UPDATES

മോദി വയനാട്ടിൽ; പ്രത്യേക പാക്കേജ് ഉണ്ടാകുമോ ?

പ്രധാനമന്ത്രിക്ക് വയനാടിന് വേണ്ടി എന്തൊക്കെ ചെയ്യാം?

                       

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി പ്രധാനമന്ത്രി വിലയിരുത്തി. രിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒൻപതുപേരെ പ്രധാനമന്ത്രി നേരിൽ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദർശിച്ചു.

അടുത്ത പടിയായി രാജ്യം കണ്ട ഏറ്റവും വലിയൊരു ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ ഏതു വിധമാണ് സമീപിക്കാന്‍ പോകുന്നതെന്നാണ് അറിയേണ്ടത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടുമോ? മോദിയില്‍ നിന്ന് കേള്‍ക്കാനിരിക്കുന്നത് ഈയൊരു ഉത്തരമാണ്. അതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്; ദുരന്തങ്ങള്‍ എങ്ങനെയാണ് നിര്‍വചിക്കപ്പെടുന്നത്? എന്താണ് ദേശീയ ദുരന്തം എന്നതിലൂടെ വിശദമാക്കപ്പെടുന്നത്? ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ ഉണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തെല്ലാമാണ്? ഈ കാര്യങ്ങള്‍ വിശദമായി പരിശോധിക്കാം.criteria for national disaster declaration

നിയമം എങ്ങനെയാണ് ദുരന്തത്തെ നിർവചിക്കുന്നത്?

2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്‌ട് അനുസരിച്ച്, ‘ദുരന്തം’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്, മനുഷ്യനോ, പരിസ്ഥിതിക്കോ സംഭവിക്കുന്ന കാര്യമായ ഭവിഷ്യത്തിനെയാണ്. ഏതെങ്കിലും പ്രദേശത്ത് സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാൽ ആകസ്മികമായോ അശ്രദ്ധ കൊണ്ടോ ഉണ്ടാകുന്ന വലിയ  അപകടങ്ങളായിരിക്കും. ഈ ദുരന്തം മൂലം മനുഷ്യരുടെ ജീവനും സ്വത്തും ഭീഷണിയിലാകുകയും, പരിസ്ഥിതിയ്ക്ക് നാശവും നേരിട്ടേക്കാം. ഇത്തരം സംഭവങ്ങളെ ദുരന്തമായി പ്രഖ്യാപിക്കുന്നത് അതിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുത്താണ്. അതായത് ബാധിക്കപ്പെട്ട പ്രദേശത്തിന് സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയുന്നതിലും അധികമായിരിക്കും വിപത്തുകൾ. ഭൂകമ്പം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ്, സുനാമി, വെള്ളപ്പൊക്കം, ഊഷ്ണ തരംഗം തുടങ്ങിയവയെ പ്രകൃതി ദുരന്തങ്ങളായാണ് വിലയിരുത്തുക. അതേസമയം മനുഷ്യനിർമിത ദുരന്തങ്ങൾ ആണവമായോ അല്ലെങ്കിൽ ജൈവ,രാസപരമായോ ആകാം.

 എങ്ങനെയാണ് ദേശീയ ദുരന്തമായി പരിഗണിക്കുക ?

ഇന്ത്യയിൽ ഒരു ദുരന്തത്തെ ദേശീയമായി പ്രഖ്യാപിക്കാൻ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. 2018 ലെ ശീതകാല സമ്മേളനത്തില്‍ പാർലമെൻ്റിലെ ഒരു ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ഇത്തരം വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ദുരന്ത നിവാരണത്തിനായി നീക്കി വയ്ക്കുന്ന സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്‌ഡിആർഎഫ്), ദേശീയ ദുരന്ത പ്രതികരണ നിധി (എൻഡിആർഎഫ്) എന്നിവയുടെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ; ഒരു അപകടത്തെ ദേശിയ ദുരന്തമായി നിര്‍വചിക്കുന്നതിനുള്ള  ഒരു വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2001-ലെ ഗുജറാത്ത് ഭൂകമ്പവും 1999-ലെ ഒഡീഷയിലെ ചുഴലിക്കാറ്റും അസാധാരണ തീവ്രതയുളള ദുരന്തങ്ങളായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2001 മാർച്ചിൽ അന്നത്തെ കൃഷി സഹമന്ത്രി ശ്രീപദ് നായിക് ആണ് പാർലമെൻ്റിൽ ഈ പ്രസ്താവന നടത്തിയത്.

