June 26, 2026 |
Share on

‘കെജ്രിവാള്‍ അഴിമതിക്കാരനല്ല, സത്യസന്ധത മാത്രമാണ് എന്റെ സമ്പാദ്യം’; ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കെജ്രിവാള്‍

ഡല്‍ഹി രാഷ്ട്രീയത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റായിരുന്നു ‘മദ്യനയക്കേസ്’. ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഉള്‍പ്പെടെ 23 പ്രതികളെയും കോടതി വെറുതെ വിട്ടുവെന്ന ചരിത്ര വിധിക്കാണ് 2026 ഫെബ്രുവരി 27-ന് ഡല്‍ഹി റൗസ് അവന്യൂ കോടതി സാക്ഷ്യംവഹിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമുള്ള ആം ആദ്മി പാര്‍ട്ടിയുടെ വാദങ്ങള്‍ ശരിവെക്കുന്നതായിരുന്നു പ്രത്യേക ജഡ്ജി ജിതേന്ദര്‍ സിങ്ങിന്റെ വിധി.

കോടതി വിധി പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹി കണ്ടത് അതിവൈകാരികമായ നിമിഷങ്ങളായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, കഴിഞ്ഞ രണ്ട് വര്‍ഷത്തെ പീഡനങ്ങള്‍ ഓര്‍ത്ത് 57-കാരനായ കെജ്രിവാള്‍ പൊട്ടിക്കരഞ്ഞു. ‘കെജ്രിവാള്‍ അഴിമതിക്കാരനല്ല, സത്യസന്ധത മാത്രമാണ് എന്റെ സമ്പാദ്യം’ എന്ന് വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു. സമീപത്തുണ്ടായിരുന്ന മനീഷ് സിസോദിയ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചത് പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി മാറി.

എന്തായിരുന്നു മദ്യനയക്കേസ്?

2021-22 കാലഘട്ടത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ എക്‌സൈസ് നയമാണ് വിവാദങ്ങള്‍ക്ക് ആധാരം. 2021 നവംബര്‍ 17നാണ് ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മദ്യ വില്‍പന ആധുനികവത്കരിക്കുക, മദ്യ മാഫിയകളെ നിയന്ത്രിക്കുക, കരിഞ്ചന്ത അവസാനിപ്പിക്കുക. ഇതൊക്കെയായിരുന്നു പുതിയ മദ്യനയത്തിന്റെ ലക്ഷ്യം. മദ്യവ്യാപാരം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ സര്‍ക്കാരിന് വരുമാനം വര്‍ദ്ധിപ്പിക്കാനായിരുന്നു ലക്ഷ്യം.

നഗരത്തിലെ 849 മദ്യവില്‍പ്പന കേന്ദ്രങ്ങളെ 32 സോണുകളായി തിരിച്ച്, സ്വകാര്യ ലേലക്കാര്‍ക്ക് റീട്ടെയ്ല്‍ ലൈസന്‍സ് ലഭ്യമാക്കി. ഓരോ സോണിനെയും എട്ട് മുതല്‍ പത്ത് വരെ വാര്‍ഡുകളാക്കി തിരിച്ചു. അതില്‍ 27 വെന്‍ഡുകളും അനുവദിച്ചു. മദ്യ വില്‍പനശാലകള്‍ പുലര്‍ച്ചെ മൂന്നു മണി വരെ തുറക്കാനും, ഹോം ഡെലിവറിക്കും അവസരമൊരുക്കി. പ്രധാന മാര്‍ക്കറ്റുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, ബിസിനസ് ഏരിയകള്‍ എന്നിവിടങ്ങളില്‍ വില്‍പനാകേന്ദ്രങ്ങള്‍ തുറക്കാനും അനുവാദം നല്‍കി. റീട്ടെയ്ല്‍ ലൈസന്‍സ് എടുത്തവര്‍ക്കായി നിയമ ഇളവുകളും നടപ്പാക്കി. സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി വിലയ്ക്കു പകരം വില നിശ്ചയിക്കാനും, വില്‍പന വര്‍ധിപ്പിക്കാന്‍ കിഴിവുകള്‍ നല്‍കാനും നിയമപ്രകാരം അനുവാദം നല്‍കി.

