മൃഗത്തിന്റേയും മനുഷ്യന്റേയും ജനിതകവിശേഷങ്ങള്‍ക്കും ജൈവപരിണാമങ്ങള്‍ക്കും ശാസ്ത്രീയവും യുക്തിസഹവുമായ അര്‍ഥതലങ്ങള്‍ കണ്ടെത്തിയ മഹാവിസ്മയവും ചിത്രകാരന്‍, ജൈവശാസ്ത്രജ്ഞന്‍, ടെലിവിഷന്‍- ചലച്ചിത്രകാരന്‍ തുടങ്ങിയ നിലകളില്‍ ആധുനിക കാലത്തിന്റെ മാറുന്ന ജീവസ്പന്ദങ്ങള്‍ തൊട്ടറിഞ്ഞ അത്ഭുതപ്രതിഭയുമായ ഡെ്സമണ്ട് മോറിസ് (98) ഏപ്രില്‍ 19 ന് കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായി.ജീവജാലങ്ങളുടെ ഉയിര്‍പ്പ് പൊടിയുന്നതിനും മുമ്പേ സംഭവിച്ചിരിക്കാവുന്ന ബ്രഹ്‌മാണ്ഡത്തിലെ നര – വാനര വംശത്തിന്റെയാകെ നാരായവേര് തേടിയലഞ്ഞ മഹാധിഷണയുടെ വിയോഗമാണ് സംഭവിച്ചിരിക്കുന്നത്.

ഞാനോര്‍ക്കുന്നു: ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ജീവനക്കാരനായ സുഹൃത്ത് ഹമീദിന്റെ കൈയിലാണ് അല്‍പം തടിച്ച ആ പുസ്തകം – മാന്‍വാച്ചിംഗ്- ഞാനാദ്യം കണ്ടത്. ഡെസ്മണ്ട് മോറിസ് എന്ന ഗ്രന്ഥകാരനെ ആദ്യമറിയുന്നതും ദുബായ് പ്രവാസത്തിന്റെ ഹ്രസ്വമായ ആ കാലയളവിലാണ്. ‘മാന്‍വാച്ചിംഗി’ ന്റെ വായന അല്‍പം ക്ലേശകരമായിരുന്നു. ആ ആഴ്ചയിലിറങ്ങിയ മലയാളനാട് വാരികയിലെ സാഹിത്യവാരഫലം പംക്തിയില്‍ പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ സാര്‍, ഡെസ്മണ്ട് മോറിസിനെക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകങ്ങളെക്കുറിച്ചുമെഴുതിയ ഭാഗം വായിച്ചുപോകവെ, മാന്‍ വാച്ചിംഗിന്റെ വായനയിലേക്ക് ആവേശത്തോടെ തിരിച്ചുപോയി. പിന്നെപ്പിന്നെ മാസത്തിലൊരു തവണയെങ്കിലും സാഹിത്യവാരഫലത്തില്‍ ഡെസ്മണ്ട് മോറിസിനെ വായിക്കാന്‍ എം. കൃഷ്ണന്‍നായര്‍ സാര്‍ മലയാളികളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഒരു പക്ഷേ മലയാളികളില്‍ ഏറിയ പങ്കും ആദ്യമായി ഡെസ്മണ്ട് മോറിസിനെ കേള്‍ക്കുന്നതും സാഹിത്യവാരഫലത്തിലൂടെയായിരിക്കും. നെയ്കഡ് ഏയ്പ് (നഗ്‌നവാനരന്‍), നെയ്കഡ് മാന്‍ (നഗ്‌നപുരുഷന്‍) തുടങ്ങിയ പുസ്തകങ്ങള്‍ ഡെസ്മണ്ട് മോറിസിന്റെ മാസ്റ്റര്‍പീസുകളായാണ് കൃഷ്ണന്‍ നായര്‍സാര്‍ വിശേഷിപ്പിച്ചിരുന്നത്. മാസ്റ്റര്‍പീസിന് അദ്ദേഹം നല്‍കിയ പരിഭാഷ: ഉല്‍കൃഷ്ട കലാശില്‍പം.

