കേബിൾ വലിക്കാനും മറ്റു ആവശ്യങ്ങൾക്കുമായി റോഡിൽ കുഴികൾ എടുത്ത് അതെ പടി കിടക്കുന്നത് ഇന്ന് ഒരു സ്ഥിരം കാഴ്ചയാണ്. സാധാരണക്കാരായ യാത്രക്കാരാണ് കുഴികൾ മൂലം ദുരിതത്തിലാകുന്നത്. കേബിൾ വലിക്കുന്നതിനായി കോൺട്രാക്ട് നേടുന്ന വൻകിട കമ്പനികൾ അവരുടെ ആവശ്യങ്ങൾക്കായി എടുക്കുന്ന കുഴികൾ ആവശ്യത്തിന് ശേഷം സ്വകാര്യാർത്ഥം മറന്ന് കളയുന്നതും പതിവ് കാഴ്ചയാണ്. പുതുതായി പണിത റോഡുകൾ പലതും ഇത്തരം പണികൾക്ക് വേണ്ടി കുഴിയെടുത്ത് നശിപ്പിക്കുന്നതും കുറവല്ല. ഇതിനെല്ലാം ആക്കം കൂട്ടുന്നതാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ.
പുതിയതായി പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കുഴിയെടുക്കുന്ന കമ്പനികൾ തന്നെ നികത്തുകയാണെങ്കിൽ മറ്റ് ഫീസുകൾ ഒന്നും ഇല്ലാതെ അനുമതി ലഭിക്കുന്നതരത്തിലാണ്. ഇത് മൂലം റോഡിലെ കുഴികൾ അതെ പടി കിടന്ന് ജനങ്ങൾക്ക് ദുരിതം ഉണ്ടാകാനുള്ള സാധ്യതയാണ് ഉയർന്നു വന്നിരിക്കുന്നത്.
പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ റോഡുകളിൽ കുഴി എടുത്ത് കേബിൾ ഇടുന്നതിനായി അനുവാദം കൊടുക്കണോ വേണ്ടയോ എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവേചന അധികാരത്തിൽ വരുന്ന കാര്യങ്ങൾ ആയിരുന്നു. കൗൺസിൽ തീരുമാനങ്ങൾക്ക് വിധേയമായി നടത്തിക്കൊണ്ടിരുന്ന ഇത്തരം പ്രവർത്തനങ്ങൾ നിലവിൽ കൗൺസിൽ അംഗീകാരം ഇല്ലാതെ തന്നെ അതാത് സ്ഥാപനങ്ങളുടെ സെക്രട്ടറിയുടെ അധികാര പരിധിയിലേക്ക് ചുരുക്കി. വൻകിട കമ്പനികൾക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന തരത്തിലാണ് നിയമം ഇളവ് ചെയ്തിരിക്കുന്നത്. ഒരു റോഡിന്റെ അവസ്ഥയും പ്രാദേശികമായി ഈ പ്രവർത്തി ഏത് തരത്തിൽ ബാധിക്കും എന്ന് പരിശോധിക്കാതെയും ഇത്തരത്തിൽ ഒരു ഉത്തരവ് നിലനിൽക്കുന്നതിനാൽ കുഴികളെടുക്കാൻ സെക്രട്ടറിക്ക് അനുമതി കൊടുക്കേണ്ടി വരും. ഇത് ആദ്യം പ്രാഭല്യത്തില്‍ കൊണ്ടുവന്ന മാറ്റമാണ്.
റോഡിൽ കുഴിയെടുക്കുന്നതിനും അത് ഉപയോഗിക്കുന്നതിനും വാടക ഉണ്ട് ( ഗ്രൗണ്ട് റെന്റ് ) പുതുക്കിയ ഉത്തരവിൽ ഗ്രൗണ്ട് റെന്റ് ഒഴിവാക്കിയിരിക്കുകയാണ്. സർക്കാരിന്റെ സ്ഥലത്ത് കേബിൾ ഇട്ട് അതിൽ നിന്ന് ലാഭം ഉണ്ടാക്കുമ്പോൾ തിരികെ വാടക നൽകേണ്ട ഉത്തരവാദിത്തം അതാത് കമ്പനികൾക്കുണ്ട്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഇപ്രകാരമുള്ള എല്ലാ തരം ഫീസുകളും ഒഴിവാക്കി എടുക്കുന്ന കുഴികൾ കമ്പനി മൂടാൻ തയ്യാറാണെങ്കിൽ അനുമതി ലഭിക്കാവുന്ന തരത്തിലാണ്. ഇതുവഴി വൻകിട കമ്പനികൾക്ക് ലാഭം ഉണ്ടാക്കികൊടുക്കുന്ന ഉത്തരവാണ് പ്രാഭല്യത്തില്‍ കൊണ്ട് വന്നിരിക്കുന്നത്. കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന് കൈകടത്താനും ഉത്തരവ് സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട വരുമാനം ആണ് ഉത്തരവ് വഴി ഇല്ലാതാകുന്നത്.
ഇത് യഥാർത്ഥത്തിൽ കേബിൾ കമ്പനികൾക്ക് അനുകൂലമായ രീതിയിൽ ഉത്തരവിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ വരുമാന നഷ്ടത്തിന് ഇടയാക്കുകയും ചെയ്യും. ടെലികോം രംഗത്തുളള വികസനം എന്ന് പറയുമ്പോഴും വൻകിട കമ്പനികൾക്ക് ലാഭം ഉണ്ടാകുന്ന തരത്തിലാണ് പുതിയ ഉത്തരവ് വരുത്തിയിരിക്കുന്നത്. കൂടാതെ കേബിൾ ഇടുന്നതിന് ഇനി മുതൽ കൗൺസിലിന്റെയോ കമ്മിറ്റിയുടെയോ അനുമതി വേണ്ട അത് മാറ്റി സെക്രട്ടറിക്കാക്കി മാറ്റി നൽകുകയും ചെയ്തത്, ചുരുക്കത്തിൽ ഉദ്യോഗസ്ഥരുടെ തീരുമാനത്തിലൂടെ മാത്രം കാര്യങ്ങൾ നടന്ന് പോകേണ്ട അവസ്ഥയിലാക്കാൻ വേണ്ടിയാണ്. ആരുടേയും അഭിപ്രായം നോക്കാതെ ഉദ്യോഗസ്ഥരുടെ മാത്രം താല്പര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കും.
content summary ; Electronics and Information Technology Department Modified Guidelines