June 03, 2026 |
Share on

ഡല്‍ഹിയില്‍ റെസ്റ്റോറന്റില്‍ വന്‍ തീപിടുത്തം; 20 മരണം

രാവിലെ 9:45 ഓടെയാണ് റെസ്റ്റോറന്റില്‍ തീപിടുത്തമുണ്ടായതായുള്ള സന്ദേശം ഡല്‍ഹി ഫയര്‍ സര്‍വീസിന് ലഭിക്കുന്നത്

തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള പ്രമുഖ റെസ്റ്റോറന്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 20 പേര്‍ മരണപ്പെട്ടതായി വിവരം. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ഭയം. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ മാളവ്യ നഗറിലെ ‘ലെമണ്‍ ഗ്രീന്‍ റെസ്റ്റോറന്റിലാണ്’ തലസ്ഥാനത്തെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കുടുങ്ങിക്കിടന്ന 37 ഓളം പേരെ ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി.

രാവിലെ 9:45 ഓടെയാണ് റെസ്റ്റോറന്റില്‍ തീപിടുത്തമുണ്ടായതായുള്ള സന്ദേശം ഡല്‍ഹി ഫയര്‍ സര്‍വീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നെഹ്റു പ്ലേസ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഡിവിഷണല്‍ ഓഫീസര്‍ രവീന്ദറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. റെസ്റ്റോറന്റിലാണ് തീപിടുത്തത്തിന്റെ തുടക്കമെന്നാണ് പ്രാഥമിക നിഗമനമെന്ന് സൗത്ത് ഡിസ്ട്രിക്റ്റ് ഡി.ഡി.എം.എ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജിതേന്ദ്ര കുമാര്‍ അറിയിച്ചു. എങ്കിലും അപകടത്തിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത നാല് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി ഇതിനകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ഐഡന്റിറ്റിയും മറ്റ് ഔദ്യോഗിക വിവരങ്ങളും സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പരിക്കേറ്റ ഏഴോളം പേര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ തന്നെ ദുരന്തനിവാരണ സേന, ജില്ലാ മജിസ്ട്രേറ്റ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി ഏകോപിപ്പിച്ചതായി മാളവ്യ നഗര്‍ എം.എല്‍.എ സതീഷ് ഉപാധ്യായ വ്യക്തമാക്കി. അദ്ദേഹം നേരിട്ട് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നാട്ടുകാരും സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പുക നിറഞ്ഞ കെട്ടിടത്തിനുള്ളില്‍ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ ഫയര്‍ഫോഴ്‌സ് സംഘം പരിശോധന തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

Content Summary: Delhi Malviya Nagar Fire: At least 16 dead after a massive blaze broke out at Lemon Green restaurant.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×