സി.പി.ഐ.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാന സമ്മേളനം വിജയകരമായി പൂര്‍ത്തിയാവുകയും അടുത്ത മൂന്ന് വര്‍ഷത്തേക്ക് സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്നതിനുള്ള സമിതി ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തപ്പോഴും സ്ത്രീ പ്രാതിനിധ്യം തുലോം തുച്ഛം. പാര്‍ട്ടിയില്‍ വിഭാഗീതയോ മുറുമുറുപ്പുകളോ ഇല്ലാതെ ഐക്യത്തോടും ഒത്തൊരുമയോടും കൂടിയാണ് സമ്മേളനം അവസാനിച്ചത്. ചെറുപ്പക്കാരുടെ വലിയനിര പുതുതായി പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്ന് വരികയും ചെയ്തു. എന്നാല്‍ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും സ്ത്രീകളുടെ എണ്ണം നാമമാത്രമായി.women’s participation in the cpm state committee is also decreasing
അതേസമയം സംസ്ഥാന സമ്മേളനത്തില്‍ മുതല്‍ ബ്രാഞ്ച് തലത്തിലുള്ള റിപ്പോര്‍ട്ടിങ്ങില്‍ വരെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ പങ്കാളിത്തം അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചതിനെ കുറിച്ചുള്ള പ്രശംസയുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ യുവജന, വിദ്യാര്‍ത്ഥി സംഘടനകളേക്കാള്‍ മികവോടെയും ആര്‍ജ്ജവത്തോടേയുമുള്ള പങ്കാളിത്തമായിരുന്നു മഹിളകളുടെ ഭാഗത്ത് നിന്നുണ്ടായത് എന്ന് വിലയിരുത്തല്‍ ഉയര്‍ന്നു. പാര്‍ട്ടിയുടെ സമരമുഖങ്ങളിലും സംഘടനയുടെ വിവിധ ദിനാചരണങ്ങളിലും യോഗങ്ങളിലും പ്രകടനങ്ങളിലും സ്ത്രീ പങ്കാളിത്തം വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. പഴയകാലങ്ങളില്‍ നാമമാത്രമായ സാന്നിധ്യം മാത്രമുണ്ടായിരുന്ന പല കാര്യങ്ങളിലും നടത്തിപ്പിന്റേയും നേതൃത്വത്തിന്റേയും ചുമതലയേറ്റെടുക്കാന്‍ വനിതാ സഖാക്കള്‍ മുന്നോട്ട് വരുന്നതിലുള്ള സന്തോഷം പാര്‍ട്ടി മറച്ച് വയ്ക്കുന്നില്ല.
എന്നാല്‍ കഴിഞ്ഞ സംസ്ഥാന സമിതിയേക്കാള്‍ ഒരു വനിതാ അംഗത്തിന്റെ കുറവാണ് ഇത്തവണയുള്ളത്. 89 അംഗസമിതിയില്‍ 12 സ്ത്രീകളാണ് ഇത്തവണ ഉള്ളത്. കഴിഞ്ഞ തവണയത് 13 ആയിരുന്നു. സംസ്ഥാന സമിതിയില്‍ ക്ഷണിതാവായ വീണാ ജോര്‍ജ്ജിനെ കൂടി കൂട്ടിയാലേ കഴിഞ്ഞ തവണത്തെ എണ്ണത്തിലെങ്കിലും എത്തൂ. പാര്‍ട്ടിയുടെ സമസ്ത തലത്തിലും പ്രവര്‍ത്തനത്തിലും സ്ത്രീ പങ്കാളിത്തം വര്‍ദ്ധിച്ച് വരുമ്പോഴും സി.പി.ഐ.എം പോലൊരു സംഘടനയും നേതൃനിരയിലേയ്ക്ക് സ്ത്രീകളെ കൂടുതലായി പരിഗണിക്കുന്നില്ല എന്നത് ഖേദകരമാണെന്ന് മുതിര്‍ന്ന നേതാക്കളിലൊരാള്‍ പറഞ്ഞു. മറ്റേതെങ്കിലും പാര്‍ട്ടികള്‍ ഇത് ചെയ്യുമെന്ന് തോന്നുന്നില്ല, അത് ചെയ്യാനും കേരളത്തിനും മറ്റ് പാര്‍ട്ടികള്‍ക്കും മാതൃകയാകാന്‍ കഴിയുന്നത് സി.പി.എ.എമ്മിനാണ്. പക്ഷേ, നേതൃത്വത്തിലെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ അവഗണന തന്നെയാണ് നേരിടുന്നത്- അവര്‍ പറഞ്ഞു.