ദേശീയ ദുരന്തത്തെ നിർവചിക്കാനുള്ള ശ്രമങ്ങൾ

അടൽ ബിഹാരി വാജ്‌പേയ്‌യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ദേശീയ ദുരന്തത്തെ നിർവചിക്കാനുള്ള മാനദണ്ഡങ്ങൾ കണ്ടെത്താൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ദേശീയ ദുരന്ത നിവാരണ സമിതിയ്ക്ക്, ഇതിനു വേണ്ട നിശ്ചിത  മാനദണ്ഡങ്ങള്‍ നിർദേശിക്കാൻ കഴിഞ്ഞില്ല. 2013-ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം, 2014-ലെ ഹുദ്ഹുദ് ചുഴലിക്കാറ്റ്, 2015-ലെ അസം വെള്ളപ്പൊക്കം തുടങ്ങിയവയെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിക്കാനായി, സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഇതുവരെ, ഔദ്യോഗിക നിർവചനമോ, മാനദണ്ഡമോ സൃഷ്ടിക്കപ്പെട്ടിട്ടില്ല.

പത്താം ധനകാര്യ കമ്മീഷൻ ( 1995 മുതൽ 2000 വരെ ) ഒരു സംസ്ഥാനത്തിൻ്റെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുകയാണെങ്കിൽ അതിനെ അസാധാരണ തീവ്രതയുള്ള ദേശീയ ദുരന്തം എന്ന് വിളിക്കുന്നതിനുള്ള ആശയം മുന്നോട്ട് വച്ചു. കമ്മീഷൻ, ദേശീയ ദുരന്തത്തിനെ നിർവചിക്കാൻ തയ്യാറായില്ല. എന്നാൽ ദുരന്തത്തിൻ്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് കൊണ്ടായിരിക്കണം വിലയിരുത്തേണ്ടതെന്ന ആവശ്യം ഉന്നയിച്ചു. ദുരന്തം എത്രത്തോളം ഗുരുതരമാണ്, എത്രത്തോളം സഹായം ആവശ്യമാണ്, പ്രശ്നം കൈകാര്യം ചെയ്യാനുള്ള സംസ്‌ഥാനത്തിന്റെ ശേഷി, സഹായവും ആശ്വാസവും നൽകുന്നതിനുള്ള പദ്ധതികൾ, ബദൽ മാർഗങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കാനും നിർദേശിച്ചു. ഉത്തരാഖണ്ഡിലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തെയും, ഹുദ്ഹുദ് ചുഴലിക്കാറ്റിനെയും തീവ്രമായ പ്രകൃതി ദുരന്തങ്ങളെന്ന്
പിന്നീട് വിശേഷിപ്പിപ്പിച്ചിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ എന്ത് സംഭവിക്കും?

