ദര്‍ഷിതയെ കൊല്ലാന്‍ ഉപയോഗിച്ചത് ക്വാറികളിലെ ഡിറ്റനേറ്റര്‍; ആഭരണങ്ങളും പണവും കണ്ടെത്താനാകാതെ പൊലീസ്

വായിൽ ഇലക്ട്രിക് ഡിറ്റനേറ്റ‍‍ർ തിരുകി വൈദ്യുതി കടത്തി വിട്ട് പൊട്ടിക്കുകയായിരുന്നു

ഒരു കവർച്ചാക്കേസിന്റെ അന്വേഷണം ഒടുവിൽ എത്തി നിന്നത് അതിക്രൂരമായ കൊലപാതക കേസിൽ. കണ്ണൂരിലെ കല്യാട്ടെ വീട്ടിൽ നിന്നും 30 പവന്റെ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷം രൂപയും മോഷണം പോയ കേസിലെ അന്വേഷണമാണ് ഒടുവിൽ കേസിലെ പ്രതിയും മരുമകളുമായ ദർഷിതയുടെ കൊലപാതകത്തിലേക്കെത്തി നിന്നത്.

സ്വർണ്ണവുമായി കടന്നു കളഞ്ഞ ദർഷിതയെ കർണാടകയിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ദർഷിതയെ അതിക്രൂരമായാണ് ആൺസുഹൃത്തായ സിദ്ധരാജു കൊലപ്പെടുത്തിയത്. ഇന്നലെയാണ് കർണാടകയില സാലി​ഗ്രാമത്തിലെ ലോഡ്ജിൽ ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദ‍ർഷിതയുമായുണ്ടായ തർക്കത്തെ തുടർന്ന് വായിൽ ഇലക്ട്രിക് ഡിറ്റനേറ്റ‍‍ർ തിരുകി വൈദ്യുതി കടത്തി വിട്ട് പൊട്ടിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായതിന് ശേഷം ഇയാൾ ദർഷിതയുടെ മുഖം ഇടിച്ച് വികൃതമാക്കി.

വെള്ളിയാഴ്ച പട്ടാപ്പകലാണ് ചുങ്കസ്ഥാനത്തെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടുടമയായ സുമതയുടെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങളും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ദര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഡിവൈഎസ്പിക്ക് വിവരം ലഭിച്ചത്. സുമതയും ഡ്രൈവറായ മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു.

ഗള്‍ഫിലുള്ള സുഭാഷിന്റെ ഭാര്യ ദര്‍ഷിത രാവിലെ 9.30 ഓടെ കര്‍ണാടക ഹുന്‍സൂറിലെ വീട്ടിലേക്കും പോയതായാണ് പറഞ്ഞിരുന്നത്. വൈകീട്ട് സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പെട്ടത്. വീടിന്റെ മുന്‍വശത്തെ താക്കോല്‍ ഒരുവശത്ത് ഒളിപ്പിച്ചുവെച്ചാണ് കുടുംബം പുറത്തുപോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയതെന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനായി ദര്‍ഷിതയോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. വീട്ടിൽ ആരും അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളൊന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. കർണാടകയിലേക്ക് പോയ ദർഷിതയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസിന് ദർഷിതയുടെ മേൽ സംശയമുയർന്നത്. ഇതിന് പിന്നാലെയാണ് ദർഷിത കൊല്ലപ്പെട്ട വിവരം കർണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിച്ചത്.

content summary: In the Darshitha murder case, she was killed using a quarry detonator. Police have failed to recover the missing jewellery and money

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment