ഉയർന്ന ജാതിയിലുള്ള വിവാഹിതയായ സ്ത്രീയുമായി ബന്ധമെന്ന ആരോപണത്തിൽ ദളിത് യുവാവിന് മർദിച്ച് നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് സംഭവം. സബർകാന്തയിലെ ഇദാർ ടൗണിലുള്ള വഡോൾ ഗ്രാമത്തിൽ മാർച്ച് 13ന് ആയിരുന്നു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ മാത്രമാണ് പൊലീസിന്റെ ശ്രദ്ധയിലെത്തിയത്. 15 പേരാണ് കേസിൽ പ്രതികളെന്നും ഇവർക്കെതിരെ അട്രോസിറ്റി ആക്റ്റ് പ്രകാരം കേസെടുത്തതായും 9 പേരെ കസ്റ്റഡിയിലെടുത്തതായും ഇദാർ പൊലീസ് ഇൻസ്പെടക്ടർ ചേതൻ റാത്തോഡ് പറഞ്ഞു. മർദനമേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇൻസ്പെക്ടർ വ്യക്തമാക്കി.
പടികളിൽ നിന്ന് വീണതിനെ തുടർന്നാണ് പരിക്കേറ്റതെന്ന് ഇര ഡോക്ടർമാരോട് കള്ളം പറഞ്ഞതിനാൽ ആ സമയത്ത് മെഡിക്കോ-ലീഗൽ കേസ് ഫയൽ ചെയ്തിട്ടില്ലെന്ന് സബർകാന്ത എസ്പി വിജയ് പട്ടേൽ പറഞ്ഞു. ഒരു കോൾഡ് സ്റ്റോറേജിലാണ് യുവാവിനെ ജോലി സ്ഥലത്തിന് സമീപത്ത് നിന്ന് അക്രമകാരികൾ പിടികൂടിയത്. ഈ സമയത്ത് സംഭവസ്ഥലത്ത് എത്തിയ സ്ത്രീയുടെ ഭർത്താവും പ്രധാന പ്രതിയുമായ സഞ്ജയ് ഈശ്വർ താക്കൂർ കൂട്ടാളികൾക്ക് ഒപ്പം തന്നെ പിന്തുടർന്നതായി പരാതിക്കാരൻ എഫ്‌ഐആറിൽ പറഞ്ഞു. ഭയന്നോടിയ യുവാവിനെ പ്രതികൾ പിടികൂടുകയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്നും പരാതിക്കാരൻ പറഞ്ഞു. മർദനത്തിന് ശേഷം പ്രതി അയാളെ ഒരു ക്ഷേത്രത്തിന് സമീപം വലിച്ചിഴച്ച് കൊണ്ടുപോയി നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തുകയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകുകയും ഗ്രാമത്തിൽ കാലുകുത്തരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇരയെ വിട്ടയക്കുന്നതിന് മുമ്പ് പ്രതി ഒരു കത്തിൽ ഒപ്പിടാൻ നിർബന്ധിച്ചതായി പരാതിക്കാരൻ പോലീസിനോട് പറഞ്ഞു.
പരാതിക്കാരൻ ഗ്രാമത്തിലേക്ക് തിരികെയെത്തിയതിന് ശേഷം അവിടെ നിന്ന് അയാളെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പോലീസ് പറഞ്ഞു. സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ കണ്ടതിനെത്തുടർന്നാണ് പോലീസ് ഇരയെ സമീപിച്ച് പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.സഞ്ജയ്‌ക്ക് പുറമെ, കിഷൻ സെന്ദാജി താക്കൂർ, മനോജ് എന്ന മനോജി സോമാജി താക്കൂർ, നരേഷ് ഈശ്വർ താക്കൂർ, നുനോ എന്ന ഹരേഷ് താക്കൂർ, മംഗജി സോമാജി താക്കൂർ, അതുൽജി വിനാജി താക്കൂർ, അരുൺ ബൽക്രുഷ്‌ണ ബരോട്ട്, ഉമേഷ് ജിതേന്ദ്ര ബരോട്ട്, ഉമേഷ് ജിതേന്ദ്ര ബരോട്ട്, ജ്യോത്സ്യന സഞ്ചയ്, വിശാൽ പെലാഡ് സുതാർ, ചേതൻ ഈശ്വർ നയി എന്നിവരാണ് പ്രതികൾ. ഭാരതീയ ന്യായ സംഹിത സെക്ഷൻ 137(2) (തട്ടിക്കൊണ്ടുപോകൽ), 189(2) (സംഘം ചേരൽ), 191(2) (കലാപം), 190 (നിയമവിരുദ്ധമായി സംഘം ചേരുന്നതിനുള്ള കൂട്ടായ ബാധ്യത), 310(2) (കൊള്ളയടിക്കൽ), 352 (സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള അപമാനം), 351(3) (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. പട്ടികജാതി, പട്ടികവർഗ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
content summary: Dalit man paraded naked for affair with married woman in Gujarat