2024 മാര്‍ച്ച് 26 നായിരുന്നു പകുതി വിലയ്ക്ക് വാഹനം ലഭിക്കുന്നതിനായി പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ അനിത കുമാരി പണം അടച്ചത്. 1000 രൂപ രജിസ്‌ട്രേഷനും 61,000 രൂപ പണമായിട്ടാണ് ബാങ്കില്‍ അടച്ചത്. 56,000 രൂപയുടെ രസീപ്റ്റ് ആണ് തന്നത്. 5,000 രൂപയുടെ വ്യത്യാസം ചൂണ്ടിക്കാണിച്ചപ്പോള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കൊണ്ടാണ് ബില്ലില്‍ കാണിക്കാത്തതെന്നായിരുന്നു അനന്തു കൃഷ്ണന്റെ ഇടനിലക്കാരനായ വിജയദാസ്
മറുപടി നല്‍കിയതെന്ന് അനിത കുമാരി അഴിമുഖത്തോട് പ്രതികരിച്ചു.csr fund scam, anandhu krishnan; victim anitha kumary explains cheating experience
45 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ എന്നിവ നല്‍കുന്നുണ്ടെന്ന് പറഞ്ഞ് അനന്തു കൃഷ്ണന്റെ ഇടനിലക്കാരനായ വിജയദാസ് പോത്തന്‍കോട് ഗ്രാമപഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. തയ്യല്‍ മെഷീനായാണ് ആദ്യഘട്ടത്തില്‍ ആളുകള്‍ പൈസ അടച്ചത്. അവര്‍ക്കെല്ലാം അവ ലഭിക്കുകയും ചെയ്തു. അങ്ങനെ വിശ്വാസം നേടിയെടുത്ത് പിന്നീട് പകുതി വിലയ്ക്ക് വാഹനം ലഭിക്കുമെന്ന് പറഞ്ഞ് വീണ്ടും സമീപിച്ചു. പഞ്ചായത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ഇതിനായി പണം അടച്ചിരുന്നു. അങ്ങനെ പണം അടച്ചതില്‍ കുറേപേര്‍ക്ക് വാഹനം ലഭിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ അനിത കുമാരിയും ഉണ്ടായിരുന്നു. വാഹനത്തിനായി 61,000 രൂപ ഇന്ത്യന്‍ ബാങ്കില്‍ അടയ്ക്കാന്‍ ചെന്നപ്പോഴും തന്റെ വാര്‍ഡില്‍ ഉണ്ടായിരുന്ന കുറച്ചുപേര്‍ പണമടച്ച് അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു.
പണമടച്ചാല്‍ മൂന്നുമാസത്തിനകം വണ്ടി കിട്ടുമെന്നും അവര്‍ വിളിക്കുമെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ പറഞ്ഞ കാലാവധിയില്‍ വണ്ടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പലവട്ടം അനന്തു കൃഷ്ണന്റെ ഇടനിലക്കാരനായ വിജയദാസിനെ വിളിച്ചിരുന്നു. വിവരം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചതോടെ പ്രസിഡന്റും വിജയദാസിനെ ഫോണില്‍ വിളിച്ചിരുന്നതായി അനിത കുമാരി പറയുന്നു.
പിന്നീട് ഓണത്തിന് മുമ്പ് വണ്ടി കിട്ടും എന്നായിരുന്നു പറഞ്ഞത്. ആക്ടീവയുടെ വണ്ടി കിട്ടാന്‍ താമസമായതിനാലാണ് വണ്ടി വൈകുന്നതെന്ന് കാരണവും പറഞ്ഞു. വീണ്ടും മൂന്ന് മാസം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഓരോ ഡെയ്റ്റും മാറ്റിമാറ്റി പറഞ്ഞു. ഒക്‌ടോബറില്‍ ഫാസിനോ വണ്ടിക്കായി ബുക്ക് ചെയ്തിരുന്നവര്‍ക്ക് വാഹനം നല്‍കുകയും ചെയ്തിരുന്നു. അപ്പോള്‍ വിളിച്ചപ്പോഴും ആക്ടീവയ്ക്കാണ് താമസമെന്നും ഫാസിനോയ്ക്ക് സ്‌റ്റോക്ക് ഉണ്ടെന്നുമായിരുന്നു പറഞ്ഞത്.
ഒടുവില്‍ 2025 ജനുവരി 22 നായിരുന്നു അനന്തു കൃഷ്ണന്റെ ഇടനിലക്കാരനായ വിജയദാസിനെ വിളിച്ചത്. അന്നും 25 ശനിയാഴ്ചയോ 27 തിങ്കളാഴ്ചയോ വാഹനം എത്തിക്കുമെന്നാണ് ഉറപ്പ് പറഞ്ഞത്. പിന്നീടും പല തവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്നാണ് പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതെന്ന് അനിത കുമാരി പറഞ്ഞു.
കുടുംബശ്രീ, തൊഴിലുറപ്പ് മേഖലയില്‍ പണിയെടുക്കുന്ന സാധാരണക്കാരായ സ്ത്രീകളാണ് അനന്തു കൃഷ്ണന്റെ തട്ടിപ്പിന് ഇരയായവരില്‍ അധികവും. ലൈസന്‍സ്, ആധാര്‍, റേഷന്‍കാര്‍ഡ്, എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി ഇത്രയുമായിരുന്നു വണ്ടിക്കായി നല്‍കിയത്. പണമടച്ചവരില്‍ ചിലര്‍ക്കൊക്കെ വാഹനം നല്‍കിയതും, ആദ്യഘട്ടത്തില്‍ തയ്യല്‍ മെഷീന്‍ എല്ലാവര്‍ക്കും കൊടുത്തതുമാണ് പകുതി വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാമെന്ന തട്ടിപ്പ് സംഘത്തെ ആളുകള്‍ വിശ്വാസത്തിലെടുക്കാന്‍ കാരണമായത്. ഇത്രയും വലിയ തട്ടിപ്പിന് ഇരയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അനിത കുമാരി അഴിമുഖത്തോട് പറഞ്ഞു.csr fund scam, anandhu krishnan; victim anitha kumary explains cheating experience
Content Summary: csr fund scam, anandhu krishnan; victim anitha kumary explains cheating experience