പിന്നീട് അടുത്ത സുഹൃത്തായി മാറിക്കഴിഞ്ഞ പ്രിയപ്പെട്ട കെ. കുഞ്ഞിക്കൃഷ്ന്‍ സാറാണ് ഡെസ്മണ്ട് മോറിസിനെ വായിക്കാന്‍ കൂടുതല്‍ പ്രചോദനം നല്‍കിയത്. ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി റിട്ടയര്‍ ചെയ്ത പ്രമുഖ എഴുത്തുകാരന്‍ കൂടിയായ കുഞ്ഞികൃഷ്ണന്‍ സാറിന്റെ ടെലിവിഷന്‍ ജീവിതം എന്ന ആത്മകഥ അച്ചടിക്കാനുള്ള സൗഭാഗ്യവും ഞങ്ങള്‍ക്കുണ്ടായി (മലയാളം ന്യൂസ് സണ്‍ഡേ പ്ലസ്, സൗദി അറേബ്യ). ഡെസ്മണ്ട് മോറിസിന്റെ നെയ്കഡ് ഏയ്പ്, നെയ്കഡ് മാന്‍, നെയ്കഡ് വുമന്‍ എന്നീ പുസ്തകങ്ങള്‍ കെ. കുഞ്ഞികൃഷ്ണനാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. പ്രസാധനം നിര്‍വഹിച്ചത്. മാതൃഭൂമി ബുക്സ്. ആന്ത്രപ്പോളജി എന്ന ശാസ്ത്രശാഖയില്‍ അന്നോളം അറിയപ്പെടാത്ത മേഖലകളിലേക്ക് വെളിച്ചം വീശിയ ഗവേഷണവിസ്മയങ്ങള്‍ സൃഷ്ടിച്ച ഡെസ്മണ്ട് മോറിസ്, നാല്‍ക്കാലികളുടേയും ഇരുകാലികളുടേയും ജൈവപരിണാമം, സ്വഭാവസവിശേഷത, പെരുമാറ്റങ്ങളിലേയും ശരീരഘടനകളുടേയും സാധര്‍മ്യം തുടങ്ങിവയെല്ലാം പഠനവിധേയമാക്കുകയും അവിശ്വസനീയമായ പുതിയ കണ്ടെത്തലുകളിലേക്ക് ഈ നൂറ്റാണ്ടിന്റെ ശാസ്ത്രകൗതുകങ്ങളേയും ജീവശാസ്ത്ര പഠനങ്ങളേയും വികസിപ്പിക്കുകയും ചെയ്തു. 1967 ല്‍ രചിച്ച നെയ്കഡ് ഏയ്പ്, ഈ രംഗത്തെ ധൈഷണികമായൊരു കുതിച്ചുചാട്ടമായി. ബ്രിട്ടീഷ് ടെലിവിഷന്‍ പ്രേക്ഷകരുടെ ഹരമായിരുന്ന ‘സൂ ടൈം’ എന്ന പഠനാര്‍ഹമായ ടി.വി പരമ്പരയുടെ പ്രയോക്താവും മോറിസായിരുന്നു. ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയറിനടുത്ത പര്‍ട്ടണ്‍ നഗരത്തില്‍ 1928 ല്‍ ജനിച്ച ഡെസ്മണ്ട് മോറിസ് ബെര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്തേ ജീവശാസ്ത്രത്തില്‍ അതീവതാല്‍പര്യമുള്ള വിദ്യാര്‍ഥിയായിരുന്നു. ഒപ്പം ചിത്രകലയിലും. സര്‍ റിയലിസ്റ്റിക് സങ്കേതത്തില്‍ വരച്ച നിരവധി ചിത്രങ്ങള്‍ ഡെസ്മണ്ട് മോറിസിനെ കലാലയകാലഘട്ടത്തില്‍ തന്നെ പ്രശസ്തനാക്കി. രണ്ടു വര്‍ഷം ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ച മോറിസ് ലണ്ടന്‍ ഫൈനാര്‍ട്സ് കോളേജില്‍ അധ്യാപകനായി. ലണ്ടന്‍ ഗ്യാലറിയിലെ വിശ്വേത്തര പെയിന്റിംഗുകളില്‍ ആകൃഷ്ടനായാണ് ബ്രഷും പാലറ്റുമേന്തി ആ ഇളം ശാസ്ത്രപ്രതിഭ, വരയുടെ ലോകത്തേക്ക് കടന്നത്. ബ്രിട്ടനിലെ വിവിധ ഗ്യാലറികളില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച മോറിസ്, സര്‍റിയലിസ്റ്റിക് പെയിന്റിംഗുകള്‍ക്ക് പ്രാധാന്യം നല്‍കിയ രണ്ടു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തു – ടൈം ഫ്ളവര്‍, ദ ബട്ടര്‍ ഫ്ളൈ ആന്റ് ദ പിന്‍.

ചിത്രകലയില്‍ നിന്ന് നേരെ ആന്ത്രപ്പോളജിയിലേക്കൊരു സ്വിച്ച്ഓവര്‍. ആനിമല്‍ ബിഹേവിയര്‍ എന്ന വിഷയത്തില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മോറിസിന് ഡോക്ടറേറ്റ് കിട്ടിയത് ഇക്കാലത്താണ്. സുവോളജി ഗവേഷണത്തിന് പ്രാമുഖ്യം കല്‍പിച്ച ചില ഡോക്യുമെന്ററികളും ചെയ്ത ശേഷം ലണ്ടനിലെ ഗ്രനേഡ ടി.വിയിലെ ഫിലിം യൂണിറ്റ് മേധാവിയായി ഡെസ്മണ്ട് മോറിസ് ചുമതലയേറ്റു. ലോകമെങ്ങുമുള്ള സുവോളജിക്കല്‍ പണ്ഡിറ്റുകളുമായുള്ള സൗഹൃദത്തിനും പഠനത്തിനും ഗ്രന്ഥരചനയ്ക്കും നിലമൊരുങ്ങിയത് ഇക്കാലത്താണെന്ന് ഡെസ്മണ്ട് മോറിസ് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ നിരവധി പഠനാര്‍ഹമായ ശാസ്ത്രഗ്രന്ഥങ്ങളാണ് ഇക്കാലത്ത് പുറത്തിറങ്ങിയത്.

