UPDATES

ലക്ഷ്യത്തിലെത്തിച്ച ഇന്ധനം ആത്മധൈര്യത്തിന്റെതാണ്; അഖിലിന് നടന്നു കയറാനുള്ളത് ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷയിലേക്ക്

ആത്മധൈര്യം കൊണ്ട് ഉന്നം പിടിച്ച് വിജയ യാത്രയിൽ അഖിൽ

                       

19-ാം വയസിൽ വിധി വില്ലന്റെ രൂപത്തിൽ അഖിലിന്റെ ജീവിതവും പ്രതീക്ഷകളും തട്ടിയെടുക്കുകയായിരുന്നു. വിളിക്കാതെ വന്ന അഥിതി ആയെത്തിയ ബൈക്ക് അപകടം ജീവിതം വീൽ ചെയറിൽ ആക്കിയിട്ട് 8 വർഷം ആകുമ്പോഴും തളരാതെ പോരാടുകയാണ് അഖിൽ. വീൽചെയറിലാണെങ്കിലും തളരാത്ത മനസ്സുമായി ഉന്നം പിഴയ്ക്കാതെ അഖിൽ എസ് സാം പാലക്കാട് നടന്ന സംസ്ഥാന എയർ റൈഫിൾസ്റ്റാന്റിങ് ചാമ്പ്യ ൻഷിപ്പിൽ 10 മീറ്ററിൽ ഒന്നാം സ്ഥാനത്തെത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അഖിൽ എസ് പരിമിതികളോട് പടവെട്ടി നേടിയതാണ് വിജയങ്ങളൊക്കെയും തനിക്ക് ഇനിയും നേടാൻ ഒരു പാടുണ്ടെന്ന് പറയുകയാണ് അഖിൽ. courage is the fuel to reach the goal akhil interview

ജീവിതത്തിൽ ചിലതെല്ലാം നിനച്ചിരിക്കാത്ത നേരത്ത് കടന്ന് വന്നു കളയും എന്ന് വേദന കലർന്ന പുഞ്ചിരിയോടെയാണ് അഖിൽ പറഞ്ഞത്. 2016ൽ കെഎസ്ആർടിസി ബസിൽ ബൈക്കിടിച്ച് ഉണ്ടായ അപകടമാണ് അഖിലിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. പിന്നീട് അങ്ങോട്ട് ജീവിക്കാനുള്ള പോരാട്ടമായിരുന്നു.

ശരീരം എന്നെ കൊണ്ട് സാധിക്കില്ലെന്ന് പറഞ്ഞടുത്ത് നിന്നും കഴിയും’ എന്ന് എൻ്റെ മനസ്സിനെ കൊണ്ട് തിരുത്തി പറയിച്ചാണ് ജീവിതം ഞാൻ തിരിച്ച് പിടിച്ചത്. പകൽ പഠിക്കാൻ പോയും രാത്രി പെട്രോൾ പമ്പിൽ ജോലിക്കും പോയും ആണ് ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പട്ടാളത്തിൽ ജോലിക്ക് ചേരാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായ അവസരം കൂടി ആയിരുന്നു അത്. ആരെയും ആശ്രയിക്കാതെ എനിക്ക് പഠിക്കാനുള്ളതും ചിലവിനുള്ളതുമായ തുക കണ്ടെത്തുക എന്നതായിരുന്നു രാത്രിയിലെ ജോലിയുടെ ലക്ഷ്യം.

ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. സ്പൈനൽ കോഡിൽ തകരാറുണ്ടായി. അരയ്ക്ക് താഴേയ്ക്ക് ചലനമറ്റു. ഒരു ശരാശരി കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമായിരുന്നു എന്റെ ചികിത്സാ ചെലവുകൾ. ഏകദേശം ഒരു വർഷത്തോളം ചികിത്സയും മറ്റുമായി കടന്നു പോയി, ഏറെ നാളുകൾക്ക് ശേഷമാണ് വീൽചെയറിൽ ഇരിക്കാവുന്ന പരുവമായത് തന്നെ. അക്കാലത്തെല്ലാം ജീവിതത്തിൽ ഇനി എന്ത് ചെയ്യും എന്ന ശൂന്യതയായിരുന്നു മനസ് നിറയെ. ആദ്യമെല്ലാം ഒരു തരം മരവിപ്പായിരുന്നു എനിക്ക് ചുറ്റും. ഏതാണ്ട് ഒന്നര വർഷത്തോളം, ആശുപത്രിയിലെ നാല് ചുവരുകൾ മാത്രമായിരുന്നു എൻ്റെ ലോകം. പിന്നീട് പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴാകട്ടെ ചുറ്റിനുമുള്ളവരുടെ സഹതാപം കലർന്ന നോട്ടവും, പെരുമാറ്റവും മനസ് മടുപ്പിക്കുന്നതായിരുന്നു. അത്രയും നാൾ ആരെയും ആശ്രയിക്കാതെ ജീവിച്ച എനിക്ക് ഒന്ന് എണീറ്റിരിക്കാൻ പോലും പരസഹായം തേടേണ്ട അവസ്ഥ വല്ലാത്ത മടുപ്പ് പൊതിയുന്ന തരത്തിലുള്ളതായിരുന്നു. പലരും ഒരു അന്യഗ്രഹ ജീവിയോടെന്ന പോലെയാണ് എന്നോട് പെരുമാറിയിരുന്നത്  അതിൽ നിന്നുള്ള മോചനം കൂടിയായിരുന്നു പരിശീലനം. courage is the fuel to reach the goal akhil interview

ജീവിതത്തിലെ വഴിത്തിരിവ്

മരുന്നിനും തുടർ ചികിത്സാ ചിലവുകൾക്കുമായി ലോട്ടറി കച്ചവടം മുതൽ പലതരം ജോലികൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ദിനം പ്രതി ചികിൽസാ ചിലവുകൾ ഏറിവന്നപ്പോൾ ഞാനൊരു അധികഭാരമാണോ എന്നു വരെ മനസ്സിൽ തോന്നിയിരുന്നു. അപ്പോഴെല്ലാം താങ്ങായി നിന്നത് കുടുംബവും സുഹൃത്തുക്കളുമാണ്. നേരത്തെ പറഞ്ഞത് പോലെ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും പല അതിഥികളും നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. അത്തരത്തിൽ എന്റെ ജീവിതത്തിലേക്ക് അവിചാരിതമായി എത്തിയ ഇന്റർനാഷണൽ ഷൂട്ടിംഗ് താരമായ സിദ്ധാർത്ഥൻ സാറിലുടെയാണ് ഞാൻ ജീവിതത്തിൻ്റെ പുതിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത്. ഫിസിയോ തെറാപിയുടെ ഭാഗമായിട്ടാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ എൻ്റെ സുഹൃത്തിൻ്റെ ജിമ്മിൽ വച്ച് പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് അങ്ങോട്ട് എൻ്റെ മുന്നോട്ടുള്ള ജീവിത വഴിയിൽ കൈത്താങ്ങായി നിന്നത്. കാലുകളിലെ സ്വാധീനക്കുറവ് ഒരു കുറവല്ല എന്ന് തെളിയിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം കൊണ്ടെത്തിച്ചത് പാരാലിമ്പിക്സ് വേദിയിലാണ്. അദ്ദേഹമാണ് എന്റെ പ്രചോദനം. ഈ മെഡലിനൊപ്പം ഇനി എനിക്ക് ചേർത്ത് വയ്ക്കാനുള്ളത് പാരാലിമ്പിക്സിൽ ഞാൻ പൊരുതി നേടിയ മെഡൽ കൂടി വെക്കണം എന്നാണ്  ആഗ്രഹം. ജീവിതം അവസാനിച്ചു എന്നിടത്ത് നിന്നും ഉയർത്തെഴുന്നേൽക്കാനും സ്വപ്നം കാണാനും തുടങ്ങുകയായിരുന്നു ഞാൻ.

