പ്രമുഖ മാധ്യമപ്രവവര്‍ത്തകയും ദ ന്യൂസ് മിനിറ്റ് സ്ഥാപകയുമായ ധന്യ രാജേന്ദ്രനും, മാധ്യമ കൂട്ടായ്മയായ ഡിജിപബ്ബിനുമെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ സംഘടിപ്പിച്ച ‘കട്ടിംഗ് സൗത്ത്’ പരിപാടിയുമായി ബന്ധപ്പെട്ട് ജന്മഭൂമി, ജനം ടിവി, കര്‍മ എന്നിവര്‍ ഓണ്‍ലൈനിലടക്കം പ്രചരിച്ച കള്ള വാര്‍ത്തകള്‍ പിന്‍വലിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ധന്യ രാജേന്ദ്രനും ഡിജിപബ്ബിനുമെതിരേ നടത്തിയിരിക്കുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അടങ്ങിയ യൂട്യൂബ് വീഡിയോകളും വാര്‍ത്താ ലേഖനങ്ങളും നീക്കം ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യാതൊരു തെളിവുകളുമില്ലാതെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തി. Dhanya Rajendran defamation case
ധന്യ രാജേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ജസ്റ്റിസ് വികാസ് മഹാജനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. യൂട്യൂബ് ചാനലായ കര്‍മ്മ ന്യൂസ്, വാര്‍ത്ത ചാനലായ ജനം ടിവി, ദിനപത്രമായ ജന്മഭൂമി എന്നീ മാധ്യമങ്ങള്‍ തങ്ങള്‍ കൊടുത്ത വ്യാജ വാര്‍ത്തകള്‍ പിന്‍വലിക്കുകയോ നീക്കം ചെയ്യുകയോ വേണം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 ന് സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍ ‘കട്ടിംഗ് സൗത്ത് 2023’ എന്ന പേരില്‍ ഒരു മീഡിയ കോണ്‍ക്ലേവ് നടത്തിയതിന് ശേഷമാണ് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ സംഘപരിവാര്‍ ജിഹ്വകളായി പ്രവര്‍ത്തിക്കുന്ന ജനം, ജന്മഭൂമി, കര്‍മ്മ എന്നിവര്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ വാര്‍ത്തകളും വീഡിയോകളും പുറത്തു വിട്ടുകൊണ്ടിരുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കം പങ്കെടുത്ത പരിപാടിയായിരുന്നു കട്ടിംഗ് സൗത്ത്.
കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ കട്ടിംഗ് സൗത്ത് എന്ന പേര് ‘കട്ടിംഗ് ചായ്’, ‘കട്ടിംഗ് എഡ്ജ്’ എന്നീ പദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സംഘപരിവാര്‍ മാധ്യമങ്ങള്‍ കട്ടിംഗ് സൗത്ത് എന്നാല്‍ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള പദ്ധതിയാണ് എന്ന വ്യാജ പ്രചാരണമാണ് നടത്തിയത്. ഒരു തെളിവുകളും ഇല്ലാതെ പരിപാടിക്ക് തീവ്രവാദ ഫണ്ടിംഗ് ലഭിച്ചുവെന്ന തരത്തിലൊക്കെ വാര്‍ത്തകള്‍ നല്‍കിയിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയല്ല, വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് ഈ നിയമ പോരാട്ടമെന്നാണ്, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഡിജി പബ്ബിന്റെ പ്രതിനിധി അഴിമുഖത്തോട് പ്രതികരിച്ചത്. ”തെളിവുണ്ടെങ്കില്‍ ആര്‍ക്കെതിരെയും വാര്‍ത്തകള്‍ നല്‍കാം, അത് തന്നെയാണ് മാധ്യമ ധര്‍മം, എന്നാല്‍ തെളിവുകളില്ലാതെ എങ്ങനെയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത്? മൂന്നു പതിറ്റാണ്ടോളം നീളുന്ന മാധ്യമ ജീവിതത്തെ കൂടി തകര്‍ക്കാനാണ് ഈ വ്യാജ വാര്‍ത്തകള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതിനെതിരേ പ്രതികരിക്കുക തന്നെ വേണം.” ഡിജി പബ്ബ് പ്രതിനിധി പറയുന്നു. വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരേ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നും, ഇത് ആദ്യ പടിയാണെന്നും പ്രതിനിധി കൂട്ടിച്ചേര്‍ത്തു.
