സിപിഎം സൈബര്‍ പോരാളികള്‍, ഇന്നലെ വരെ പിന്തുണച്ചിരുന്ന അന്‍വറിനെതിരേ അണി നിരന്നിരിക്കുകയാണ്
പി വി അന്‍വറാണ് ഇപ്പോള്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലെയും വാര്‍ത്ത’ താരം’ . എന്നാല്‍ ഇതുവരെ അന്‍വറിന് സോഷ്യല്‍ മീഡിയ വഴി കിട്ടിയിരുന്ന പിന്തുണയ്ക്ക് കുറവ് വന്നിരിക്കുകയാണ്. അന്‍വറിന്റെ മുന്‍കാല പോസ്റ്റുകള്‍ക്ക് കിട്ടിയിരുന്ന ലൈക്കുകളുമായി താരതമ്യം ചെയ്താല്‍ വ്യാഴാഴ്ച്ചത്തെ വാര്‍ത്ത സമ്മേളനത്തിന് ശേഷം ഇട്ടിരിക്കുന്ന പോസ്റ്റിനോട് പ്രതികരണം കുറവാണ്. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും അന്‍വര്‍ അപമാനിച്ചതോടെ സിപിഎം സൈബര്‍ പോരാളികള്‍, ഇന്നലെ വരെ പിന്തുണച്ചിരുന്ന അന്‍വറിനെതിരേ അണി നിരന്നിരിക്കുകയാണ്.
പൊലീസിനെതിരേ അന്‍വര്‍ ആക്ഷേപങ്ങള്‍ തുടങ്ങിയ സമയത്ത്, അത്തരം ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍ക്ക് വലിയ തോതിലുള്ള സ്വീകരണമായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഇരുപതിനായിരത്തിനു മുകളിലാണ് ഓരോ പോസ്റ്റിനും കിട്ടിയിരിക്കുന്ന ലൈക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും സിപിഎം/ ഇടതുപക്ഷ പ്രവര്‍ത്തകരുടെതായിരുന്നു. നേരത്തെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനും അതിന്റെ ഉടമയ്ക്കും എതിരെയുള്ള അന്‍വറിന്റെ ‘ പോരാട്ട’ സമയത്തും ഓരോ പോസ്റ്റിനും ലൈക്ക് അടിക്കുന്നവരില്‍ മുമ്പില്‍ ഇടതുപക്ഷക്കാരായിരുന്നു. അന്‍വറിന്റെ ഓരോ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയായിരുന്നു. രണ്‍ജി പണിക്കര്‍ സിനിമയിലെ ഡയലോഗുകള്‍ പോലെ, അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളെ കൊണ്ടാടപ്പെട്ടു.
സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി, തന്റെ രാഷ്ട്രീയ ജീവിതം വളര്‍ത്തിക്കൊണ്ടു വന്നതില്‍ നിലവില്‍ അന്‍വറിനോളം മികവ് കാട്ടിയ രാഷ്ട്രീയക്കാര്‍ കേരളത്തില്‍ വേറെയില്ല. പറമ്പില്‍ പണിയെടുക്കാതെ തന്നെ, സൈബര്‍ ലോകത്തെ സഖാക്കള്‍ക്കിടയില്‍, അന്‍വറിന്‍ ഒരു സഖാവ് ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. മുന്‍കാല രാഷ്ട്രീയവും, സംശയാസ്തപദമായ ബിസിനസുകളുമെല്ലാം അന്‍വറിന് ഭംഗിയായി മറച്ചുവയ്ക്കാന്‍ സാധിച്ചു. തന്റെ രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപങ്ങളും, നിയമപ്രശ്‌നങ്ങളും പ്രതിരോധിക്കാനും അന്‍വറിന് സഹായകമായത് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയെടുത്തിരുന്ന പേരായിരുന്നു. ഗുരുതരമായ പരാതികളാണ് അന്‍വറിനെതിരേ ഉണ്ടായിട്ടുള്ളത്. കോടതികള്‍ വരെ വിരല്‍ ചൂണ്ടിയിട്ടും അന്‍വറിന്റെ ഇമേജ് ഇടിയാതെ നോക്കിയത് സൈബര്‍ അണികളായിരുന്നു.
ആഭ്യന്തര വകുപ്പിനെതിരേ അന്‍വര്‍ ഇറങ്ങിപുറപ്പെട്ടപ്പോഴും, ഒപ്പമുണ്ടെന്ന് അറിയിച്ചവരില്‍ ഏറിയ പങ്കും ഇടത് സൈബര്‍ അണികള്‍ തന്നെയായിരുന്നു. ഇപ്പോഴും അന്‍വറിന്റെ പോസ്റ്റുകള്‍ക്ക് താഴെ, ലൈക്ക് ആയും കമന്റായും അതിനുള്ള തെളിവുകള്‍ കിടക്കുന്നുണ്ട്. പ്രഖ്യാപിത സിപിഎം സൈബര്‍ പോരാളികളുടെ അകൗണ്ടുകളില്‍ അന്‍വറിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത് ഇപ്പോഴും ബാക്കിയുണ്ട്.
സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തികളും തുടങ്ങിയപ്പോഴും അന്‍വര്‍ പ്രധാനമായും ആശ്രയിച്ചത് സോഷ്യല്‍ മീഡിയ പിന്തുണയായിരുന്നു. തുടക്ക സമയത്ത് ആഗ്രഹിച്ചതുപോലെ കിട്ടുകയും ചെയ്തു. സാധാരണ സഖാക്കള്‍ തന്നോടൊപ്പം ഉണ്ടെന്നും, സഖാക്കളുടെ പിന്തുണയോടെയാണ് താന്‍ ജയിച്ചതെന്നുമൊക്കെ വളരെ ഇമോഷണലായ പോസ്റ്റുകളും ഡയലോഗുകളും ഇറക്കി, സൈബര്‍ പിന്തുണ നഷ്ടപ്പെടുത്താതിരിക്കാനും നോക്കി.
പക്ഷേ, കാര്യങ്ങളൊക്കെ ഒരു ദിവസം കൊണ്ട് തിരിഞ്ഞു. അന്‍വറിന് കിട്ടിയിരുന്ന ലൈക്കുകളില്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും സിപിഎം, ഇടത് ഹാന്‍ഡിലുകളില്‍ നിന്നായിരുന്നു. അതിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. അന്‍വറിനെ ഇത്രനാളും ശത്രുവായി കണ്ടിരുന്നവരും, പിണറായി വിരുദ്ധ, എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പിന്തുണയാണ് ഇപ്പോള്‍ കിട്ടുന്നത്. സിപിഎം സൈബര്‍ അണികളുടെ പിന്തുണ തനിക്ക് ഇപ്പോഴുമുണ്ടെന്ന് അന്‍വര്‍ പറയുന്നുണ്ടെങ്കിലും വാസ്തവമതല്ല. സിപിഎം സൈബര്‍ വിംഗുകള്‍ അന്‍വറിനെതിരേ തിരിഞ്ഞിരിക്കുകയാണ്. അവര്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങി.
അന്‍വറിന്റെ പഴയ പോസ്റ്റുകള്‍ തന്നെയാണ് ഇപ്പോള്‍ അന്‍വറിന് തിരിച്ചടിയായിരിക്കുന്നത്. നേരത്തെ അന്‍വര്‍ കുരിശുയുദ്ധം പ്രഖ്യാപിച്ചിരുന്ന ചാനലും ഓണ്‍ലൈന്‍ മാധ്യമവുമൊക്കെ ഇപ്പോള്‍ അന്‍വറിനെ പിന്തുണയ്ക്കാന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, സിപിഎം സൈബര്‍ പോരാളികള്‍ അത് തന്നെയാണ് ആയുധമാക്കുന്നതും. പഴയ പോസ്റ്റുകള്‍ റീ ഷെയര്‍ ചെയ്തവര്‍ അന്‍വറിന്റെ ക്രെഡിബിലിറ്റിയും നിലപാടും ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ അന്‍വറിനോടുള്ള ചോദ്യങ്ങളാണ്. ഇന്നലെ വരെ അന്‍വറിനെ കൊണ്ടു നടന്നവര്‍ നേരെ തിരിഞ്ഞിരിക്കുന്നു. ഇന്നലെ വരെ എതിരായിരുന്നവരാണ് ഇപ്പോള്‍ അനുകൂലികളായിരിക്കുന്നതെങ്കിലും അവര്‍ക്ക് പരസ്യമായി അന്‍വറിനെ പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസോ ലീഗോ ഇതുവരെ അന്‍വറിനെ പിന്തുണച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ രണ്ടു പാര്‍ട്ടികളുടെയും അണികള്‍ക്കും തത്കാലം നേരിട്ട് കളത്തിലിറങ്ങാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ തന്നെയും, അന്‍വറിനും പുതിയ പിന്തുണക്കാര്‍ക്കും കൊടുക്കാനുള്ള മറുപടി അന്‍വറിന്റെ അകൗണ്ടില്‍ തന്നെ കിടപ്പുണ്ട്. അതുകൊണ്ട് പുതിയ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. CPM Cyber Wings oppose PV Anvar, citing decreased social media support.
Content Summary; CPM Cyber Wings oppose PV Anvar, citing decreased social media support.