‘സുനാമി വന്നപ്പോള്‍ പോലും ഇത്ര പ്രശ്നമുണ്ടായിട്ടില്ല. അന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ പഴയപോലെ മീന്‍ വാങ്ങാന്‍ തുടങ്ങി. പക്ഷേ ഇപ്പോള്‍ ഒരു മാസം കഴിഞ്ഞിട്ടും പ്രതിസന്ധി നിലനില്‍ക്കുകയാണ്…’- 20 വര്‍ഷത്തോളമായി കൊച്ചി പൊന്നുരുന്നിയില്‍ മീന്‍ കച്ചവടം നടത്തുന്ന അനിയുടെ വാക്കുകളാണ് ഇത്. കേരള തീരത്തുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങള്‍ മത്സ്യ മേഖലയ്ക്കുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. അപകടം നടന്ന് ഒരു മാസത്തോളമായിട്ടും ഇപ്പോഴും മീന്‍ വാങ്ങാന്‍ പലരും മടിക്കുകയാണ്. അതിനോടൊപ്പം കടല്‍ക്ഷോഭവും ട്രോളിങ് നിരോധനവും കൂടി വന്നതോടെ മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ കൂടുതല്‍ ബുദ്ധിമുട്ടിലായി. മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി വൈകിയതുമാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാകാന്‍ കാരണമായത് എന്നാണ് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നത്.
കഴിഞ്ഞ മെയ് 25നാണ് എംഎല്‍സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ ആലപ്പുഴ ജില്ലയിലുള്ള തോട്ടപ്പള്ളിക്ക് സമീപം ഉള്‍ക്കടലില്‍ മറിഞ്ഞത്. 643 കണ്ടെയ്നറുകളാണ് ചരക്കു കപ്പലില്‍ ഉണ്ടായിരുന്നത്. മുങ്ങിയ കണ്ടെയ്നറുകളില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നു എന്ന് വാര്‍ത്തകള്‍ വന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കപ്പല്‍ അപകടത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരള തീരത്ത് മറ്റൊരു കപ്പല്‍ അപകടം കൂടി നടക്കുന്നത്. ബേപ്പൂര്‍ തീരത്ത് നിന്ന് 131 കിലോമീറ്റര്‍ അകലെ വാന്‍ഹായി 503 എന്ന ചരക്ക് കപ്പലിന് തീപിടിക്കുകയായിരുന്നു. അപകടങ്ങള്‍ക്ക് പിന്നാലെ മീന്‍ കഴിക്കുന്നത് സുരക്ഷിതമല്ല എന്ന തരത്തില്‍ പ്രചരണമുണ്ടായി. ഇതോടെ മത്സ്യവില കുത്തനെ ഇടിയുകയും ആളുകള്‍ മീന്‍ വാങ്ങാന്‍ വിമുഖത കാട്ടുകയും ചെയ്തു. ഇത് മത്സ്യമേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മീന്‍ വിറ്റുപോകാതിരുന്നതോടെ പല ഹോള്‍സെയില്‍ കച്ചവടക്കാര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
വിറ്റുപോയില്ല, മീന്‍ കളയേണ്ടിവന്നു
പൊന്നുരുന്നി സ്വദേശിയായ അനി ഹോള്‍സെയില്‍ ആയും റീട്ടെയില്‍ ആയും കച്ചവടം നടത്തുന്നുണ്ട്. രണ്ടിലും ബുദ്ധിമുട്ടുണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. ”ചില്ലറ വിതരണക്കാര്‍ മീന്‍ വാങ്ങാത്ത അവസ്ഥയുണ്ടായി. അവരുടെ കയ്യില്‍ നിന്ന് വിറ്റുപോയാല്‍ അല്ലേ അവര്‍ വാങ്ങൂ. സ്ഥിരം മീന്‍ വാങ്ങിയിരുന്നവര്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം വരാന്‍ തുടങ്ങി. ഇപ്പോഴും മീന്‍ വാങ്ങാത്ത അവസ്ഥയുണ്ട്. എനിക്ക് 5-6 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മീന്‍ ഐസ് ഇട്ട് രണ്ട് മൂന്നു ദിവസത്തില്‍ കൂടുതല്‍ വെക്കാന്‍ പറ്റില്ല. മീന്‍ ആരും വാങ്ങാതായതോടെ അത് കൊണ്ടുപോയി കളയേണ്ടതായി വന്നു. കിട്ടുന്ന വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥ ഉണ്ടായി. സ്ഥിരമായി കടയില്‍ നിന്ന് മീന്‍ വാങ്ങുന്നവര്‍ പോലും ഇപ്പോള്‍ വരാറില്ല. എന്റെ വീട്ടില്‍ എന്നും മീനാണ് കഴിക്കുന്നത്. എന്റെ മക്കളെല്ലാം അതാണ് കഴിക്കുന്നത്. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മാത്രമല്ല കച്ചവടത്തിനു കൊണ്ടുവരുന്ന മീനിലും എന്തെങ്കിലും പ്രശ്നമുള്ളതായും എനിക്ക് തോന്നിയിട്ടില്ല”- അനി പറഞ്ഞു.
