December 13, 2024 |

ഡാനിഷ് സിദ്ദിഖി മാധ്യമപുരസ്‌കാരം രവി നായര്‍ക്ക്

ഡാനിഷ് സിദ്ദിഖിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡ് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ രവി നായര്‍ക്ക്

താലിബാര്‍ ഭീകരരാല്‍ കൊല്ലപ്പെട്ട പ്രശസ്ത ഫോട്ടോ ജേണലിസ്റ്റും പുലിസ്റ്റര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡ് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ രവി നായര്‍ക്ക്. നവംബര്‍ 16,17 തീയതികളിലായി ലഖ്‌നൗവില്‍ നടക്കുന്ന അവാദ് കോണ്‍ക്ലേവില്‍ പുരസ്‌കാരം സമ്മാനിക്കും. ദി പബ്ലിക് ഇന്ത്യയും യുഎസിലെ ശാന്തി ഝാ ഫൗണ്ടേഷനും സംയുക്തമായാണ് ‘ഡാനിഷ് സിദ്ദിഖി അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം’ എന്ന പേരില്‍ അവാര്‍ഡ് സംഘടിപ്പിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് നടത്തിയ ഓഹരി തട്ടിപ്പുകളുടെ തെളിവുകള്‍ അടക്കം പുറത്തുകൊണ്ടുവന്ന മലയാളിയായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് രവി നായര്‍. Danish Siddiqui media award to Ravi Nair

രണ്ടുതവണ പുലിസ്റ്റര്‍ പുരസ്‌കാരം നേടിയ വ്യക്തിയാണ് ഡാനിഷ് സിദ്ദിഖി. ഇന്ത്യയിലെ കോവിഡ് ദുരിതത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയതിന് 2022 ലും റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം ക്യാമറയിലാക്കിയതിന് 2018 ലുമാണ് ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

റോയിട്ടേഴ്സിനുവേണ്ടി കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 2021 ജൂലൈ 16 നാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായി പ്രത്യേക അസൈന്‍മെന്റിന്റെ ഭാഗമായാണ് ഡാനിഷ് സിദ്ദിഖി (38) അഫ്ഗാനിസ്ഥാനിലെത്തിയത്. സമൂഹ മാധ്യങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഡാനിഷ് സിദ്ദിഖി നിരന്തരം പങ്കുവെച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് താലിബാന്‍ കൂടുതല്‍ പിടിമുറുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിദ്ദിഖിയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. ജൂലൈ 13 നാണ് സിദ്ദിഖി അവസാനമായി ട്വിറ്ററില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്തുവെച്ച് നടന്ന ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.

മുംബൈ സ്വദേശിയായ ഡാനിഷ്, ജാമിയ മില്ലിയിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു. ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയി നിന്നാണ് ഡാനിഷ് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയത്. തുടര്‍ന്ന് ജാമിയയിലെ എ.ജെ.കെ. മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററില്‍നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം നേടി. ടെലിവിഷന്‍ വാര്‍ത്താ ലേഖകനായാണ് സിദ്ദിഖി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഫോട്ടോ ജേര്‍ണലിസത്തിലേക്ക് കളംമാറി. 2010-ലാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സില്‍ ചേര്‍ന്നത്.

റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഡാനിഷിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. തുടര്‍ന്നിങ്ങോട്ട് ഡാനിഷ് പകര്‍ത്തിയ ചിത്രങ്ങളിലെല്ലാം വേദനിക്കുന്ന മനുഷ്യ മുഖങ്ങളായിരുന്നു. ചിലപ്പോള്‍ പ്രകൃതിയുടെ ദുരന്തങ്ങളില്‍, മറ്റ് ചിലപ്പോള്‍ ഭരണാധികാരികളുടെ തലതിരിഞ്ഞ നിതീ വ്യവസ്ഥയില്‍… എല്ലാം അയാള്‍ ഒപ്പിയെടുത്തത് ദുരന്തങ്ങളായിരുന്നു. 2016-ലെ മൊസുള്‍ യുദ്ധം, 2015 ഏപ്രില്‍ മാസത്തിലെ നേപ്പാള്‍ ഭൂകമ്പം തുടങ്ങിയ സംഭവങ്ങളുടെ ഫോട്ടോ ഇമേജുകള്‍ മികവോടെയാണ് ഡാനിഷ് പകര്‍ത്തിയത്. 2019-2020-ലെ റോഹിംഗ്യന്‍ വംശഹത്യയില്‍നിന്നുണ്ടായ അഭയാര്‍ഥി പ്രവാഹത്തെക്കുറിച്ചുള്ള ഡാനിഷിന്റെ ഫോട്ടോകള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടു. സ്വന്തം ജന്മനാട്ടില്‍നിന്ന് അപകടകരമായ തോണിയാത്രയിലൂടെ ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഷാ പൊറിഡ് ദ്വീപിലെത്തിയ അവശരായ അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ ആരുടെയും മനസ്സലിയിക്കുന്നതായിരുന്നു. 2020-ലെ ഡല്‍ഹി കലാപത്തിനിടെ ഡാനിഷ് ക്ലിക്കുചെയ്ത ഒരു ഫോട്ടോ റോയിട്ടേഴ്സ് ‘ആ വര്‍ഷത്തെ നിര്‍വചിക്കുന്ന’ ഫോട്ടോഗ്രാഫുകളിലൊന്നായി അവതരിപ്പിച്ചിരുന്നു.

ലോകത്തിന്റെ നെറികേടുകളിലേക്ക് തന്റെ ക്യാമറയുടെ ലെന്‍സ് തുറന്നു വെച്ച ഡാനിഷിന്റെ ഫ്രെയിമുകള്‍ അതാതു രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഉണ്ടാക്കിയ അലോസരങ്ങള്‍ ചില്ലറയല്ല. സ്വന്തംരക്തം പതിഞ്ഞ ക്യാമറയുമായാണ് ഡാനിഷ് സിദ്ദിഖി കാണ്ഡാഹാറിലെ കലാപഭൂമിയില്‍ മാഞ്ഞുപോയത്. അപ്പോഴും ഡാനിഷ് മനസ്സലിയിക്കുന്ന ഒരുപാട് ഫ്രെയിമുകള്‍ സ്വന്തം ക്യാമറയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. Danish Siddiqui media award to Ravi Nair

 

content summary; Danish Siddiqui media award to Ravi Nair

×