February 14, 2025 |

ഡല്‍ഹി തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ സാധ്യതകളും പ്രതീക്ഷകളും

യാതൊരു വോട്ട് ബാങ്കും കോണ്‍ഗ്രസിന് ഇപ്പോള്‍ അവശേഷിക്കുന്നില്ല

1998 മുല്‍ 2013 വരെ തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി നിയമസഭ ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി പത്ത് വര്‍ഷത്തിലേറെയായി തികച്ചും അപ്രസക്തമായ മൂന്നാം ശക്തിയാണ് ഡല്‍ഹിയില്‍. തികച്ചും നാടകീയമായി പലപ്പോഴും ശക്തിയാര്‍ജ്ജിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുള്ള കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ പഴയ ശക്തി വീണ്ടെടുക്കാനായില്ലെങ്കിലും തങ്ങളുടെ സാന്നിധ്യം തെളിയിക്കാനാവുമെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ തൊട്ടയലത്തുള്ള ഹരിയാണയില്‍ വിജയം കൈയ്യെത്തി പിടിച്ചേക്കും കോണ്‍ഗ്രസെന്ന് പലരും പ്രവചിച്ചിട്ടും മാസങ്ങള്‍ക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ നിശേഷം പരാജയപ്പെട്ട് പോയതും മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും അവരുടെ പ്രതീക്ഷകളെ തളര്‍ത്തുന്നുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന പല നേതാക്കളും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല എന്നതാണ് മറ്റൊരു പ്രതിസന്ധി.Delhi dlection:  congress possibilities and expectations

1998-ല്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടതായിരുന്നു. ഏഴില്‍ ആറ് സീറ്റുകളും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പി നേടിയിരുന്നു. കരോള്‍ ബാഗ് സീറ്റില്‍ നിന്ന് മുതിര്‍ന്ന നേതാവ് മീരാ കുമാര്‍ വിജയിച്ചത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ആശ്വാസം. കിഴക്കന്‍ ഡല്‍ഹി സീറ്റില്‍ നിന്ന് ബി.ജെ.പി നേതാവ് ലാല്‍ ബിഹാരി തിവാരി പരാജയപ്പെടുത്തിയ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് 1998 നവംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് നേരിട്ടത്. 47.76 ശതമാനം വോട്ടും 70-ല്‍ 52 സീറ്റും നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു എന്ന് മാത്രമല്ല, 15 വര്‍ഷം നീണ്ട ഷീലാ ദീക്ഷിത് ഭരണത്തിന് തുടക്കവുമായിരുന്നു അത്. 2013-ലെ തിരഞ്ഞെടുപ്പില്‍ ആകട്ടെ എട്ട് സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി. ഷീലാ ദീക്ഷിത് നഗരഹൃദയത്തില്‍ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടു. എങ്കിലും 24.55 ശതമാനം വോട്ടുകള്‍ ആ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനുണ്ടായിരുന്നു.

സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന് 2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത് കൂടുതല്‍ മാരകമായ പരാജയമായിരുന്നു. ഒരു സീറ്റും കോണ്‍ഗ്രസിന് ലഭിച്ചില്ല എന്ന് മാത്രമല്ല വോട്ട് വിഹിതം 10 ശതമാനമായി ചുരുങ്ങി. 2008-ല്‍ 40.3 ശതമാനമുണ്ടായിരുന്നതാണ് ഏഴ് വര്‍ഷം കൊണ്ട് ഇത്രമേല്‍ ഇടിഞ്ഞത്. 2020-ലെ തിരഞ്ഞെടുപ്പിലാകട്ടെ കോണ്‍ഗ്രസ് അപമാനകരമായ പരാജയമാണ് നേരിട്ടത്. വോട്ട് വിഹിതം 4.26 ശതമാനമായി കുറഞ്ഞുവെന്ന് മാത്രമല്ല, 66 സ്ഥാനാര്‍ത്ഥികളില്‍ 63 പേരുടേയും കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ടു.