ഇതിലൂടെ 2021-22 വര്‍ഷം സര്‍ക്കാര്‍ വരുമാനത്തില്‍, 8,900 കോടിയുടെ വര്‍ധനവും ഉണ്ടായി. എന്നാല്‍, മദ്യനയം വഴി തിരഞ്ഞെടുത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്നും പകരം 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും സിബിഐ ആരോപിച്ചു. അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയുടെ പരാതിയില്‍ 2022 ആഗസ്റ്റിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്റെ കമ്പനിക്ക് മദ്യവ്യാപാരി ഒരു കോടി രൂപ നല്‍കിയെന്നായിരുന്നു സിബിഐ എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയത്. 2022 ജൂലൈ എട്ടിനായിരുന്നു ചീഫ് സെക്രട്ടറി എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മനീഷ് സിസോദിയയ്ക്ക് നോട്ടീസ് നല്‍കിയത്. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ രൂപീകരിച്ച മദ്യനയം വഴി സര്‍ക്കാരിന് 580 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. വിവാദങ്ങള്‍ക്ക് ഒടുവില്‍ 2022 ജൂലൈ 31 ന് മദ്യനയം സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ 2022 ആഗസ്റ്റ് 17 ന് സിസോദിയയടക്കം 15 പേര്‍ക്കെതിരെ സിബിഐയും ആഗസ്റ്റ് 22 ന് ഇഡിയും കേസെടുത്ത് റെയ്ഡുകള്‍ നടത്തി.

സിബിഐയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

കെജ്രിവാളിനോ സിസോദിയയ്‌ക്കോ എതിരെ ഒരു രൂപയുടെ പോലും സാമ്പത്തിക ക്രമക്കേട് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ഗൂഢാലോചന കെട്ടിച്ചമയ്ക്കാന്‍ സിബിഐ ശ്രമിച്ചതായും തെളിവുകള്‍ക്ക് പകരം വെറും അനുമാനങ്ങളെയാണ് സിബിഐ ആശ്രയിച്ചത്. പ്രതികളെ സമ്മര്‍ദ്ദത്തിലാക്കി മാപ്പുസാക്ഷികളാക്കി മൊഴി വാങ്ങുന്ന രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. തെറ്റായ രീതിയില്‍ കുറ്റപത്രം തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

നേതാക്കളുടെ ജയില്‍വാസം

2023 ഫെബ്രുവരിയിലാണ് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലാകുന്നത്. ഏകദേശം 17 മാസത്തോളം (530 ദിവസങ്ങള്‍) അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ അറസ്റ്റ് പാര്‍ട്ടിക്കേറ്റ വലിയ ആഘാതമായിരുന്നു.

2024 മാര്‍ച്ചില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തു. പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം മാറി. ജയിലില്‍ കിടന്നുകൊണ്ട് ഭരണം തുടര്‍ന്ന അദ്ദേഹം, പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് പുറത്തിറങ്ങിയതും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും.

എഎപിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് സിംഗും മാസങ്ങളോളം ജയില്‍വാസം അനുഭവിച്ചു.

‘സത്യം ജയിക്കും’

അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ വളര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടിക്ക് ‘കട്ടര്‍ ഇമാന്ദര്‍’ (അങ്ങേയറ്റം സത്യസന്ധര്‍) എന്ന തങ്ങളുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണ് ഈ കോടതി വിധി. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഈ വിധി വലിയ കരുത്തുനല്‍കും. വര്‍ഷങ്ങള്‍ നീണ്ട വേട്ടയാടലിനും മാധ്യമ വിചാരണകള്‍ക്കും ശേഷം, സത്യസന്ധതയുടെ മുദ്രയുമായി കെജ്രിവാളും സംഘവും ഡല്‍ഹി രാഷ്ട്രീയത്തില്‍ വീണ്ടും കരുത്താര്‍ജ്ജിക്കുകയാണ്. കെജ്രിവാളിന്റെ പോരാട്ടവും ജയില്‍വാസവും ഡല്‍ഹിയിലെ രാഷ്ട്രീയ ഭൂപടത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല.

Content Summary: Delhi excise policy case: court acquits Arvind Kejriwal and Manish Sisodia of all charges

Leave a Reply

Your email address will not be published. Required fields are marked *

×