ആളുകള്‍ മീന്‍ വാങ്ങുന്നതു കുറച്ചതോടെ കച്ചവടത്തിനായി വാങ്ങുന്ന മീനിന്റെ അളവ് കുറച്ചു എന്നാണ് തിരുവനന്തപുരം പൂന്തുറ സ്വദേശി റാഫിയുടെ വാക്കുകള്‍. ”മുന്‍പ് എണ്ണായിരം രൂപയുടെ മീന്‍ കച്ചവടത്തിനായി എടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ എടുക്കുന്നത് നാലായിരം രൂപയുടെ മാത്രം മീനാണ്. പലപ്പോഴും ഇത് വിറ്റുപോകാനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എനിക്ക് മാത്രമല്ല, മീന്‍ കച്ചവടം നടത്തുന്ന എല്ലാവര്‍ക്കും ഈ പ്രശ്നമുണ്ട്.” ട്രോളിങ് പ്രഖ്യാപിച്ചതോടെ മീന്‍ വില കുതിച്ചുയര്‍ന്നതും പ്രതിസന്ധി രൂക്ഷമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദിരൂര്‍ മാര്‍ക്കറ്റില്‍ തട്ടിട്ട് കച്ചവടം നടത്തുന്ന കബീറിനും പറയാനുള്ളത് തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ചാണ്. ചെല്ലാനത്തു നിന്ന് 150- 200 കിലോ മീന്‍ എടുത്താണ് കബീര്‍ വില്‍പ്പന നടത്തിയിരുന്നത്. മീന്‍ വില്‍പ്പനയില്‍ കുറവു വന്നതോടെ ഇത് 40 കിലോ ആയി കുറച്ചു. കൂടാതെ ഹാര്‍ബറില്‍ നിന്ന് വാങ്ങിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ മീന്‍ വില്‍ക്കേണ്ട അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ കച്ചവടക്കാരെ മാത്രമല്ല ഓണ്‍ലൈനായി മീന്‍ കച്ചവടം നടത്തുന്നവരേയും പ്രതിസന്ധി ബാധിച്ചു. അയല, ചൂര പോലുള്ള കടല്‍ മത്സ്യങ്ങള്‍ ആളുകള്‍ വാങ്ങാതായി എന്നാണ് പറവൂരില്‍ ഓണ്‍ലൈന്‍ മത്സ്യവില്‍പ്പന നടത്തുന്ന സുനില്‍ പറയുന്നത്. ആളുകള്‍ കൂടുതല്‍ കായല്‍ മീനിലേക്ക് തിരിഞ്ഞു. ഇതോടെ കരിമീന്‍, പിലോപ്പി തുടങ്ങിയ മീനുകളുടെ വില ഉയര്‍ന്നു എന്നും അദ്ദേഹം പറഞ്ഞു.
വയറ്റത്തടിച്ചത് മാധ്യമങ്ങള്‍
ആദ്യ കപ്പല്‍ അപകടം ഉണ്ടായതിനു പിന്നാലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് ആളുകളെ ഭീതിയിലാക്കിയത് എന്നാണ് മത്സ്യരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. മത്സ്യങ്ങളില്‍ രാസവസ്തു കലര്‍ന്നെന്നും കഴിച്ചാല്‍ കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുണ്ടാകുമെന്നുമാണ് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം വാര്‍ത്ത നല്‍കിയത്. ഇത്തരം വാര്‍ത്തകള്‍ കണ്ട് പേടിച്ചാണ് ആളുകള്‍ മീന്‍ വാങ്ങാതായത് എന്നാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. തങ്ങളുടെ വയറ്റത്തടിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും ഒരു തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ ഒന്നടങ്കം ഇത് ബാധിക്കുമെന്ന് വാര്‍ത്ത നല്‍കുമ്പോള്‍ ആലോചിച്ചില്ലേ എന്നുമാണ് ഇവരുടെ ചോദ്യം.
