വിദേശകാര്യ സെക്രട്ടറിക്കും മകള്‍ക്കും നേരെ ഹിന്ദുത്വ സൈബര്‍ ആക്രമണം; മിസ്രിയെ സംരക്ഷിക്കാത്ത കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനം

മിസ്രിയുടെ മകളുടെ പൗരത്വത്തെ പോലും ചോദ്യം ചെയ്താണ് കമന്റുകള്‍

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചതിന്റെ പേരില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ കടുത്ത സൈബറാക്രമണം. രാജ്യദ്രോഹി, വഞ്ചകന്‍, ഒറ്റുകാരന്‍, നാണംകെട്ടവനും കുടുംബവും തുടങ്ങിയ അധിക്ഷേപ കമന്റുകളാണ് മിസ്രിക്കും കുടുംബത്തിനും നേരെ സൈബറിടങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്തെ അറിയിക്കുക മാത്രമാണ് മിസ്രി ചെയ്തത്. ഇതിന്റെ പേരിലാണ് അദ്ദേഹം സൈബറിടത്തില്‍ അപമാനിതനായിരിക്കുന്നത്.

രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനുമായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനം അറിയിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൂട്ടായി എടുത്ത തീരുമാനത്തില്‍ ഉദ്യോഗസ്ഥരെ മാത്രം വേട്ടയാടുന്ന പ്രവണതയാണ് ഹിന്ദുത്വശക്തികള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത്. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെയോ ഭരണകൂടത്തെയോ വിമര്‍ശിക്കാതെയാണ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും പഴിചാരി സമൂഹത്തിന് മുന്നില്‍ അധിക്ഷേപിക്കുന്നത്.

ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്നും പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നുമുള്ള കേന്ദ്ര തീരുമാനം ശനിയാഴ്ചയാണ വാര്‍ത്താസമ്മേളനത്തിലൂടെ വിക്രം മിസ്രി അറിയിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പാകിസ്ഥാന്‍ ആക്രമണം തുടര്‍ന്നതാണ് മിസ്രിക്കുനേരെയുള്ള സൈബറാക്രമണത്തിന് കാരണം. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വിക്രം മിസ്രി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്തു.

അഭിഭാഷകയായ വിക്രം മിസ്രിയുടെ മകള്‍ക്ക് നേരെയും ചിലര്‍ ആക്രോശവുമായി രംഗത്തുവന്നു. റോഹിഗ്യന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി കേസില്‍ ഹാജരായതാണ് മകള്‍ ഡിഡോണ്‍ മിസ്രിക്ക് നേരെ ആളുകള്‍ ആയുധമാക്കിയത്. ചിലര്‍ മിസ്രിയുടെ മകളുടെ പൗരത്വത്തെ പോലും ചോദ്യം ചെയ്താണ് അധിക്ഷേപ കമന്റുകള്‍ ഇട്ടത്.

1989 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് വിക്രം മിസ്രി. ഇന്ത്യ-പാക് സംഘര്‍ഷങ്ങളിലും ഓപ്പറേഷന്‍ സിന്ദൂറിലും കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വക്താവായിരുന്നു വിക്രം മിസ്രി. ഐകെ ഗുജ്‌റാള്‍, മന്‍മോഹന്‍ സിംഗ്, നരേന്ദ്രമോദി തുടങ്ങിയ മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച അപൂര്‍വ ബഹുമതിക്ക് ഉടമയാണ് വിക്രം മിസ്രി. വിദേശകാര്യ സെക്രട്ടറി ആകുന്നതിന് മുമ്പ് 2022-2024 കാലയളവില്‍ ദേശീയ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു. 2019-2021 കാലഘട്ടത്തില്‍ ചൈനയിലെ ഇന്ത്യയുടെ അംബാസഡര്‍ കൂടിയായിരുന്നു മിസ്രി വിദേശകാര്യ മന്ത്രാലയത്തിന്റെ പാകിസ്ഥാന്‍ ഡെസ്‌കിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംഭവത്തില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും മിസ്രിക്ക് പിന്തുണയുമായി വന്നു. ‘സത്യസന്ധതയോടെ കടമകള്‍ നിര്‍വഹിക്കുന്ന സിവില്‍ സര്‍വീസുകാര്‍ക്കെതിരെ അനാവശ്യവും വ്യക്തിപരവുമായ ആക്രമണങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് ഐഎഎസ് അസോസിയേഷന്‍ മിസ്രിക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യവുമായി രംഗത്തുവന്നു.

‘സിവില്‍ സര്‍വീസുകാര്‍ ഭരണത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്തരുത്.’ എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

അതേസമയം, വിക്രം മിസ്രിയെ സംരക്ഷിക്കാത്തതിന് കേന്ദ്രത്തെ സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. അദ്ദേഹം വെറും സന്ദേശവാഹകന്‍ മാത്രമാണ്. സര്‍ക്കാരാണ് ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അല്ലാതെ ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി എടുക്കുന്ന തീരുമാനങ്ങള്‍ അല്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും മിസ്രിക്കെതിരായ സൈബര്‍ അധിക്ഷേപത്തിനെതിരെ രംഗത്തുവന്നു. ‘സോഷ്യല്‍മീഡിയ വഴിയുള്ള പ്രചരണം തെറ്റായ പ്രവണതയാണെന്നും സഭ്യതയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ള നടപടിയാണ് ഇതെന്നും’ നിരുപമ എക്‌സില്‍ കുറിച്ചു.

അതേസമയം, തുടര്‍ച്ചയായ നാല് ദിവസം അതിര്‍ത്തി കടന്നുള്ള അതിതീവ്രമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം കര, വ്യോമ, നാവിക മേഖലകളിലെ എല്ലാ സൈനിക നടപടികളും ഉടനടി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ശനിയാഴ്ചയാണ് ധാരണയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണ തോതിലുള്ള യുദ്ധത്തിന്റെ വക്കിലെത്തിയ സാഹചര്യത്തിലായിരുന്നു മധ്യസ്ഥ നടപടികള്‍ ഉണ്ടായത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി അശാന്തമായിരുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ വീണ്ടും സമാധാനവഴിയില്‍ എത്തിയിരിക്കുകയാണ്. cyber attack against foreign secretary vikram misri and her daughter

Content Summary: cyber attack against foreign secretary vikram misri and daughter

This post was last modified on May 12, 2025 2:27 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment