April 28, 2025 |

പനാമയിൽ നിന്ന് നാട്ടിലേക്ക് പോകണം, എംബസികളെ സമീപിച്ച് ട്രംപ് നാടുകടത്തിയ കുടിയേറ്റക്കാർ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300ഓളം കുടിയേറ്റക്കാരെയാണ് യുഎസ് പനാമയിലേക്ക് നാടുകടത്തിയത്

യുഎസ് പനാമയിലേക്ക് നാടുകടത്തപ്പെട്ട കുടിയേറ്റക്കാർ അഭയ സ്ഥാനം കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ. അഫ്​ഗാനിസ്ഥാൻ, റഷ്യ, പനാമ, ചൈന എന്നിവടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് പനാമയിൽ അനിശ്ചിതത്വത്തിലായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300ഓളം കുടിയേറ്റക്കാരെയാണ് യുഎസ് പനാമയിലേക്ക് നാടുകടത്തിയത്. തികഞ്ഞ മനുഷ്യാവകാശ ലംഘനമായിരുന്നു കുടിയേറ്റക്കാരുടെ കാര്യത്തിൽ അമേരിക്ക സ്വീകരിച്ചതെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ചില രാജ്യങ്ങളിലേക്ക് നേരിട്ട് കുടിയേറ്റക്കാരെ എത്തിക്കുന്നതിൽ പ്രശ്നമുണ്ടെന്നും അതിനാലാണ് പനാമയിലെത്തിച്ചതെന്നുമായിരുന്നു ട്രംപ് സ‌‌ർക്കാർ വ്യക്തമാക്കിയിരുന്നത്.

പനാമയിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കുടിയേറ്റക്കാരിൽ ചിലർ സമ്മതമറിയിച്ചിരുന്നു. പീഡനം ഭയന്ന് തിരികെ പോകാൻ വിസമ്മതിച്ചവരെ ഡാരിയൻ കാട്ടിലെ ക്യാമ്പിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ക്യാമ്പിൽ താമസിക്കുന്നവരെ പനാമ മോചിതരാക്കുകയും ഒരു മാസത്തിനുള്ളിൽ സ്വന്തം രാജ്യത്തേക്ക് പോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള സഹായങ്ങൾ ഇവർ നിരസിച്ചതായും മടക്കയാത്രയ്ക്കായുള്ള ക്രമീകരണങ്ങൾ സ്വയം ചെയ്യാൻ ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കി. എന്നാൽ കൈവശം പണമില്ലാത്തതും പനാമയിലെ സ്ഥലങ്ങൾ പരിചയില്ലാത്തതും ഇവരെ കഷ്ടത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കുടിയേറ്റക്കാരാണ് അഭയാർത്ഥിത്വം സ്വീകരിക്കാനായി കനേഡിയൻ ബ്രിട്ടീഷ് എംബസികളെ സമീപിച്ചത്. ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് എംബസികളുടെയും കോൺസലേറ്റുകളുടെയും ഭാ​​ഗത്ത് നിന്നുണ്ടായത്. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് അയച്ച മെസേജുകൾക്ക് പ്രതികരണം ലഭിച്ചിട്ടില്ല. മറുപടി ലഭിച്ച സന്ദേശങ്ങളിൽ സഹായിക്കാൻ താത്പര്യമില്ലെന്ന് തുറന്നെഴുതിയിരുന്നു. തനിക്ക് അതീജിവിക്കാൻ ഒരു വിധത്തിലുള്ള സാഹചര്യവുമില്ലാത്ത അഫ്​ഗാനിസ്ഥാൻ പോലൊരു രാജ്യത്തേക്ക് തന്നെ നാടുകടത്തരുതെന്ന് കുടിയേറ്റക്കാരിൽ ഒരാൾ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടീഷ് എംബസിയിൽ അഭയം തേടുന്നവർക്ക് ബ്രീട്ടീഷുകാർക്ക് അഭയം നൽകുമെന്ന ലഘുലേഖ നൽകിയാണ് എംബസി പ്രതികരിച്ചത്. കോസ്റ്ററിക്കയിലെ എംബസിയിൽ എത്തേണ്ടി വരുമെന്നായിരുന്നു സ്വിസ് കോൺസുലേറ്റിന്റെ നിർദ്ദേശം. കൂടാതെ എംബസികളുടെ ഫോൺ നമ്പറുകളും ഇമെയിൽ അഡ്രസുകളും ഉൾപ്പെട്ട ഒരു പേപ്പർ നൽകുകയും ചെയ്തു. അഭയം തേടിയവരെ തിരിച്ചയച്ചു എന്ന ആരോപണം സ്വിസ് കോൺസുലേറ്റ് നിഷേധിച്ചു. യുഎസിലേക്കുള്ള യാത്രക്കിടയിൽ ഒരു തവണ മാത്രം കണ്ടിട്ടുള്ള രാജ്യത്ത് തനിക്ക് അഭയം തേടേണ്ടി വരുമെന്ന് ഇവർ ഒരിക്കലും കരുതി കാണില്ല. ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള തിരിച്ചടികൾ ഭയന്നാവണം രാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറാവാത്തതെന്ന് അമേരിക്കയിലെ മനുഷ്യാവകാശ കമ്മീഷൻ അം​ഗം അൽവാറോ ബൊട്ടാറോ വ്യക്തമാക്കി. പനാമയിലേക്ക് നാടുകടത്തണമെന്ന് ഇവർ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും, ഇപ്പോൾ ഭാവിയെന്താണെന്ന് പോലും അറിയാതെയാണ് ഇവിടെ തുടരുന്നതെന്നും അൽവാറോ ഫറഞ്ഞു. കഴിഞ്ഞ ആഴ്ച അവസാനമാണ് ട്രംപ് ഭരണകൂടം 200ഓളം വെനസ്വേലൻ കുടിയേറ്റക്കാരെ എൽ സാൽവഡോറിലേക്ക് നാടുകടത്തിയത്. ക്രിമിനൽ സംഘടനയായ ട്രെൻഡ അര​ഗ്വോവയിലെ അം​ഗങ്ങളാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരെ നാടുകടത്തിയത്. കഴിഞ്ഞ ദിവസം പനാമയിലെ യുഎൻ അഭയാർത്ഥി ഏജൻസിയെ സമീപിച്ചെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സഹായിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി.

content summary: Deportees from the U.S. are urgently hopping between embassies in Panama, desperately trying to secure asylum.

Leave a Reply

Your email address will not be published. Required fields are marked *

×