തുര്‍ക്കിക്കെതിരെ നാല് പതിറ്റാണ്ടായി രക്തരൂക്ഷിത പോരാട്ടം നടത്തുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) പിരിച്ചുവിട്ടു. സംഘര്‍ഷം അവസാനിപ്പിച്ച് ആയുധം താഴെ വയ്ക്കുകയാണെന്ന് പികെകെ പ്രഖ്യാപിച്ചു. പികെകെയുടെ സ്ഥാപക നേതാവായ തടവില്‍ കഴിയുന്ന അബ്ദുള്ള ഒക്‌ലാനാണ് സംഘടനയെ നിരായുധീകരിക്കാനും സമാധാനത്തിന്റെ പാത പിന്തുടരാനും ആഹ്വാനം ചെയ്തത്.
പികെകെയുമായി അടുത്ത ബന്ധമുള്ള മാധ്യമസ്ഥാപനമായ ഫിറാത്ത് ന്യൂസ് ഏജന്‍സി വഴിയാണ് പ്രഖ്യാപനം. കഴിഞ്ഞദിവസം വടക്കന്‍ ഇറാഖില്‍ പികെകെ പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്തിരുന്നു. അങ്കാറയുമായി ഉണ്ടാക്കിയ പുതിയ സമാധാന ഉടമ്പടിയുടെ ഭാഗമായാണ് പ്രഖ്യാപനം.
തുര്‍ക്കിയിലെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന കുര്‍ദുകള്‍ക്ക് സ്വതന്ത്ര മാതൃരാജ്യം സൃഷ്ടിക്കുക എന്നതായിരുന്നു പികെകെ നടത്തിവന്ന സംഘര്‍ഷത്തിന്റെ ആദ്യകാല ലക്ഷ്യം. പിന്നീടവര്‍ വിഘടനവാദ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് കൂടുതല്‍ സ്വയംഭരണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 1984 മുതലാണ് മാതൃരാജ്യം എന്ന ആവശ്യവുമായി പികെകെ കലാപം നടത്തിവന്നത്. തുര്‍ക്കി, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സ്വതന്ത്ര കുര്‍ദിസ്ഥാന്‍ രൂപീകരിക്കണമെന്നായിരുന്നു പികെകെയുടെ ആവശ്യം.
ഫെബ്രുവരിയില്‍ ഒക്‌ലാന്‍ നടത്തിയ സന്ദേശത്തില്‍ പികെകെയുടെ സായുധ പോരാട്ടം ലക്ഷ്യനേടിയതായും ആയുധം താഴെ വച്ച് സംഘടന പിരിച്ചുവിടാനും ആഹ്വാനം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ ജയിലില്‍ നിന്ന് ഒക്‌ലാന്‍ എഴുതിയ കത്തില്‍ ‘ ഒരു രാഷ്ട്രീയ വ്യവസ്ഥ പിന്തുടരുന്നതിലും യാഥാര്‍ത്ഥ്യമാക്കുന്നതിലും ജനാധിപത്യത്തിന് ബദലില്ലെന്നും ജനാധിപത്യ സമവായമാണ് അടിസ്ഥാന മാര്‍ഗമെന്നും’ വ്യക്തമാക്കിയിരുന്നു.
നാല് പതിറ്റാണ്ടിലേറെയായി നടന്നുവന്ന സംഘര്‍ഷത്തില്‍ 40,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. 1999 മുതല്‍ ഇസ്താംബൂളിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള മര്‍മര കടലിലെ ഒരു ദ്വീപില്‍ ഏകാന്ത തടവിലാണ് പികെകെ നേതാവ് ഒക്‌ലാന്‍.
തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍, യുകെ, യുഎസ് എന്നിവിടങ്ങളില്‍ പികെകെ യെ തീവ്രവാദ സംഘടനായായി നിരോധിച്ചിട്ടുണ്ട്. തുര്‍ക്കി സൈന്യത്തിന്റെ ആക്രമണത്തില്‍ പികെകെ സമീപ വര്‍ഷങ്ങളില്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. പ്രാദേശികമായ മാറ്റങ്ങള്‍ ഇറാഖിലും സിറിയയിലും പികെകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.
