April 20, 2025 |
Share on

ഡല്‍ഹി സ്‌ഫോടനം: കെട്ടിച്ചമച്ച തെളിവുകൾ നിരപരാധികളുടെ 12 വര്‍ഷത്തെ ജീവിതം ഇല്ലാതാക്കിയപ്പോൾ

സ്‌ഫോടനം നടന്ന 2005 ഒക്ടോബര്‍ 29ന് മുഹമ്മദ് റഫീഖ് ഷാ കാശ്മീര്‍ സര്‍വകലാശാലയില്‍ ഉണ്ടായരുന്നതിന് തെളിവുണ്ട്. മറിച്ച് തെളിയിക്കാന്‍ ഒരു തരത്തിലും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.

12 വര്‍ഷം ജയിലിലിട്ടതിന് ശേഷം ഡല്‍ഹി സ്‌ഫോടന കേസിലെ പ്രതികളായിരുന്ന മുഹമ്മദ് ഹുസൈന്‍ ഫസ്ലിയേയും മുഹമ്മദ് റഫീഖ് ഷായേയും കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടത് കഴിഞ്ഞ ദിവസമാണ്. പ്രോസിക്യൂഷന്‍റെ ദുര്‍ബലമായ വാദങ്ങളുടെ പേരില്‍ 12 വര്‍ഷം വിചാരണ തടവുകാരായി ഇവര്‍ക്ക് കഴിയേണ്ടി വന്നു എന്നതാണ് ഇവിടെ ദുരന്തമാകുന്നത്. അന്യായമായി നീണ്ടുപോയ വിചാരണയുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും പേരില്‍ രണ്ട് വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തിലെ 12 വര്‍ഷമാണ് ജയിലില്‍ ചിലവഴിക്കേണ്ടി വന്നത്. ഇന്ത്യയില്‍ മറ്റ് പല ഭീകരാക്രമണ കേസുകളിലും കണ്ടത് പോലെ തന്നെ.

പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. സ്‌ഫോടനം നടന്ന 2005 ഒക്ടോബര്‍ 29ന് മുഹമ്മദ് റഫീഖ് ഷാ കാശ്മീര്‍ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നതിന് തെളിവുണ്ട്. മറിച്ച് തെളിയിക്കാന്‍ ഒരു തരത്തിലും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഡിടിസി (ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസില്‍ ഷായാണ് ബോംബ് വച്ചത് എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഈ ദിവസം ഷാ സര്‍വകലാശാല ക്യാമ്പസിലുണ്ടായിരുന്നതായും ക്ലാസില്‍ കയറിയിരുന്നതായും കാശ്മീര്‍ സര്‍വകലാശാലയിലെ മൂന്ന് അദ്ധ്യാപകര്‍ മൊഴി നല്‍കിയിരുന്നു. ഷായുടെ അറ്റന്‍ഡന്‍സ് രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു.

325 പ്രോസിക്യൂഷന്‍ സാക്ഷികളുണ്ടായിരുന്നു. ഈ കേസ് നീണ്ടുപോകുമെന്ന് അറിയാമായിരുന്നു. എന്നാല്‍ വൈകിയാണെങ്കിലും നീതി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു – മുഹമ്മദ് റഫീഖ് ഷാ പറയുന്നു. കാശ്മീര്‍ സര്‍വകലാശാലയില്‍ എംഎ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായിരുന്നു ഷാ. ജയിലില്‍ വച്ചാണ് ഷാ പഠനം പൂര്‍ത്തിയാക്കിയത്. തന്‌റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട ഫസ്ലിയെ ഒരു മുന്‍പരിചയവും ഇല്ലായിരുന്നു. കുട്ടിക്കാലത്ത് ഒരിക്കല്‍ മാത്രമാണ് ഡല്‍ഹിയില്‍ പോയിട്ടുള്ളതെന്നും ഷാ പറയുന്നു.

2006ല്‍ തന്നെ ആവശ്യമുള്ള രേഖകള്‍ സര്‍വകലാശാല, അന്വേഷണ സംഘത്തിന് ലഭ്യമാക്കിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പായിരുന്നു ഇത്. കോളേജ് ശീതകാല അവധിയിലായിരുന്നതിനാല്‍ രേഖകള്‍ പരിശോധിക്കാനായില്ലെന്നാണ് അന്വേഷണസംഘം അറിയിച്ചത്. എന്നാല്‍ ഈ വാദം വാസ്തവവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഷാ ബോംബ് വയ്ക്കുന്നതായി കണ്ടെന്ന് പറയുന്ന സാക്ഷികളുടെ മൊഴിയില്‍ വ്യക്തതയില്ല. ഫസ്ലിയേയും ഷായേയും അറസ്റ്റ് ചെയ്തതിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലഷ്‌കറെ തോയിബ പ്രവര്‍ത്തകനുമായി ഫസ്ലി ഫോണില്‍ സംസാരിച്ചു എന്നാണ് പ്രോസിക്യൂഷന്റെ മറ്റൊരു ആരോപണം. ഇതും കള്ളമാണെന്ന് കോടതി കണ്ടെത്തി. പ്രസ്തുത നമ്പര്‍ സിം കാഡ് കുറച്ച് നേരത്തെയ്ക്ക് മാത്രമേ ഫസ്ലിയുടെ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളൂ. ആകെ ഒരൊറ്റ കോള്‍ വിളിച്ചിരിക്കുന്നതാവട്ടെ കസ്റ്റമര്‍ കെയറിലേയ്ക്കും.

അബു അല്‍ കാമ എന്ന ലഷ്‌കര്‍ പ്രവര്‍ത്തകന്റെ സാറ്റലൈറ്റ് ഫോണിലേയ്ക്ക് താരിഖ് അഹമ്മദ് ദര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് പോയതെന്ന് പറയുന്ന രണ്ട് കോളുകളാണ് പ്രോസിക്യൂഷന്‍ പ്രധാനമായും എടുത്തത്. അഹമ്മദ് ദറിനെയും കേസില്‍ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. എംഎസ് സി ബിരുദധാരിയായ അഹമ്മദ് ദര്‍, സ്‌ഫോടനം നടക്കുന്ന സമയത്ത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. 2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടത് 67 പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *

×