July 04, 2026 |
Share on

ജൻ സുരാജ് ഫണ്ടിംഗ് വിവാദം;’241 കോടി മോഷ്ടിച്ചതല്ല, കൺസൾട്ടിംഗിലൂടെ നേടിയത്’

വെളിപ്പെടുത്തലുമായി പ്രശാന്ത് കിഷോര്‍

ജൻ സുരാജ് പാർട്ടിയുടെ ഫണ്ടിങ്ങിനെക്കുറിച്ച് ബിജെപി നേതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെ തന്റെ വരുമാന സ്രോതസുകളെക്കുറിച്ച് വെളിപ്പെടുത്തി പാർട്ടി സ്ഥാപകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബിസിനസ് കൺസൾട്ടിംഗിലൂടെ 241 കോടി രൂപ ഞാൻ സമ്പാദിച്ചു. ഇതിൽ നിന്ന് ഏകദേശം 51 കോടി രൂപ നികുതിയായി അടയ്ക്കുകയും തന്റെ പാർട്ടിയായ ജൻ സുരാജിന് 99 കോടി രൂപ സംഭാവന നൽകിയതായുമാണ് പ്രശാന്ത് കിഷോറിന്റെ വെളിപ്പെടുത്തൽ. പട്നയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് തന്റെ വരുമാന സ്രോതസുകൾ എന്തൊക്കെയാണ് പ്രശാന്ത് കിഷോർ വെളിപ്പെടുത്തിയത്.

സുതാര്യവും വെടിപ്പുള്ളതുമാണ് ജൻ സുരാജ് പാർട്ടിയുടെ ഫണ്ടിങ്ങ്. മുൻപ് ഒരു ഉപദേഷ്ടാവെന്ന് നിലയിൽ ഞാൻ സേവനങ്ങൾക്ക് പണം ഈടാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ അതിൽ നിന്ന് മാറി ഒരു ഉപദേഷ്ടാവെന്ന നിലയിൽ ഞാൻ ആളുകളിൽ നിന്ന് പണം വാങ്ങുന്നുണ്ട്. അങ്ങനെയാണ് മൂന്ന് വർഷം കൊണ്ട് താൻ 241 കോടി സമ്പാദിച്ചതെന്ന് പ്രശാന്ത് കിഷോർ പറയുന്നു. ജിഎസ്ടിയായി 31 കോടി രൂപയും ആദായ നികുതിയായി 20 കോടി രൂപയും നൽകി. ജൻ സുരാജ് പാർട്ടിയ്ക്ക് 98.5 കോടി രൂപ ചെക്ക് വഴി സംഭാവന ചെയ്തുവെന്നും കിഷോർ മാധ്യമങ്ങളോട് പറഞ്ഞു. ഇ ഡി വഴിയോ മറ്റേതെങ്കിലും വഴിയോ തന്റെ വരുമാനത്തിന്റെ സ്രോതസുകൾ അന്വേഷിക്കാനും പ്രശാന്ത് കിഷോർ സർക്കാരിനെ വെല്ലുവിളിച്ചു.

2021 ബിസിനസ് ഉപദേഷ്ടാവെന്ന സ്ഥാനത്ത് നിന്ന് വിട്ടു നിന്നതിന് ശേഷമാണ് 2022ൽ പ്രശാന്ത് കിഷോർ ജൻ സുരാജ് പാർട്ടി രൂപീകരിക്കുന്നത്. ഒരു രാഷ്ട്രീയ ഉപദേഷ്ടാവ് എന്ന നിലയിൽ ലഭിച്ച വരുമാനമാണ് തൻ്റെ പ്രധാന സാമ്പത്തിക സ്രോതസ്സെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ള എല്ലാ സംഭാവനകളും ചെക്ക് വഴിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്ക് മറ്റുള്ളവരിൽ നിന്ന് സംഭാവനകൾ ലഭിച്ചിട്ടുണ്ട്. എന്റെ വരുമാന സ്രോതസുകളെക്കുറിച്ച് ആരോപണങ്ങളുയരുന്നുണ്ടെങ്കിലും ഞാൻ നിരപരാധിയാണ്. ബിഹാറിലേക്ക് ഞാനെത്തിയത് പണം സമ്പാദിക്കാനല്ല. എന്റെ പക്കലുള്ള പണത്തെക്കുറിച്ച് സർക്കാരിന് അന്വേഷിക്കാം. നിലവിലെ വ്യവസ്ഥ മാറുന്നത് വരെ ഞാൻ ബിഹാറിൽ തന്നെ തുടരും.

ബിജെപിയിലെ ചില യുവനേതാക്കൾ ഒരു പത്രസമ്മേളനം നടത്തുകയും പ്രശാന്ത് കിഷോറിന് പണം എവിടെ നിന്ന് ലഭിക്കുന്നുവെന്ന് ചോദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, ബിസിനസ് കൺസൾട്ടിംഗ് വഴി ഞാൻ 241 കോടി രൂപ സമ്പാദിച്ചു. ഇത് ഉപദേശം നൽകി ഉണ്ടാക്കിയ പണമാണ്, മോഷ്ടിച്ചതല്ല. ഇതിന് 30.95 കോടി രൂപ ജിഎസ്‌ടി അടച്ചു. 20 കോടി രൂപ ആദായനികുതി നൽകി. ബാക്കിയുള്ള തുകയിൽ നിന്നാണ് 98.75 കോടി രൂപ ജൻ സുരാജ് പാർട്ടിക്ക് സംഭാവനയായി നൽകിയത്. ഞങ്ങൾ കഠിനാധ്വാനം ചെയ്ത് നേടിയ പണമാണ് നിക്ഷേപിക്കുന്നത്.

ജൻ സുരാജിനെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പ് ആദ്യത്തെ പ്രധാന പരീക്ഷണമായിരിക്കും. കിഷോർ തൻ്റെ പാർട്ടിക്കായി ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. നിരവധി ബിജെപി, ജെഡിയു നേതാക്കൾക്കെതിരെ അദ്ദേഹം അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ജെഡിയു മന്ത്രി അശോക് ചൌധരിയ്ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് കിഷോർ പറഞ്ഞു. വക്കീൽ നോട്ടീസ് പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ചൌധരിയുടെ 500 കോടി രൂപയുടെ സ്വത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് കിഷോർ പറഞ്ഞു.

content summary: The 241 crore wasn’t stolen it was legitimately earned through consulting services, Prashant Kishor clarifies Jan Suraj funding controversy

Leave a Reply

Your email address will not be published. Required fields are marked *

×