കാലിക്കറ്റ് കലോത്സവം ഗുണ്ടാ വിളയാട്ടത്തിന്റെ കേന്ദ്രമെന്ന് എസ്.എഫ്.ഐ

ഭരണം നഷ്ടപ്പെട്ട ജാള്യത മറയ്ക്കാനെന്ന് കെ.എസ്.യു

കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ മത്സരാര്‍ത്ഥികളും സംഘാടകരും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ ആരോപണ പ്രത്യാപണവുമായി എസ്.എഫ്.ഐ.യും കെ.എസ്.യുവും രംഗത്ത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ കലോത്സവങ്ങള്‍ ഗുണ്ടാ വിളയാട്ടത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി യൂണിയന്‍ കെ.എസ്.യു തിരികെ പിടിച്ചതിന്റെ ജാള്യത മറയ്ക്കാനുള്ള അക്രമമാണ് എസ്എഫ്‌ഐ യുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അഴിമുഖത്തോട് പ്രതികരിച്ചു.D-zone kalothsavam issu; ksu-sfi fight in calicut university reposnse pm arsho & aloshious xavier 

യൂണിവേഴ്‌സിറ്റി കലോത്സവ വേദികളെ സംഘര്‍ഷ വേദികളാക്കുകയാണ് യൂണിവേഴ്‌സിറ്റി യൂണിയനുകളെന്നും വിധിനിര്‍ണ്ണയത്തിലുണ്ടായ പാളിച്ച ചൂണ്ടിക്കാണിച്ച വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളെയാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അതിഭീകരമായി മര്‍ദ്ദിച്ചത്. എംഎസ്എഫ്-കെ.എസ്.യു സഖ്യം നിയന്ത്രിക്കുന്ന യൂണിവേഴ്‌സിറ്റി യൂണിയനുകളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് പിന്നിലെന്നും എസ്എഫ്‌ഐ സംസ്ഥാന സമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

മലപ്പുറം സോണല്‍ കലോത്സവത്തിന് അപ്പീല്‍ നല്‍കാന്‍ വേണ്ടി പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ പോയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികളായ പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരെ സംഘാടകരായ എംഎസ്എഫ് നേതാക്കള്‍ ഭീകരമായി മര്‍ദ്ദിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. തൃശൂര്‍ സോണല്‍ കലോത്സവത്തിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനും, അതിനെ നിയന്ത്രിക്കുന്ന കെ.എസ്.യു സംഘടനകളും കലോത്സവ വേദികളില്‍ നടത്തുന്ന ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ ബുധനാഴ്ച എസ്.എഫ്.ഐ പഠിപ്പ് മുടക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

അതേസമയം, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎസ്എഫ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യൂണിയന്‍ നേടിയത്. അതുകൊണ്ടുതന്നെ കലോത്സവത്തിന്റെ തുടക്കം മുതലേ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എസ്എഫ്‌ഐ നീക്കം നടത്തിയിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് കേരള വര്‍മ്മ കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

സംഘര്‍ഷത്തില്‍ പരുക്കേറ്റ പത്തിലധികം കെ.എസ്.യു പ്രവര്‍ത്തകരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷം മുന്നില്‍ കണ്ട് മതിയായ സുരക്ഷ സംഘാടക സമിതി ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച്ചയാണ് ഉണ്ടായത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരണം നഷ്ടപ്പെട്ടതിന്റെ ജാള്യത മറയ്ക്കുന്നതിനു വേണ്ടിയാണ് എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടതെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.

തൃശൂര്‍ മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന ഡീ സോണ്‍ കലോത്സവത്തിനിടെയായിരുന്നു സംഘര്‍ഷം.

ആക്രമണത്തിൽ കേരള വർമ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആഷിക്കിന് ​തലയ്‌ക്ക്‌ ഗുരുതരമായി  പരിക്കേറ്റു. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്. കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എസ്എഫ്ഐ – കെഎസ്‌യു വിദ്യാർഥി സംഘടന നേതാക്കളെ പ്രതികളാക്കിയാണ് കേസ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആഷിക്ക്‌ കൃഷ്ണനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഗോകുൽ ഗുരുവായൂരാണ് ഒന്നാം പ്രതി. കെഎസ്‌യു നേതാക്കളായ അശ്വിൻ, ആദിത്യൻ, അക്ഷയ് അടക്കം കണ്ടാലറിയാവുന്ന 10 പേരെയും പ്രതി ചേർത്തു. കെഎസ്‌യു നേതാക്കളായ ആദിത്യനെയും ഗോകുലിനെയും മർദ്ദിച്ച കേസിൽ കണ്ടാലറിയാവുന്ന നാല് എസ്എഫ്ഐ പ്രവർത്തകരും പ്രതികളാണ്.

ജഡ്ജ്‌മെന്റ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന്റെ തുടക്കം. മത്സരാര്‍ത്ഥികളും സംഘാടകരും തമ്മില്‍ തുടങ്ങിയ സംഘട്ടനം പിന്നീറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുക്കുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കലോത്സവം നിര്‍ത്തിവെച്ചു.D-zone kalothsavam issu; ksu-sfi fight in calicut university reposnse pm arsho & aloshious xavier 

Content Summary: D-zone kalothsavam issu; ksu-sfi fight in calicut university reposnse pm arsho & aloshious xavier

This post was last modified on January 29, 2025 10:14 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment