തിരുവനന്തപുരത്ത് മോഷണക്കുറ്റം ചുമത്തി ദളിത് യുവതി ബിന്ദുവിനെ പോലീസ് സ്റ്റേഷനിൽ പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട പോലീസ് സ്റ്റേഷൻ എസ്ഐ പ്രസാദിന് സസ്പെൻഷൻ. ആഭ്യന്തര വകുപ്പാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടുജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബിന്ദുവിന് പേരൂർക്കട പോലീസ് സ്റ്റേഷനിൽ നിന്നും കോൾ വരികയും ഉടൻ തന്നെ പോലീസ് സ്റ്റേഷനിലേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ജോലി ചെയ്തിരുന്ന ഓമന ഡാനിയൽ എന്ന സ്ത്രീയുടെ വീട്ടിൽ നിന്നും കാണാതെ പോയ സ്വർണ മാല ബിന്ദു മോഷ്ടിച്ചുവെന്ന് ആരോപിച്ച് എസ്ഐ യുവതിയെ അസഭ്യ വാക്കുകൾ പറയുകയായിരുന്നു. മാല എടുത്തിട്ടില്ലെന്ന് ബിന്ദു ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും പോലീസ് അത് കേൾക്കാൻ കൂട്ടാക്കിയില്ല.
മാല കിട്ടാത്തതിനെ തുടർന്ന് ബിന്ദുവിന്റെ വീട്ടിലെത്തിയും പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ അവിടെ നിന്നും മാല കിട്ടിയില്ല. എന്നിട്ടും ബിന്ദുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭർത്താവിനെയോ കുട്ടികളെയോ കാണാൻ പോലീസ് അനുവദിച്ചില്ല. ഭക്ഷണമോ വെള്ളമോ നൽകാതെ ഒരു രാത്രി മുഴുവൻ പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചു. ഒടുവിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ മാല വീട്ടിൽ നിന്നുതന്നെ തിരിച്ചുകിട്ടി. തുടർന്ന് ബിന്ദുവിനെയും ഭർത്താവിനെയും അപമാനിച്ച് തിരിച്ചയക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ബിന്ദു അഴിമുഖത്തോട് സംസാരിച്ചിരുന്നു. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മോശമായ നിമിഷമാണെന്നാണ് പീഡനത്തിന് ഇരയായ ബിന്ദു അഴിമുഖത്തോട് പ്രതികരിച്ചത്. സമൂഹം തങ്ങളോട് കാണിച്ചത് അനീതിയാണെന്നും അത് അവസാനിപ്പിക്കാൻ കേസുമായി മുന്നോട്ട് പോകുമെന്നും ബിന്ദു അഴിമുഖത്തോട് പറഞ്ഞിരുന്നു.
Content Summary: dalit woman alleges harrasement from police station, peroorkakda si got suspended