ആദ്യ അപകടത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. അതിനാല്‍ തെക്കന്‍ കേരളത്തിലെ മത്സ്യ വില്‍പ്പനയില്‍ മാത്രമാണ് വലിയ രീതിയിലുള്ള കുറവ് സംഭവിച്ചത്. രണ്ടാമത്തെ അപകടത്തിനു ശേഷം ഇത്തരം പ്രചരണങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാവാതിരുന്നതിനാല്‍ വടക്കന്‍ കേരളത്തിലെ മത്സ്യമേഖല പ്രതിസന്ധിയിലായില്ലെന്നാണ് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ട്രഷറര്‍ എന്‍സി റഷീദ് പറഞ്ഞത്.
പത്രത്തിലും മറ്റും വരുന്ന വാര്‍ത്തകള്‍ കണ്ട് പേടിച്ചാണ് ആളുകള്‍ മീന്‍ വാങ്ങാതായത്. ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മത്സ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വിഷയത്തില്‍ പഠനം നടത്തി മാധ്യമങ്ങളിലൂടെ പ്രതികരിച്ചെങ്കില്‍ ഇത്ര പ്രശ്നമുണ്ടാവില്ലായിരുന്നു. മാധ്യമങ്ങളാണ് ഈ പ്രശ്നത്തിന് കാരണമായതെന്നും എംഡിഎഫ് മത്സ്യക്കട ഉടമ അനി കുറ്റപ്പെടുത്തി.
”മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ടതോടെ പേടിച്ചാണ് മീന്‍ വാങ്ങാത്തത് എന്നാണ് മീന്‍ വില്‍ക്കാന്‍ ചെല്ലുമ്പോള്‍ എല്ലാവരും പറയുന്നത്. എന്തൊക്കെ തരം മാലിന്യങ്ങളാണ് ഫാക്റ്ററികളില്‍ നിന്നും മറ്റും കടലില്‍ തള്ളുന്നത്. അതൊന്നും ആരും പ്രശ്നമായി കാണുന്നില്ല. ഇതിനെ മാത്രം ഇപ്പോള്‍ വലിയ കാര്യമാക്കുകയാണ്”- ചില്ലറ വില്‍പ്പനക്കാരനായ റാഫിയുടെ വാക്കുകള്‍ ഇങ്ങനെ.
സുരക്ഷിതം, മീന്‍ കഴിക്കാം
കപ്പല്‍ അപകടങ്ങള്‍ക്ക് പിന്നാലെ മീന്‍ കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തെ (സിഐഎഫ്ടി) ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ മീന്‍ കഴിക്കുന്നത് സുരക്ഷിതമാണെന്ന് കണ്ടെത്തുകയായിരുന്നു. തെക്കന്‍ ജില്ലകളിലെ മുപ്പതോളം മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പ്രാഥമിക പരിശോധനയില്‍ ഈ മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയതായി സിഐഎഫ്ടി ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാല്‍ വ്യക്തമാക്കി. വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പഠനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുഫോസ് നടത്തിയ പഠനത്തിലും മത്സ്യം കഴിക്കുന്നതില്‍ പ്രശ്നമില്ലെന്ന് കണ്ടെത്തിയതായി കുഫോസ് പ്രൊഫസര്‍ ചെയര്‍ ഡോ. വിഎന്‍ സഞ്ജീവന്‍ പറഞ്ഞു. ഒരു മീനിന്റേയും ലീഥല്‍ കോണ്‍സെന്‍ട്രേഷന്‍ 15നെ (എല്‍സി 15) ബാധിക്കുന്ന തരത്തില്‍ കെമിക്കലുകള്‍ സമുദ്രത്തില്‍ കലര്‍ന്നിട്ടില്ല. കടലില്‍ പതിച്ചത് എയര്‍ ടൈറ്റ് കണ്ടെയ്നറുകളാണെന്നും അവയൊന്നും ലീക്ക് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരം പറയണം
മത്സ്യമേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സര്‍ക്കാരില്‍ നിന്ന് തണുത്ത സമീപനമാണുള്ളത് എന്നാണ് ആരോപണം. കണ്ടെയ്നറുകളുമായി കേരളതീരത്ത് മുങ്ങിയ എംഎന്‍സി കപ്പലിനെതിരെ നടപടിയെടുക്കാന്‍ പോലും സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തയ്യാറായില്ല. മത്സ്യ വില്‍പ്പനയിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മാര്‍ച്ച് നടത്തിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇതിനു മുന്‍പ് സുനാമി വന്നപ്പോഴും ഓഖി വന്നപ്പോഴും ഇത്തരത്തില്‍ ആളുകള്‍ മീന്‍ വാങ്ങാതിരിക്കുന്ന സാഹചര്യമുണ്ടായി. ഇത്തരത്തിലുള്ള പ്രചാരണങ്ങളെ തുടക്കത്തില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ കഴിയാതിരുന്നത് സര്‍ക്കാര്‍ സംവിധാനത്തിലെ പിഴവാണ് എന്നാണ് സാമൂഹിക പ്രവര്‍ത്തകയായ സിന്ധു നെപ്പോളിയന്‍ പറഞ്ഞത്.
