കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒരു വീടിനുള്ളിൽനിന്ന് 30 പവൻ സ്വർണവും 5 ലക്ഷം രൂപയും മോഷണം പോയെന്ന പരാതിയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം എത്തിയത് ദാരുണമായ ഒരു കൊലപാതകത്തിലാണ്. കണ്ണൂരിലെ കല്യാട്ടെ വീട്ടിൽ നിന്നും സ്വർണവും പണവും കാണാതെ പോവുകയും തുടർന്ന് നടന്ന അന്വേഷണം വീട്ടിലെ മരുമകളുടെ കൊലപാതകത്തിൽ വന്നെത്തുകയുമായിരുന്നു. കർണാടക സ്വദേശി ദർഷിതയെയാണ് കർണാടകയിലെ ഒരു ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നു ദര്‍ഷിത. ദര്‍ഷിതയോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, വീട്ടിൽ നിന്നും കാണാതായെന്ന് പറയുന്ന സ്വർണം ഇനിയും കണ്ടെത്തിയിട്ടില്ല. കരിക്കോട്ടക്കരി ഇന്‍സ്പെക്ടര്‍ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ കര്‍ണാടകയിലെത്തിയിരുന്നു. എന്നാല്‍ സിദ്ധരാജുവിനെ കേരള പൊലീസിന് ചോദ്യം ചെയ്യാനായില്ല.
സംഭവം ഇങ്ങനെ..
കല്യാട്ട് താമസിക്കുന്ന കെ.സി. സുമതി ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സുമതിയുടെ മകൻ സുഭാഷിന്റെ ഭാര്യ ദർഷിതയെയും രണ്ട് വയസ്സുള്ള കൊച്ചുമകളെയും വീട്ടിൽ കാണാനില്ലായിരുന്നു.
കർണാടകയിലെ ഹുൻസൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോകുമെന്ന് ദർഷിത പറഞ്ഞിരുന്നതിനാൽ സുമതി ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച മൈസൂരുവിനടുത്തുള്ള സാലിഗ്രാമിലെ ഒരു ലോഡ്ജ് മുറിയിൽ ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ദർഷിതയുമായി വളരെക്കാലമായി ബന്ധമുണ്ടായിരുന്ന കർണാടക സ്വദേശിയായ സിദ്ധരാജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ദർഷിതയും സിദ്ധരാജുവും തമ്മിൽ വിവാഹത്തിന് മുൻപ് തന്നെ പ്രണയത്തിലായിരുന്നുവെന്നും വിവാഹശേഷവും ഇവർ ബന്ധം തുടർന്നിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിന് മുൻപ് ഇരുവരും തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്ന് കരുതുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ ആറ് വര്‍ഷത്തെ ബന്ധമുള്ളതായാണ് പുറത്ത് വരുന്ന വിവരം. ഇരുവരും സാലിഗ്രാമിലെ ലോഡ്ജില്‍ എത്തുകയും അവിടെ വച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഡിറ്റനേറ്റര്‍ വായില്‍ വച്ച് പൊട്ടിച്ച് ദര്‍ഷിതയെ കൊലപ്പെടുത്തുകയായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചാണ് ദര്‍ഷിത കൊല്ലപ്പെട്ടത് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു സിദ്ധരാജുവിന്റെ ശ്രമം. സിദ്ധരാജു ദര്‍ഷിതയുടെ കയ്യില്‍ നിന്നും കടം വാങ്ങിയ പണം ദര്‍ഷിത തിരിച്ച് ചോദിച്ചതും ദര്‍ഷിത ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകുന്നു എന്ന് അറിയിച്ചതുമാണ് പ്രകോപനത്തിനിടയാക്കിയത് എന്നാണ് കരുതുന്നത്. ദര്‍ഷിതയുടെയും ഭര്‍ത്താവ് സുഭാഷിന്റെയും കുഞ്ഞിനെ സ്വന്തം വീട്ടിലാക്കിയായിരുന്നു ദര്‍ഷിത സിദ്ധരാജുവിനെ കാണാനെത്തിയത്.
ദർഷിതയുടെ കൊലപാതകം സിദ്ധരാജു വളരെക്കാലം മുൻപ് ആസൂത്രണം ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ദർശിതയുടെ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രതി ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
സംഭവത്തിൽ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. മോഷണക്കേസിൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
Content Summary: Darshitha murder: Stolen gold and cash still missing
Leave a Comment