യുകെ സർക്കാരിന് എങ്ങനെ സഹായിക്കാനാകുമെന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.
Content Summary: Controversial sponsor ship: Adani paid 43 crores to London Science Museum
London’s Science Museum Gautam Adani