ഒരു പ്രദേശത്തുണ്ടാകുന്ന അപകടത്തെ അസാധാരണമായ തീവ്രതയിലുള്ള, അല്ലെങ്കിൽ ഗുരുതര സ്വഭാവമുള്ളതായി പ്രഖ്യാപിക്കുമ്പോൾ, ദേശീയ തലത്തിൽ സംസ്ഥാന സർക്കാരിന് സഹായം ലഭിക്കും. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് അധിക ഫണ്ട് നൽകുന്നതും കേന്ദ്രം പരിഗണിക്കും. സംസ്ഥാന സർക്കാർ നൽകുന്നതിൻ്റെ മൂന്നിരട്ടി തുക കേന്ദ്രസർക്കാർ നൽകികൊണ്ട് ഒരു ദുരന്ത നിവാരണ ഫണ്ട് (സിആർഎഫ്) രൂപീകരിക്കും. സിആർഎഫിലെ വിഭവങ്ങൾ പര്യാപ്തമല്ലെങ്കിൽ, കേന്ദ്ര ഗവൺമെൻ്റ് പൂർണ്ണമായും ധനസഹായം നൽകുന്ന ദേശീയ ദുരന്ത കണ്ടിജൻസി ഫണ്ടിൽ (എൻസിസിഎഫ്) നിന്നും ധനസഹായം നൽകും. വായ്പാ തിരിച്ചടവിൽ സർക്കാർ ഇളവ് നൽകാം അല്ലെങ്കിൽ ദുരന്തബാധിതർക്ക് എളുപ്പമുള്ള വ്യവസ്ഥകളിൽ പുതിയ വായ്പകൾ സ്വീകരിക്കാം.

ഫണ്ട് എങ്ങനെ തീരുമാനിക്കും?

ദേശീയ ദുരന്ത നിവാരണ നയം, 2009 അനുസരിച്ച്, കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാഷണൽ ക്രൈസിസ് മാനേജ്‌മെൻ്റ് കമ്മിറ്റിയാണ് ഇത്തരം പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നത്. ഗുരുതരമായ പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സഹായങ്ങൾക്കുമായി പല മന്ത്രാലയങ്ങളിലുമായുള്ള കേന്ദ്ര  സംഘങ്ങളെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം, ഈ വിലയിരുത്തലുകൾ അവലോകനം ചെയ്യുകയും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്നോ ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നോ (NCCF) എത്ര സാമ്പത്തിക സഹായം നൽകണമെന്ന തീരുമാനമെടുക്കുകയും ചെയ്യും. ധനമന്ത്രി, ആഭ്യന്തരമന്ത്രി, കൃഷിമന്ത്രി, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് പിന്നീട് കേന്ദ്രസഹായത്തിൻ്റെ അന്തിമ തുക അംഗീകരിക്കുക.

മറ്റ് രാജ്യങ്ങൾ എങ്ങനെയാണ് ദുരന്തങ്ങളെ കൈ കാര്യം ചെയ്യുന്നത് ?

യുഎസിൽ, ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസിയാണ് (ഫെമ) ദുരന്തനിവാരണത്തിൽ സർക്കാരിൻ്റെ പങ്ക് ഏകോപിപ്പിക്കുന്നത്. സംസ്ഥാന-പ്രാദേശിക ഗവൺമെൻ്റുകൾക്ക് സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയാത്തവിധം ഒരു ദുരന്തം രൂക്ഷമാണെങ്കിൽ, സംസ്ഥാന ഗവർണർക്കോ, ചീഫ് എക്സിക്യൂട്ടീവിനോ സ്റ്റാഫോർഡ് നിയമപ്രകാരം ഫെഡറൽ സഹായം ആവശ്യപ്പെടാം. ചില പ്രത്യേക സന്ദർഭങ്ങളിൽ, ഗവർണറുടെ അഭ്യർത്ഥന കൂടാതെ പോലും യുഎസ് പ്രസിഡൻ്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയും. പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാന, പ്രാദേശിക സർക്കാരുകൾ, ചില ലാഭരഹിത സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് സാമ്പത്തികവും മറ്റ് തരത്തിലുള്ള സഹായങ്ങളും നൽകാൻ നിയമം അനുവദിക്കുന്നുണ്ട്. ഒരു അടിയന്തരാവസ്ഥ ഗുരുതരമായ സാഹചര്യമായിരിക്കില്ല, അതേസമയം ഒരു വലിയ ദുരന്തത്തിൽ  ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടായേക്കാം, അപ്പോൾ കൂടുതൽ സഹായം ആവശ്യമായി വരും.

Content summary; Demand grows to declare the Wayanad landslide a national disaster. What are the criteria for this declaration?criteria for national disaster declaration

Share on

മറ്റുവാര്‍ത്തകള്‍