താമരശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. കുറ്റക്കാരായ വിദ്യാർഥികളെ ഇന്ന് ജുവനൈൽ ജസ്റ്റിസിന് മുൻപിൽ ഹാജരാക്കും. കോഴിക്കോട് താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്‌ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ്(15) ആണ് വിദ്യാർഥികൾ തമ്മിലുണ്ടായ തലയ്ക്ക് ക്ഷതമേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി മരിച്ചത്. ഷഹബാസിനെ നഞ്ചക് പൊലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് നിഗമനം. അതേ സമയം, മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ നടക്കുകയാണ്. ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കുറ്റക്കാരായ 5 വിദ്യാർത്ഥികളെയും വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും. വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു, എന്നാൽ പത്താം ക്ലാസ് വിദ്യാർഥികളായ ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കും.
ഷഹബാസിൻ്റെ ഭാഗത്തുനിന്നും യാതൊരു തെറ്റും മുമ്പ് ഉണ്ടായിട്ടില്ലെന്നും 13 ന് തന്നെ സ്കൂളിൽ സെൻഡ് ഓഫ് നടന്നിരുന്നു, അതിന് പുറമെ ആണ് സ്വകാര്യ ട്യൂഷൻ സെൻ്റർ സെൻ്റ് ഓഫ് ഒരുക്കിയതെന്നും എം.ജെ.എച്ച്.എസ് സ്കൂളിലെ പിടിഎ പ്രസിഡന്റ് സിദ്ദീഖ് മലബാറി പറഞ്ഞു.
സ്കൂളിലെ വിദ്യാർഥികൾ നേരത്തെ സോഷ്യൽ മീഡിയ ഗ്രൂപ്പ് ഉണ്ടാക്കിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നടപടിയെടുത്തിരുന്നു. ഇപ്പോഴത്തെ ഗ്രൂപ്പിനെ കുറിച്ച് വാർത്തകൾ പുറത്തു വന്നപ്പോൾ മാത്രമാണ് അറിഞ്ഞത്. സംഘർഷവുമായി സ്കൂളിലെ വിദ്യാർഥികൾക്ക് ബന്ധമുണ്ടെങ്കിൽ നടപടിയെടുക്കും. സിദ്ദീഖ് കൂട്ടിച്ചേർത്തു.
വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെൻ്ററിന് സമീപത്താണ് താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജിവിഎച്ച്എസ്എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഞായറാഴ്‌ച പരിപാടിയിൽ ജിവിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, പാട്ട് നിലച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിയിരുന്നു ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഷഹബാസിൻ്റെ കൊലപാതകം വളരെ വേദനാജനകമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ. സംഘർഷത്തിലാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടത് എന്നത് ഗൗരവകരമെന്നും ക്രിസ് ട്യൂഷൻ സെന്ററിൽ ഡി.ജെ. പാർട്ടി നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആയുധങ്ങൾ ഉപയോഗിച്ചത് ഗൗരവകരമാണ്. ട്യൂഷൻ സെൻ്റർ നടത്തുന്നത് എയ്ഡഡ് അധ്യാപകനെങ്കിൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കും. സെൻ്റ് ഓഫിൻ്റെ മറവിൽ ഡി.ജെ.പാർട്ടി നടത്തുന്നതിനോട് യോജിക്കാനാകില്ല. മനോജ്കുമാർ വ്യക്തമാക്കി.
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇപ്പോൾ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷഹബാസ് മികച്ച വിദ്യാർഥിയായിരുന്നെന്നും ഷഹബാസ് ഇതിനു മുൻപ് അച്ചടക്ക ലംഘനം കാണിച്ചിട്ടില്ലെന്നും എളേറ്റിൽ എംജെ എച്ച്എസ്എസിലെ ഡെപ്യൂട്ടി എച്ച്എം മുഹമ്മദ് ഇസ്മായിൽ പി പറഞ്ഞു.
കോരങ്ങാട് സ്കൂളിലെയും എംജെഎച്ച്എസ്എസിലേയും വിദ്യാർഥികൾ തമ്മിൽ ഇതിന് മുൻപ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. വിദ്യാർഥികളുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ അധ്യാപകർ കയറാൻ ശ്രമിക്കാറുണ്ട്, ഇപ്പോൾ ഉണ്ടാക്കിയ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.മൊബൈൽ ഫോണുകൾ കുട്ടികൾ സ്കൂളിൽ കൊണ്ട് വരാറില്ല. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെടവൂർ ജുമസ്ജിദ് മദ്രസയിൽ ഷഹബാസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. അതേ പള്ളിയിൽ തന്നെ ഖബറടക്കം.
content summary; death of a student in thamarassery, convicts will be shifted to the observation home