”ഒറ്റനോട്ടത്തില്‍, പോസ്റ്റുകളിലും വീഡിയോകളിലും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നോ ശക്തമായ തെളിവുകളോ ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ മനസിലാകുന്നു” എന്നാണ് കോടതി വിശദീകരിച്ചത്. ധന്യ രാജേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ നിലനില്‍ക്കുന്നതോ ആയ കേസുകളിലോ പൊതു രേഖകളിലോ ഒരിടത്തും ഇത്തരം ആരോപണങ്ങള്‍ ഇല്ലെന്നും വിധിയില്‍ പറയുന്നു. 10 ദിവസത്തിനകം ഉള്ളടക്കം നീക്കം ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നീക്കം ചെയ്യാന്‍ മാധ്യമ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടാല്‍, യുട്യൂബിനെ സമീപിക്കാന്‍ ധന്യ രാജേന്ദ്രനും ദി ന്യൂസ് മിനിറ്റിനും അവകാശമുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്.
‘ഇലക്ടറല്‍ ബോണ്ട് സംഭാവനകളുടെ പേരില്‍ ബിജെപിയെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ന്യൂസ് മിനിട്ട്, ന്യൂസ് ലൗണ്‍ട്രി സഖ്യം വിദേശത്ത് നിന്ന് ഫണ്ടുകള്‍ സ്വീകരിച്ചു’ എന്നതായിരുന്നു ജന്മഭൂമി മാര്‍ച്ച് 19 ന് പ്രസിദ്ധീകരിച്ച ലേഖനത്തിലുള്ള വ്യാജ വിവരം. രാജ്യാന്തര തലത്തില്‍ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് ധന്യ രാജേന്ദ്രന്‍ എന്ന തരത്തിലാണ് വസ്തുത വിരുദ്ധമായി ജന്മഭൂമി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. മലയാളത്തിലെ സ്വതന്ത്ര മാധ്യമ സ്ഥാപനമായ അഴിമുഖം ഉള്‍പ്പെടയുള്ള ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകള്‍ അംഗമായ ഡിജിപബ്ബ് വഴിയാണ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഇന്ത്യയിലെ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും തെളിവുകളില്ലാതെ വെറും വ്യജ വാര്‍ത്തയായി ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
ധന്യ രാജേന്ദ്രന്‍ ഡിജി പബ്ബും, ന്യൂസ് മിനിറ്റും മുഖേന രാജ്യ ദ്രോഹത്തിലേര്‍പ്പെട്ടിരിക്കുകയെണെന്ന തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് തീവ്ര വലതുപക്ഷ മാധ്യമങ്ങള്‍ നല്‍കിയിരുന്നത്. ജനങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍ കെല്‍പ്പുള്ള വാര്‍ത്തകള്‍ കൃത്യമായ തെളിവുകളില്ലാതെ പ്രസിദ്ധീകരിക്കരുതെന്ന അടിസ്ഥാന മാധ്യമ ധര്‍മമാണ് ഈ മാധ്യമങ്ങള്‍ ലംഘിച്ചിരിക്കുന്നത്. ബിജെപി-സംഘപരിവാര്‍ മുഖമായ ജനം ടിവിയും, ഇവരുടെ തന്നെ ഓണ്‍ലൈന്‍ പ്ലാറ്റഫോമും ധന്യ രാജേന്ദ്രന്‍, സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയാണെന്ന് ഉറപ്പിച്ചു പറഞ്ഞാണ് തുടര്‍ച്ചയായി വ്യജ വാര്‍ത്തകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇതിനാവശ്യമായ ഒരു തെളിവ് പോലും ജനം ടിവിക്ക് അവരുടെ ഒരു വാര്‍ത്തയ്‌ക്കൊപ്പം പോലും കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഡിജിപബ്ബിനെതിരെ ജന്മഭൂമിയും, ജനം ടിവിയും നല്‍കുന്ന വ്യാജ വാര്‍ത്തകള്‍ അതേപടി പകര്‍ത്തിയാണ് കര്‍മ ന്യൂസ് സംപ്രേക്ഷണം ചെയ്തിരുന്നത്. defamation case against janam tv, janmabhumi daily and karma news
Content summary; Delhi High Court Orders Removal Of ‘Defamatory’ YouTube Videos, Articles Against Dhanya Rajendran