ഡല്‍ഹിയിലെ ചാണക്യപുരിയിലെ കര്‍ണാടക ഭവനില്‍ നടക്കുന്നത് തിരക്കേറിയ ചര്‍ച്ചകളാണ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സംസ്ഥാന ഭവനില്‍ എത്തിയതിന് പിന്നാലെ നേതൃമാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്.
ചൊവ്വാഴ്ച കര്‍ണാടക ഭവനിലെ പുതിയ അനക്‌സ് കെട്ടിടത്തില്‍ എത്തിയ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ താമസിക്കാന്‍ തീരുമാനിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ രാജ്യതലസ്ഥാനത്തെത്തിയ സിദ്ധരാമയ്യ പഴയ കെട്ടിടത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറുകയായിരുന്നു. അതേസമയം, കഴിഞ്ഞ തവണയൊക്കെ ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ സിദ്ധരാമയ്യ പുതിയ കെട്ടിടത്തിലെ വസതിയിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ പുതിയ കെട്ടിടത്തിലെ സൗകര്യങ്ങള്‍ ഇഷ്ടപ്പെടാത്തത് കൊണ്ടും കെട്ടിടത്തില്‍ ആവശ്യത്തിന് വായുസഞ്ചാരമില്ലെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നതായാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക മുറി ആരും ഉപയോഗിക്കാതെ കിടക്കുന്നത് കണ്ടതോടെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ശിവകുമാര്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമാണ് താമസം മാറിയതെന്നാണ് പറയുന്നത്.
ഇതിനെല്ലാം പുറമെ ബുധനാഴ്ച സിദ്ധരാമയ്യയും ശിവകുമാറും വെവ്വേറെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിതും പലവിധ അഭ്യൂഹങ്ങള്‍ക്ക് ഇടയായിട്ടുണ്ട്. എന്നാല്‍ ഉച്ചകഴിഞ്ഞ് ഇരുവരും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കാണാന്‍ പോയത് ഒരുമിച്ചായിരുന്നു. തുടര്‍ന്ന് സിദ്ധരാമയ്യ കര്‍ണാടക ഭവനിലേക്ക് മടങ്ങി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. ശിവകുമാറാകട്ടെ മുഖ്യമന്ത്രിയോടൊപ്പം മടങ്ങാതെ കൊണാട്ട് പ്ലേസിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സന്ദര്‍ശിക്കുകയായിരുന്നു.
രാജ്നാഥ് സിങുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചും സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. അനുമതി ലഭിച്ചാല്‍ വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലുമായുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ”മുഖ്യമന്ത്രി പദവിയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് എനിക്ക് സംശയമുണ്ട്. കോണ്‍ഗ്രസിലെ ഏറ്റവും മികച്ച ഒ.ബി.സി നേതാക്കളില്‍ ഒരാളാണ് സിദ്ധരാമയ്യ – ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആകര്‍ഷണീയതയും ബഹുജന പിന്തുണയും ഉള്ളയാള്‍. കോണ്‍ഗ്രസ് എന്തിനാണ് അദ്ദേഹത്തെ മാറ്റുന്നത്?” മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നു.
പിന്നീട് മാധ്യമങ്ങളെ കണ്ട ശിവകുമാര്‍ പ്രിയങ്കയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചില്ല. മാത്രമല്ല സംസ്ഥാന നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളെ പോലും തള്ളിക്കളയുകയായിരുന്നു അദ്ദേഹം. ”മന്ത്രിസഭാ പുനഃസംഘടന നിലവില്‍ പരിഗണനയിലില്ല. വിവിധ സംസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും ഞാനും കേന്ദ്രമന്ത്രിമാരെ കാണുന്നുണ്ട്” ശിവകുമാര്‍ വ്യക്തമാക്കി. കൂടാതെ, കര്‍ണാടകയില്‍ ജില്ലാ തലത്തില്‍ പാര്‍ട്ടി സംഘടനയെ നവീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതികളെക്കുറിച്ചും ശിവകുമാര്‍ സംസാരിച്ചു.
2023 മെയ് മാസത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിെലത്തിയപ്പോള്‍ രണ്ടരവര്‍ഷം സിദ്ധരാമയ്യക്കും രണ്ടരവര്‍ഷം ഡികെ ശിവകുമാറിനും മുഖ്യമന്ത്രി പദവി നല്‍കാമെന്ന് ധാരണ ഉണ്ടായിരുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരമൊരു ധാരണ ഉള്ളതായി കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സിദ്ധരാമയ്യയുടെ കാലാവധി പകുതിയിലേക്ക് അടുക്കുമ്പോള്‍, അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. അടുത്തിടെയായി ഇത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന അഭിപ്രായങ്ങള്‍ ഹൈക്കമാന്‍ഡിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരുവില്‍ എംഎല്‍എമാരുമായും എംഎല്‍സികളുമായും കൂടിക്കാഴ്ച നടത്തി.
അതേസമയം, കഴിഞ്ഞ ആഴ്ച സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ഊന്നിപ്പറഞ്ഞിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന സഹപ്രവര്‍ത്തകനോടൊപ്പം നില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ശിവകുമാറും സമ്മതിച്ചു. എന്നാല്‍ നേതൃമാറ്റത്തെക്കുറിച്ച് നിയമസഭാംഗങ്ങളുടെ അഭിപ്രായം തേടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സുര്‍ജേവാല തള്ളിക്കളഞ്ഞു.
രണ്ട് നേതാക്കളും രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നതോടെ നേതൃമാറ്റം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകും. ചര്‍ച്ചകള്‍ പുരോഗമിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, കര്‍ണാടക ഭവന്‍ ഉദ്യോഗസ്ഥര്‍ പോലും ജാഗ്രതയിലാണ്. Rumors of a leadership change continue in Karnataka
Content Summary: Rumors of a leadership change continue in Karnataka
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.