ഡൽഹിയിൽ ഭരണകക്ഷിയായ എഎപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോട് മത്സരിക്കാൻ പുതിയ വാഗ്ദാനങ്ങളുമായി ബിജെപിയും രംഗത്ത്. ഗർഭിണികൾക്ക് 21,000 രൂപ, വനിതാ വോട്ടർമാർക്ക് പ്രതിമാസം 25,000 രൂപ, എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 500 രൂപ സബ്‌സീഡി എന്നിവയാണ് പുതിയ വാഗ്ദാനങ്ങൾ. ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പി് മുന്നോടിയായി പാർട്ടി തങ്ങളുടെ പ്രകടന പത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കിയിട്ടുണ്ട്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും പ്രഖ്യാപിച്ചു.ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന കേന്ദ്രത്തിന്റെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്.
”ഡൽഹിയിൽ എഎപി എതിർക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി ആദ്യത്തെ ക്യാബിനറ്റ് മീറ്റിങിൽ തന്നെ നടപ്പിലാക്കും.” ജെ പി നദ്ദ വ്യക്തമാക്കി.
ഡൽഹിയിലെ സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യം വെച്ച് ഇറക്കിയ പ്രകടന പത്രികയിൽ എല്ലാ ഹോളിയിലും ദീപാവലിക്കും പാവപ്പെട്ടവർക്ക് സൗജന്യ സിലിണ്ടർ വാഗ്ദാനം ചെയ്യുന്നതാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിച്ച ലഡ്കി ബഹിൻ യോജനയുടെ മാതൃകയിൽ, ഡൽഹിയിലെ ഓരോ സ്ത്രീക്കും പ്രതിമാസം 2,500 രൂപ വീതം നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്തു.
”മഹിളാ സമൃദ്ധി യോജനയ്ക്ക് കീഴിൽ, ഡൽഹിയിലെ ഓരോ സ്ത്രീക്കും പ്രതിമാസം 2,500 രൂപ ലഭ്യമാക്കും. ഇത് ആദ്യത്തെ ക്യാബിനറ്റ് യോഗത്തിൽ അംഗീകരിക്കും.” നദ്ദ കൂട്ടിച്ചേർത്തു.
ഡൽഹിയിലെ വനിതാ വോട്ടർമാർക്ക് എഎപി 2,100 രൂപ പണമായി വാഗ്ദാനം ചെയ്തപ്പോൾ, കോൺഗ്രസ് പ്യാരി ദീദി യോജന പ്രകാരം പ്രതിമാസം 2,500 രൂപ വാഗ്ദാനം ചെയ്തു.
എല്ലാ ചേരികളെയും പല ക്ലസ്റ്ററുകളായി തിരിച്ച് അടൽ കാന്റീനുകളിലൂടെ 5 രൂപയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തു.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തിയാൽ നിലവിലുള്ള എല്ലാ ക്ഷേമ പദ്ധതികളും തുർന്നുമുണ്ടാകുമെന്നും നദ്ദ അടിവരയിട്ട് പറഞ്ഞു. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ ബിജെപി അധികാരത്തിലെത്തിയാൽ നിർത്തലാക്കുമെന്ന എഎപിയുടെ അവകാശപ്പെടലിനെ തുടർന്നാണ് ബിജെപി ഈ ആനുകൂല്യങ്ങൾ തുടരുമെന്ന് വ്യക്തമാക്കിയത്.
”ഡൽഹിയിൽ ഇപ്പോൾ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും ബിജെപി ഭരണത്തിന് കീഴിലും തുടരും. എഎപിയുടെ അഴിമതി ഞങ്ങൾ അധികാരത്തിൽ വരുന്നതോടെ നിർത്തലാക്കും.” നദ്ദ വ്യക്തമാക്കി. ഡൽഹിയിലെ ഭരണകക്ഷികൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തം എന്ന് അർഥം വരുന്ന ‘ആപ്ഡ’ എന്ന വാക്ക് ഉപയോഗിച്ചു.
content summary; Rs 21,000 for pregnant women, Rs 500 LPG subsidy: BJP’s promises for Delhi