വാനരന്മാരെക്കുറിച്ചുള്ള പഠനത്തിനായി കാട് കയറിയ ഡെസ്മണ്ട് മോറിസ് മൃഗങ്ങളുടെ- പ്രത്യേകിച്ചും മരംചാടുന്ന മൃഗങ്ങളുടെ- ജൈവപരിണാമങ്ങള്‍ പഠനവിധേയമാക്കി. അവ ഫിലിമുകളിലാക്കി. ലൈവ് സംപ്രേഷണം ചെയ്ത നൂറിലേറെ വരുന്ന വാനരജീവിതകഥയുടെ എപ്പിസോഡുകള്‍ ‘സൂടൈം’ടി.വി പ്രോഗ്രാമിനെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടു വന്നു. ഈ പരമ്പര അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയായതോടെ, ബി.ബി.സിയുടെ ലൈഫ് ഇന്‍ ദ ആനിമല്‍ വേള്‍ഡ് പ്രോഗ്രാം അവതരിപ്പിച്ചു, ഡെസ്മണ്ട് മോറിസ്. നൂറ് എപ്പിസോഡുകള്‍ തികച്ച ഈ പരിപാടി വിദ്യാര്‍ഥികളേയും ശാസ്ത്രഗവേഷകരേയും ആകര്‍ഷിച്ചു.

ചിമ്പാന്‍സികളെക്കുറിച്ചുള്ള ചിത്രങ്ങളുടെ വിപുലമായൊരു പ്രദര്‍ശനവും ഇതിനിടെ സംഘടിപ്പിക്കാന്‍ ഡെസ്മണ്ട് മോറിസ് മുന്‍കൈയെടുത്തു. സസ്തനികളെക്കുറിച്ചുള്ള പഠനത്തിന്റേയും ഗവേഷണത്തിന്റേയും ഗൈഡായി വിവിധ യൂണിവേഴ്സിറ്റികളില്‍ മോറിസ് സേവനമനുഷ്ഠിച്ചു. ചിത്രരചനയും പുസ്തകമെഴുത്തുമായി ശിഷ്ടകാലം ചെലവിട്ട ഇദ്ദേഹം ഈ സമയത്ത് കുറച്ചുവര്‍ഷങ്ങള്‍ മാള്‍ട്ടയിലേക്ക് ജീവിതം പറിച്ചുനട്ടു. വന്യമൃഗങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഈ കാലഘട്ടം സഹായിച്ചു. അവസാനകാലം അയര്‍ലാന്റിലായിരുന്നു.

ദ ഹ്യുമണ്‍ സൂ – എ സുവോളജിസ്റ്റ്സ് ്സ്റ്റഡി ഓഫ് ദ അര്‍ബന്‍ ആനിമല്‍, ക്വസ്റ്റ് ഫോര്‍ ഫയര്‍ തുടങ്ങിയവയും ഡെസ്മണ്ട് മോറിസ് എഴുതിയ പ്രമുഖഗ്രന്ഥങ്ങളാണ്. അദ്ദേഹത്തിന്റെ സര്‍റിയലിസ്റ്റിക് പെയിന്റിംഗുകള്‍ ലണ്ടനിലെ ആര്‍ട്ട് ഗ്യാലറിയുടെ ചുമരുകളില്‍ അലങ്കാരത്തിന്റെ അഴകും അന്തസ്സും ചാര്‍ത്തുന്നു. സര്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ ബാക്കി, നഗ്‌നജീവിത ചിത്രങ്ങള്‍ ബാക്കി, ശാസ്ത്ര സത്യങ്ങള്‍ ബാക്കി. അതുല്യപ്രതിഭയുടെ അന്വേഷണതൃഷ്ണകള്‍ക്ക് മീതെ അസ്തമയരാശി.
കലയിലും ശാസ്ത്രത്തിലും ഒപ്പം നടന്ന ജീവിതസഖി റമോണ ബളൗച് 2018 ല്‍ മരണപ്പെട്ടു. ഏകമകന്‍ ജെയ്സണ്‍ അവസാനസമയത്ത് ഡെ്സമണ്ട് മോറിസിനൊപ്പമുണ്ടായിരുന്നു.
Content Summary: Desmond Morris Passes Away: A Look Back at the Life of the World-Renowned Zoologist and Surrealist Painter
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.