December 10, 2024 |

കോപ്പയ്ക്ക് നാളെ കിക്കോഫ്; ഇന്ത്യയില്‍ ലൈവ് സ്ട്രീമിങ് ഇല്ല, എങ്ങനെ കാണാം

ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല

യൂറോ കപ്പിന് പിന്നാലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമൊരുക്കി കോപ്പ അമേരിക്കയും നാളെ വിരുന്നെത്തുന്നു. തെക്കേ അമേരിക്കന്‍ വന്‍കര ടൂര്‍ണമെന്റ് ആണെങ്കിലും ഇക്കുറി ആറു വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളെ കൂടി ഉള്‍കൊള്ളിച്ചാണ് കോപ്പയുടെ വരവ്. അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന യുഎസ്എയ്ക്ക് ഇത് മികച്ച തയാറെടുപ്പിനുള്ള അവസരമാണ്. ഒരുവശത്ത് ലയണല്‍ മെസ്സിയും സംഘവും അപ്പുറത്ത് വിനീഷ്യസും സംഘവും ഇറങ്ങുമ്പോള്‍ ഫുട്‌ബോള്‍ ലോകവും രണ്ടാവും. അര്‍ജന്റീനയും ബ്രസീലുമായി അവര്‍ പിരിയും. യൂറോപ്പിലെ വീറും വാശിയും തെക്കേഅമേരിക്കയിലേക്ക് കൂടി എത്തുന്നതോടെ ആവേശം ഇരട്ടിയാകും.

അതേസമയം മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ടെലിവിഷനില്‍ സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കും ലൈവ് സ്ട്രീമിംഗില്‍ ഫാന്‍കോഡും മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അവസാന നിമിഷം പിന്‍മാറി. പുലര്‍ച്ചെ 3.30നും 5.30നുമെല്ലാം നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ ആളുണ്ടാവില്ലെന്ന ആശങ്കയാണ് പിന്‍മാറ്റത്തിന് പിന്നില്‍.കളി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍കെ ആരും ടെലികാസ്റ്റ് ഏറ്റെടുക്കാത്തത് ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ഇനി ചില ആപുകള്‍ മാത്രമാണ് കോപാ അമേരിക്ക ടൂര്‍ണമെന്റ് കാണാനുള്ള ഏക പോം വഴി. ആന്‍ഡ്രോയിഡ് ഉപോയോക്താക്കള്‍ക്ക് എച്ച്.ഡി സ്ട്രീമര്‍ ആപ് മത്സരം വീക്ഷിക്കാം.കൂടാതെ ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും ഫ്രീ ആയി വീക്ഷിക്കാന്‍ കഴിയുന്ന വിസിവിഗ് ആപിലൂടെയും മത്സരം കാണാനാകും. വൈമാക്സ് പ്ലസിലൂടെയും ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്ക് മത്സരം ആസ്വദിക്കാനാകും.

വെളളിയാഴ്ച പുലര്‍ച്ചെ 5.30ന് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയുമായി കളിക്കാനിറങ്ങുന്നതോടെ ടൂര്‍ണമെന്റിന് കിക്കോഫാകും. അമേരിക്കയിലെ 14 വേദികളിലായാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 15വട്ടം കിരീടം നേടിയിട്ടുണ്ട്.
സ്‌കാലോനിയുടെ പരിശീലന മികവില്‍ ഒരിക്കല്‍ കൂടി കിരീടത്തില്‍ മുത്തമിടാനാണ് നിലവിലെ ലോകചാമ്പ്യന്‍മാര്‍ എത്തുന്നത്. അവസാനം കളിച്ച 14 കളികളില്‍ 13-ലും ജയിച്ച ഗാഥയാണ് അതിനുള്ള കരുത്ത്.കിരീടനേട്ടത്തോടെ കോപ്പയില്‍ നിന്ന് വിടപറയാനാകും ഇതിഹാസ നായകന്‍ ലയണല്‍ മെസിയുടെ ശ്രമം.

അവസാന പരിശീലന സെഷനില്‍ 4-4-2 ഫോര്‍മേഷനില്‍ താരങ്ങളെ വിന്യസിച്ചതോടെ തന്നെ സ്‌കലോണി തയ്യാറാക്കിയ അന്തിമ ഇലവന്‍ പ്രവചിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധ നിരയിലേക്ക് എത്തുക മൊളീനക്കും റൊമേറോയ്ക്കും നിക്കോളാസിനുമൊപ്പം ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, അല്ലെങ്കില്‍ നിക്കോളാസ് ഒട്ടമെന്‍ഡി ആയിരിക്കും. ഗോള്‍കീപ്പറായി എമിലിയാനോ മാര്‍ട്ടിനസ്. മധ്യനിരയില്‍ പടനയിക്കാനെത്തുക ഏഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡസ് എന്നിവരും അവസരം കാത്ത്
മക് അലിസറ്ററിനോ എന്‍സോ ഫെര്‍ണാണ്ടസിനോയുമുണ്ടാവും.
മുന്നേറ്റത്തില്‍ മെസിക്കൊപ്പം ഇടംപിടിക്കാന്‍ ജൂലിയന്‍ അല്‍വാരസും ലൗതാറോ മാര്‍ട്ടിനസും എത്തും.കോപ്പയില്‍ ആദ്യ പോരിനിറങ്ങുന്ന കാനഡയ്ക്ക് അര്‍ജന്റീനയെ പിടിച്ചുകെട്ടുക വെല്ലുവിളിയാകും.
കാനഡയും അര്‍ജന്റീനയും ഇതിന് മുമ്പ് ഒറ്റ തവണയാണ് പോരിനിറങ്ങിയത്. 2010ല്‍ നടന്ന സൗഹൃദമത്സത്തില്‍ അര്‍ജന്റീന അഞ്ചുഗോളുകള്‍ക്കാണ് കാനഡയെ തറപറ്റിച്ചത്.ബയേണ്‍ മ്യുണിക്കിന്റെ അല്‍ഫോന്‍സോ ഡേവിസും പോര്‍ട്ടോയുടെ സ്റ്റീഫന്‍ യുസ്റ്റകിയോയും ലിലിയുടെ ജൊനാഥന്‍ ഡേവിഡുമാണ് കനേഡിയന്‍ നിരയില്‍ നാലാളറിയുന്നതാരങ്ങള്‍.

 

English summary: Copa América 2024: Everything you need to know

 

×