2028 ല്‍ നടക്കാനിരിക്കുന്ന തുര്‍ക്കിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാdന്‍ പ്രസിഡന്റ് എര്‍ദോഗന് കഴിയണമെങ്കില്‍ കുര്‍ദിഷ് അനുകൂല രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്. ‘ഭീകരവിരുദ്ധ തുര്‍ക്കി’ എന്ന സുപ്രധാന മുന്നേറ്റത്തിന്റെ ഭാഗം കൂടിയാണ് പികെകെയുടെ പിരിച്ചുവിടലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരാണ് കുര്‍ദുകള്‍ ?
തുര്‍ക്കി, സിറിയ, ഇറാഖ്, ഇറാന്‍, അര്‍മേനിയ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വംശീയ വിഭാഗമാണ് കുര്‍ദുകള്‍. വടക്കന്‍ മെസോപ്പൊട്ടോമിയന്‍ പ്രദേശത്ത് ഒട്ടോമന്‍ സാമ്രാജ്യത്തിന് കീഴില്‍ ജീവിച്ച കുര്‍ദുകള്‍ സംസ്‌കാരം, ദേശീയത എന്നിവയാല്‍ ഐക്യപ്പെടുന്നു. ഏകദേശം നാല് കോടിക്കടുത്ത് ജനസംഖ്യവരും. മിഡില്‍ ഈസ്റ്റിലെ നാലാമത്തെ വലിയ വിഭാഗമാണ് ഇവര്‍. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന കുര്‍ദുകള്‍ക്കിടയില്‍ വ്യത്യസ്ത മതവിഭാഗങ്ങളുമുണ്ട്. കുര്‍ദുകളില്‍ കൂടുതലും സുന്നി മുസ്ലീങ്ങളാണ്. ഷിയാകളും യസീദികളും ക്രിസ്ത്യാനികളും കുര്‍ദുകള്‍ക്കിടയിലുണ്ട്. പക്ഷേ, ഇവര്‍ക്ക് ഒരിക്കലും സ്ഥിരമായ ഒരു ദേശരാഷ്ട്രം ലഭിച്ചിട്ടില്ല.
രാജ്യമില്ലാത്തതിന് കാരണം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പല കുര്‍ദുകളും ഒരു മാതൃരാജ്യം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഒന്നാം ലോകമഹായുദ്ധത്തിനും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പരാജയത്തിനും ശേഷം പാശ്ചാത്യ സഖ്യകക്ഷികള്‍ 1920 ല്‍ സെവ്രസ് ഉടമ്പടിയില്‍ കുര്‍ദിഷ് രാഷ്ട്രത്തിനായി വ്യവസ്ഥ ചെയ്തു. തുടര്‍ന്ന് ഫ്രാന്‍സില്‍ വച്ച് ഒപ്പുവച്ച ഉടമ്പടി പ്രകാരം കുര്‍ദുകള്‍ക്ക് സ്വയംഭരണ പ്രദേശം വാഗ്ദാനം ചെയ്തു.
എന്നാല്‍ 1923 ലെ ലോസാന്‍ ഉടമ്പടിയില്‍ നിന്നും കുര്‍ദിസ്താന്‍ പുറത്തായതോടെ സ്വന്തമായ രാജ്യം എന്ന മോഹം തകര്‍ന്നടിഞ്ഞു. ഇതോടെ പല രാജ്യങ്ങളിലും ന്യൂനപക്ഷമായി തുടര്‍ന്നു. പിന്നീടിങ്ങോട്ട് സ്വതന്ത്ര്യ രാഷ്ട്രം വേണമെന്ന കുര്‍ദുകളുടെ എല്ലാ നീക്കങ്ങളും ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയായിരുന്നു.kurdish pkk ending armed struggle; peace with turkey
Content Summary: kurdish pkk ending armed struggle; peace with turkey