ചെറുപ്പക്കാരായ പുരുഷന്മാര്‍ പലരും കഴിഞ്ഞ തവണ തന്നെ സെക്രട്ടറിയേറ്റില്‍ എത്തിയിട്ടും ജെ.മേഴ്സിക്കുട്ടിയമ്മ, സി.എസ്.സുജാത, പി.സതീദേവി തുടങ്ങിയ മുതിര്‍ന്ന വനിതാ നേതാക്കളെ ആരെയും സെക്രട്ടിയേറ്റിലേയ്ക്ക് പരിഗണിച്ചില്ല. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗവും ഒരുപക്ഷേ അടുത്ത പോളിറ്റ് ബ്യൂറോയിലേയ്ക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള കെ.കെ.ശൈലജയാണ് സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെട്ടത്. 75 വയസ് കഴിഞ്ഞ ബൃന്ദാകാരാട്ടും സുഭാഷിണി അലിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകുക ആണെങ്കില്‍ സീനിയോരിറ്റി പ്രകാരം കെ.കെ.ശൈലജ പി.ബി.യില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.
കഴിഞ്ഞ സംസ്ഥാന സമിതിയിലെ പി.കെ.ശ്രീമതി, പ്രായപരിധി മൂലം ഒഴിവാകുകയും സൂസന്‍ കോടിയെ ഒഴിവാക്കുകയും ചെയ്തു. എം.സി.ജോസഫൈന്‍ മരിച്ചു. പകരം കമ്മിറ്റിയില്‍ പുതുതായി എത്തിയത് ആര്‍.ബിന്ദുവും കെ.ശാന്തകുമാരിയുമാണ്. കാസര്‍ഗോഡ്, വയനാട്, എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്ന് സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സ്ത്രീ പ്രാതിനിധ്യമില്ല. പത്തനംതിട്ടയില്‍ നിന്ന് വീണാ ജോര്‍ജ്ജുള്ളത് ക്ഷണിതാവ് എന്ന നിലയിലാണ്. 89-ല്‍ പതിനേഴ് അംഗങ്ങളും കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്. അഞ്ച് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടക്കം. ഇതില്‍ ഉള്ള ഒരേയൊരു സ്ത്രീ സാന്നിധ്യം കെ.കെ.ശൈലജയാണ്. കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്ന് രണ്ട് സത്രീകള്‍ വീതം സംസ്ഥാന സമിതിയിലുണ്ട്.
കെ.കെ.ശൈലജ, സി.എസ് സുജാത, ജെ.മേഴ്സിക്കുട്ടിയമ്മ, ടി.സതീദേവി, ടി.എന്‍.സീമ, പി.കെ.സൈനബ, കെ.എസ് സലീഖ, കെ.പി.മേരി, കെ.കെ.ലതിക, കെ.ശാന്തകുമാരി, ആര്‍.ബിന്ദു, ചിന്താ ജെറോം എന്നിവരാണ് നിലവില്‍ സംസ്ഥാന സമിതിയിലുള്ള സ്ത്രീകള്‍. മന്ത്രി വീണജോര്‍ജ്ജ് ക്ഷണിതാവാണ്.women’s participation in the cpm state committee is also decreasing
Content Summary: women’s participation in the cpm state committee is also decreasing