ആദ്യം വിനോദം എന്നനിലയിക്ക്‌ തുടങ്ങിയ പരിശീലനം പിന്നീട് അങ്ങോട്ട് എന്റെ ജീവിത ലക്ഷ്യമായി മാറുകയായിരുന്നു. ഒടുവിൽ സംസ്ഥാന എയർ റൈഫിൾസ്റ്റാന്റിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്ററിൽ സ്വർണ്ണം നേടി. അതെനിക്കൊരു തിരിച്ചറിവായിരുന്നു പരിമിതികളൊന്നും പരാജയങ്ങൾക്ക് കാരണമല്ല മറിച്ച് മുന്നേറണം എന്ന വാശി മാത്രം മതി. പിന്നീട് മത്സരങ്ങളുടെ നിലയ്ക്കാത്ത പരിശീലനങ്ങളുടെയും നാളുകളായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച അതൊന്നും അത്ര എളുപ്പമുള്ളതായിരുന്നില്ല. സംസ്ഥാനതലത്തിൽ നിന്നും സോൺ തലത്തിലേയ്ക്കായിരുന്നു പിന്നീടുള്ള മത്സരങ്ങൾ. സാമ്പത്തികം കൊണ്ടും ശാരീരിക അവസ്ഥകൾ കൊണ്ടും, ഞാൻ കരുതിയത് പോലെ അത്ര എളുപ്പമായിരുന്നില്ല മത്സരങ്ങൾ. പലയിടത്തും പരാജയപ്പെട്ടെങ്കിലും അതൊന്നും എന്നെ തളർത്താൻ പോന്നതായിരുന്നില്ല.

പണമാണ് വില്ലൻ

ഇനി എൻ്റെ മുന്നിൽ ഉള്ളത് ട്രെയ്ൽസിൽ നിന്ന് നിന്നും ഇന്ത്യൻ ടീമിലെത്തി മെഡൽ നേടണമെന്നതാണ് എൻ്റെ മുന്നിലുള്ള ലക്ഷ്യം. നാല് വർഷം വട്ടിയൂർക്കാവ് ഇൻറർനാഷണൽ ഷൂട്ടർ റേഞ്ചിൽ പരിശീലനം നേടിയാണ് ഓരോ മത്സരത്തിന് ഇറങ്ങുന്നത്. സാമ്പത്തിക ഞെരുക്കം കാരണം പലപ്പോഴും പരിശീലനം മുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ രണ്ട് മാസം പരിശീലനം വീണ്ടും ഊർജിതമാക്കിയാണ് പാലക്കാട് നടന്ന സംസ്ഥാന എയർ റൈഫിൾ സ്റ്റാൻഡിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയത്. ലക്ഷ്യത്തിലേക്ക് എത്തുന്നതിന് എന്റെ മുന്നിൽ ഒരു പാട് കടമ്പകളുണ്ട്. ദേശീയ മത്സരത്തിൽ പങ്കെടുക്കുമ്പോൾ കൺട്രോൾ പരിശോധന ഉണ്ടാവും. ഗൺ, ജാക്കറ്റ്,വീൽ ചെയർ എന്നിവയെല്ലാം വിശദമായി പരിശോധിക്കും. ഇപ്പോൾ എന്റെ കൈവശമുള്ള എയർ റൈഫിൾ ബേസിക് വിഭാഗത്തിലുള്ളതാണ്, ഒരുലക്ഷത്തി നാൽപ്പത്തി രണ്ടായിരം രൂപ ഇതിന് വിലയുണ്ട്. ദേശീയ തലത്തിൽ അഡ്വാൻസ്‌ഡ് റൈഫിൾ വേണം ഇതിനുള്ള തുക കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഞാൻ. ട്രയൽ മത്സരങ്ങൾക്ക് പോകണമെങ്കിൽ കുറഞ്ഞത് 50,000 രൂപയെങ്കിലും ആകും. ലക്ഷ്യം വലുതാണെങ്കിലും അത് നേടണം എന്ന എൻ്റെ ആഗ്രഹം അതിലേറെ വലുതാണ്, അതുകൊണ്ട് ഞാൻ നേടുക തന്നെ ചെയ്യും.

content summary; courage is the fuel to reach the goal Akhil has to Akhil has to walk into India’s Olympic hopes

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