ഒരു കാലത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന വലിയ പിന്തുണയും സംഘടനാ സംവിധാനവും വിവിധ മേഖലയില്‍ നിന്നുള്ള നേതാക്കളുമാണ് ഇക്കാലയളവില്‍ കൊഴിഞ്ഞ് പോയത്. 1998-ല്‍ ഒറ്റ സീറ്റില്‍ വിജയിച്ച ഡോ.മീരകുമാര്‍ മുന്‍ ഉപപ്രധാനമന്ത്രി ജഗ്ജീവന്‍ റാമിന്റെ മകള്‍, വിഖ്യാതയായ ഐ.എഫ്.എസ് ഓഫീസര്‍, കേന്ദ്രമന്ത്രി എന്ന നിലയിലൊക്കെ അറിയപ്പെട്ട ആളാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കര്‍ കൂടിയായി മാറിയ വലിയ നേതാവ്. 15 കൊല്ലം ഡല്‍ഹി ഭരിച്ച ഷീലാ ദീക്ഷിതിനെ കൂടാതെ മറ്റ് വലിയ നേതാക്കളും കോണ്‍ഗ്രസിന് ഡല്‍ഹിയിലുണ്ടായിരുന്നു. ഹാരൂണ്‍ യൂസഫിനേയും പര്‍വേശ് ഹാഷ്മിയേയും പോലുള്ള മുസ്ലീം നേതാക്കള്‍, മഹേന്ദര്‍ സിങ് സാഥിയേയും അരവീന്ദര്‍ സിങ് ലവ്ലിയേയും പോലുള്ള സിഖ് നേതാക്കള്‍, രാജ് കുമാര്‍ ചൗഹാനേയും ചൗധരി പ്രേം സിങ്ങിനേയും പോലുള്ള ദളിത് നേതാക്കള്‍, എ.കെ വാലിയ, അജയ് മാക്കന്‍, ജഗ്ദീഷ് ടെറ്റ്ലര്‍, സുഭാഷ് ചോപ്ര തുടങ്ങിയ പഞ്ചാബി നേതാക്കള്‍, ബനിയ നേതാവായ രാം ബാബു ശര്‍മ്മ, ജാട്ട് വിഭാഗത്തിന്റെ വലിയ നേതാവായ സജ്ജന്‍കുമാറും സഹോദരന്‍ രമേഷ് കുമാറും, പൂര്‍വ്വാഞ്ചലി നേതാവ് മഹാബല്‍ മിശ്ര. പിന്നെ യോഗേന്ദ്ര ശാസ്ത്രിയും മംഗള്‍ രാം സിംഘലും പോലുള്ളവര്‍.

ഇത്രയേറെ മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നതില്‍ ഇപ്പോഴുള്ളത് അജയ് മാക്കന്‍ മാത്രമാണ്. യാതൊരു വോട്ട് ബാങ്കും കോണ്‍ഗ്രസിന് ഇപ്പോള്‍ അവശേഷിക്കുന്നില്ല. രാജ്യത്ത് മറ്റ് പലയിടങ്ങളിലും മുസ്ലീം സമൂഹം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും ഡല്‍ഹി മുസ്ലീങ്ങള്‍ ആംആദ്മി പാര്‍ട്ടിയെ ആണ് ബി.ജെ.പിയെ നേരിടാനുള്ള പ്രതീക്ഷയായി കാണുന്നത്. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എങ്ങനെ തിരഞ്ഞെടുപ്പ് തന്ത്രം മെനയും എന്നറിയാതെ കുഴങ്ങുകയാണ്. തങ്ങളുടെ വോട്ട് ബാങ്ക് കൈയ്യാളുന്ന ആംആദ്മി പാര്‍ട്ടിയെ ആക്രമിച്ചാലാണ് രാഷ്ട്രീയമായി ഗുണം ലഭിക്കുക എങ്കിലും അത് രാജ്യത്ത് തെറ്റായ സന്ദേശം നല്‍കുമെന്ന് അവര്‍ക്കറിയാം. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യില്‍ ആംആദ്മി പാര്‍ട്ടി ഉണ്ടെങ്കിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിനും മുതിരാതെ 70 സീറ്റുകളിലും ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്രിവാളിനെ നേരിട്ട് ആക്രമിച്ച് കൊണ്ട് ഒരു പത്രസമ്മേളനം നടത്താന്‍ അജയ്മാക്കന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് അവസാന നിമിഷം റദ്ദാക്കി.

കെജ്രിവാളിനെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണം ഗുണത്തേക്കാളുപരി ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതുകൊണ്ട് തന്നെ നിലമെച്ചപ്പെടുത്തി പഴയ പ്രതാപത്തിലേക്ക് ചുവടുവയ്ക്കാനുള്ള ശ്രമങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തേടുന്നത്. ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പാര്‍ട്ടിയുടെ ആത്മവീര്യം നിലനിര്‍ത്താന്‍ അത് അത്യാവശ്യമാണ് താനും.Delhi dlection:  congress possibilities and expectations

Content Summary: Delhi dlection:  congress possibilities and expectations

×