എല്ലാ പ്രതീക്ഷകളും ചലക്കുടി പുഴയുടെ ആഴങ്ങളില്‍ ഇല്ലാതായി. നാട് മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന മൂന്നു വയസുകാരി ഇനിയില്ല. അങ്കണവാടിയില്‍ നിന്നും അമ്മ കൂട്ടിക്കൊണ്ടു പോയ കുട്ടിയുടെ മൃതദേഹമാണ് എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ ചാലക്കുടി പുഴയില്‍ നിന്നും കണ്ടെത്തിയത്. സ്‌കൂബ സംഘം പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരം ആശുപത്രിയിലേക്ക് മാറ്റി.
അമ്മ സന്ധ്യയാണ് കുട്ടിയെ പുഴയില്‍ എറിഞ്ഞത്. സന്ധ്യയിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു പറയുന്നു.
മറ്റക്കുഴി കിഴിപ്പള്ളില്‍ സുഭാഷിന്റെ മകളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച വൈകിട്ട് നാലുമണിയോടെ കുട്ടി അമ്മയോടൊപ്പം മറ്റക്കുഴിയില്‍ നിന്നും ആലുവ കുറുമശ്ശേരിയിലേക്ക് പോയിരുന്നു. ഇവര്‍ താമസിക്കുന്ന മറ്റക്കുഴിയിലെ വീട്ടില്‍ നിന്നും വൈകിട്ട് മൂന്നരയോടെ കുഞ്ഞ് പഠിക്കുന്ന അംഗണവാടിയിലെത്തിയ സന്ധ്യ അവിടെ നിന്നും കുട്ടിയെ കൂട്ടി പോകുന്നു. എന്നാല്‍ മറ്റക്കുഴിയിലെ വീട്ടിലേക്ക് പോകാതെ സന്ധ്യ കുഞ്ഞുമായി പോയത് ആലുവയിലുള്ള സ്വന്തം വീട്ടിലേക്കായിരുന്നു. മറ്റക്കുഴിയില്‍ നിന്നും തിരുവാങ്കുളം വരെ സന്ധ്യ കുഞ്ഞിനെയും കൊണ്ട് ഓട്ടോറിക്ഷയിലാണ് പോയതെന്ന് പറയുന്നു. അവിടെ നിന്നും ബസില്‍ ആലുവായിലേക്ക് പോയി.
എന്നാല്‍ ആലുവായിലെ സ്വന്തം വീട്ടിലെത്തിയ സന്ധ്യ ഒറ്റയ്ക്കായിരുന്നു. ഏഴു മണിയോടടുത്തിരുന്നു സന്ധ്യ വീട്ടില്‍ എത്തുമ്പോള്‍. കുഞ്ഞ് എവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ മറുപടി, ആലുവായില്‍ വച്ചു കാണാതായി എന്നായിരുന്നു. കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം സന്ധ്യ പറഞ്ഞുകൊണ്ടിരുന്നത്. ആലുവ വരെ ബസില്‍ തനിക്കൊപ്പം കുട്ടിയുണ്ടായിരുന്നുവെന്നും പിന്നീട് കാണാതായെന്നുമൊക്കെ സന്ധ്യ പറഞ്ഞു. ആ മറുപടികളില്‍ സംശയം തോന്നിയ വീട്ടുകാര്‍ സന്ധ്യയെ ചോദ്യം ചെയ്തു കൊണ്ടേയിരുന്നു. എല്ലാത്തിനും പരസ്പര വിരുദ്ധമായ മറുപടികളായിരുന്നു. രാത്രി എട്ടുമണിയോടെ വീട്ടുകാര്‍ പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുന്നു. പൊലീസുകാര്‍ കുട്ടിക്കായുള്ള അന്വേഷണത്തിനൊപ്പം സന്ധ്യയെയും ചോദ്യം ചെയ്തു. പൊലീസുകാരോടാണ്, കുട്ടിയെ താന്‍ കുറുമശേരിക്കടുത്തുള്ള മൂഴിക്കുളം പാലത്തിനടുത്ത് ഉപേക്ഷിച്ചുവെന്ന് സന്ധ്യ പറയുന്നത്. ഇതോടെ പൊലീസും അഗ്നിശമന സേനയും നാട്ടുകാരും പാലത്തിനടുത്തും പുഴയിലുമായി അന്വേഷണം ഊര്‍ജ്ജിതമാക്കി. രാത്രി പത്തുമണിയോടെയാണ് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വെള്ളത്തിലും കരയിലുമായി അന്വേഷണം ആരംഭിക്കുന്നത്. മൂഴിക്കുളം ഭാഗത്ത് വരെ സന്ധ്യ കുഞ്ഞുമൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ആലുവയില്‍ ബസ് ഇറങ്ങിയശേഷം ഓട്ടോയില്‍ കയറി കുറുമശേരിയിലെത്തി. അവിടെ നിന്നും വീണ്ടും ബസില്‍ കയറി മൂഴിക്കുളത്തെത്തി. അവിടെ വരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇരുവരെയും കാണാനായി. എന്നാല്‍ മൂഴിക്കുളത്ത് നിന്നും തിരികെ കുറുമശേരിയില്‍ എത്തുമ്പോള്‍ സന്ധ്യയുടെ കൂടെ കുട്ടിയില്ലായിരുന്നു. കുറുമശേരിയില്‍ നിന്നും ഓട്ടോയിലാണ് സന്ധ്യ വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ കുറുമശേരിയിലേക്ക് പാലത്തില്‍ നിന്നും എങ്ങനെയാണ് സന്ധ്യ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പാലത്തിന് താഴെയായി നല്ല ആഴമുള്ള സ്ഥലമാണ്. അവിടെയിറങ്ങി തപ്പാന്‍ വിദഗ്ധരുടെ സഹായം വേണ്ടതുകൊണ്ട് സ്‌കൂബ സംഘത്തെ വിവരം അറിയിക്കുന്നു. രാത്രി 12.45 ഓടെ ആലുവയില്‍ നിന്നും ഒരു സ്വകാര്യ സ്‌കൂബ സംഘം സ്ഥലത്തെത്തി. ഒരു മണിയോടെ സ്‌കൂബ സംഘം ചാലക്കുടി പുഴയില്‍ പരിശോധന ആരംഭിച്ചു. ഇരുട്ടും പുഴയിലെ മറ്റ് തടസങ്ങളും തിരച്ചിലിന് കനത്ത വെല്ലുവിളിയുയര്‍ത്തി. പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞും തിരച്ചില്‍ തുടരുകയായിരുന്നു. രണ്ട് മണിയോടെ അഗ്നിശമന സേനയുടെ സ്‌കൂബ സംഘവും സ്ഥലത്തെത്തി. എന്നാല്‍ ആ സംഘം വെള്ളത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ആലുവയില്‍ നിന്നെത്തി തിരച്ചില്‍ നടത്തിക്കൊണ്ടിരുന്ന യു കെ സ്‌കൂബ സംഘത്തിന് കുട്ടിയുടെ മൃതദേഹം കിട്ടി. Dead body of 3-year-old missing child from Aluva/Thiruvankulam found in Chalakudy river
Content Summary; Dead body of 3-year-old missing child from Aluva/Thiruvankulam found in Chalakudy river
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.