‘കടല്‍ എന്നു പറയുന്നത് നീണ്ടു പരന്നുകിടക്കുന്നതാണ്. കടലിലെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രശ്‌നം നടക്കുമ്പോഴേക്കും മീനുകള്‍ ഭക്ഷ്യയോഗ്യമല്ല എന്ന തരത്തില്‍ കിംവദന്തികള്‍ പ്രചരിക്കപ്പെടും. നേരത്തെ സുനാമി അടിച്ചപ്പോഴും ഓഖി വന്നപ്പോഴും ഇത്തരത്തിലുള്ള സാഹചര്യമുണ്ടായി. ഇത്തരം പ്രചരണം നടക്കുമ്പോള്‍ ഇതിന് തടയിടേണ്ടത് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണ്. ഇതില്‍ ഉടനടിയുള്ള നടപടിയാണ് വേണ്ടത്. ദിവസങ്ങള്‍ക്ക് ശേഷം ഇതില്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടോ മന്ത്രി പ്രതികരണം നടത്തിയിട്ടോ കാര്യമില്ല.- സിന്ധു നെപ്പോളിയന്‍ വ്യക്തമാക്കി.
കൂടാതെ കേരളം ഇതുവരെ കാണാത്ത ദുരന്തമുണ്ടായിട്ടും അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും സിന്ധു ആരോപിച്ചു. ”വിഴിഞ്ഞം തുറമുഖവുമായി വ്യാപാരം നടത്തുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലായതിനാല്‍ തന്നെ മൃദുസമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കപ്പല്‍ അപകടം ഉണ്ടായത് എങ്ങനെയാണെന്നോ അതിലുണ്ടായിരുന്ന രാസവസ്തുക്കള്‍ എങ്ങനെയാണ് കടലിലെ ജീവജാലങ്ങളേയും മനുഷ്യരേയും ബാധിക്കുക എന്നതിനെക്കുറിച്ചോ വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ സര്‍ക്കാരിനായിട്ടില്ല. അപകടം നടന്ന് ആഴ്ചകള്‍ക്ക് ശേഷം പോലും ദുരന്തനിവാരണ വകുപ്പിനോ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോ ഒന്നും തന്നെ ഇത്തരം അപകടങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തത ലഭിച്ചതായി നമുക്ക് തോന്നുന്നില്ല. മാത്രമല്ല ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചോ സ്വീകരിക്കേണ്ട നിയമനടപടിയേക്കുറിച്ചോ വ്യക്തതയില്ല’- സിന്ധു നെപ്പോളിയന്‍ പറഞ്ഞു.
മത്സ്യ ലഭ്യതയിലെ കുറവും കടല്‍ക്ഷോഭവുമെല്ലാം മത്സ്യ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇത്തരം പ്രതിസന്ധിയെ മറികടക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. ആയിരം രൂപ ധനസഹായം പ്രഖ്യാപിച്ചതുകൊണ്ടോ സൗജന്യ റേഷന്‍ നല്‍കിയതുകൊണ്ടോ തങ്ങളുടെ പ്രശ്നം അവസാനിക്കില്ല എന്നാണ് മത്സ്യ മേഖലയിലുള്ളവര്‍ പറയുന്നത്. Ship accidents put the fishing sector in crisis
Content Summary: Ship accidents put the fishing sector in crisis
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.