‘നിന്നെ എനിക്ക് ഇനി കാണാന്‍ കഴിയില്ല’ നോവായി ആശിർനന്ദയുടെ വാക്കുകൾ

സ്‌കൂളിനെതിരെ കൂടുതൽ ആരോപണങ്ങൾ

നാട്ടുകല്ലില്‍ 14കാരി തൂങ്ങി മരിച്ച സംഭവത്തില്‍ പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ”സ്‌കൂളിനെതിരെ ഇതിന് മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതായും അവയെല്ലാം മാനേജ്‌മെന്റ് ഇടപെട്ട് ഒതുക്കി തീര്‍ത്തതായും” ശ്രീകൃഷ്ണപുരത്തെ പ്രാദേശിക നേതാവായ അജിത് മോഹന്‍ അഴിമുഖത്തോട് പ്രതികരിച്ചു. ”കുറ്റാരോപിതരെ സസ്‌പെന്‍സ് ചെയ്യണം എന്ന ആവശ്യവുമായാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് പോകുന്നത്, കുട്ടിയുടെ കുടുംബത്തോട് സംസാരിച്ചിരുന്നു, അവര്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് അറിയാന്‍ കഴിഞ്ഞത്. നിന്നെ എനിക്ക് ഇനി കാണാന്‍ കഴിയില്ലെന്ന് മരിക്കും മുന്‍പ് കുട്ടി തന്റെ ഇളയ സഹോദരിയോട് പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു”, അജിത് മോഹന്‍ പറഞ്ഞു.

” പലപ്പോഴും ഈ സ്‌കൂളില്‍ സമാന രീതിയില്‍ ഹരാസ്‌മെന്റുകള്‍ നടക്കുന്നുണ്ട്. അവയൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ചെറിയ കുട്ടികളെ ഉള്‍പ്പെടെ അധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും, ഉപദ്രവിച്ചതായും കുട്ടികള്‍ പരാതി ഉയര്‍ത്തിയിട്ടുണ്ടെന്നും” അജിത് കൂട്ടിച്ചേര്‍ത്തു.

തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദ (14)യെ ചൊവ്വാഴ്ചയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ആശിര്‍നന്ദ തൂങ്ങി മരിക്കാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ നിന്ന് മാറ്റി മറ്റൊരു ഡിവിഷനില്‍ ഇരുത്തിയെന്നും, ഇതേത്തുടര്‍ന്നാണ് കുട്ടിക്ക് മാനസിക വിഷമമുണ്ടായത് എന്നുമാണ് ബന്ധുക്കളും മറ്റ് വിദ്യാര്‍ഥികളും ആരോപിക്കുന്നത്. മാര്‍ക്കില്ലാത്ത കുട്ടികളെ പ്രത്യേകം ക്ലാസുകളിലേക്ക് മാറ്റിയിരുത്തുകയും പതിവായിരുന്നു. കൂടാതെ ഇംഗ്ലീഷ് സംസാരിക്കണമെന്ന് നിര്‍ബന്ധം പറയുമായിരുന്നുവെന്നും, ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മനസമാധാനത്തോടെ പഠിക്കാനുള്ള അന്തരീക്ഷം സ്‌കൂളില്‍ ഇല്ലായിരുന്നുവെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിര്‍ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായി സുഹൃത്തുക്കളുടെ മൊഴിയും ഇതിനോടകം പ്രചരിക്കുന്നുണ്ട്. സ്‌കൂളില്‍ വെച്ച് കുട്ടി കരഞ്ഞതായും സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മാനേജ്മെന്റുമായി മറ്റു കുട്ടികളുടെ രക്ഷിതാക്കളും സംഘടനാപ്രതിനിധികളും നടത്തിയ ചര്‍ച്ചയും ബഹളത്തിലാണ് കലാശിച്ചത്. മാനേജ്മെന്റ് ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നത്.

This post was last modified on June 26, 2025 6:17 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment