അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി 425 കോടിയോളം അനുവദിച്ചിട്ടും ഒരു രൂപ പോലും ചിലവഴിക്കാതെ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്ത് സമഗ്ര വികസനങ്ങൾ നടത്തിയെന്നുള്ള യോഗി ആദിത്യനാഥിന്റെ അവകാശ വാദങ്ങൾക്കിടയിലാണ് ഭരണകൂടം ഈ മേഖലയിലെ തൊഴിലാളികൾക്കായി ഒരു ഫണ്ട് പോലും ചിലവഴിച്ചിട്ടില്ലെന്ന വിവരാവകാശ രേഖ പുറത്തു വരുന്നത്.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി അനുവദിച്ച തുകയുടെ വിനിയോഗത്തെക്കുറിച്ച് അറിയാൻ ഈ വർഷം ഫെബ്രുവരിയിൽ ദി വയർ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാവുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളെയും ബജറ്റിൽ ഇവർക്കായി എത്ര തുക മാറ്റി വച്ചെന്നുമാണ് വിവരാവകാശ പ്രകാരം ചോദിച്ചത്. ഉത്തർപ്രദേശിൽ ഈ മേഖലയിലെ തൊഴിലാളികൾക്കായി പദ്ധതി ആവിഷ്കരിക്കുന്നതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും സാമൂഹ്യ സുരക്ഷാ വകുപ്പാണ്. 2021-22, 2022-23, 2023-24, 2024-25 സാമ്പത്തിക വർഷത്തിലെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യത്തെ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ വിവിധ പദ്ധതികൾക്കായി പ്രതിവർഷം 112 കോടി രൂപയും 2024-25 വർഷത്തേക്കായി 92 കോടി രൂപയും അനുവദിച്ചിട്ടുള്ളതായി സാമൂഹ്യ സുരക്ഷ വകുപ്പ് മറുപടി നൽകി. എന്നാൽ യാതൊരു പദ്ധതിയും നടപ്പിലാക്കാത്തതിനാൽ ഈ ഫണ്ടുകൾ വിനിയോഗിച്ചിട്ടില്ല.
ഇതിന് പുറമേ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായുള്ള പദ്ധതികളുടെ പ്രചരണത്തിനായി 2021-22 സാമ്പത്തിക വർഷത്തിൽ 5 ലക്ഷം രൂപ വീതവും 2022-23, 2023-24, 2024-25 വർഷങ്ങളിൽ ഓരോന്നിനും 7,80,000 രൂപ വീതവും നീക്കിവച്ചിരുന്നു. എന്നാൽ പദ്ധതികളൊന്നും നടപ്പിലാക്കാത്തതിനാൽ ഈ ഫണ്ട് ചിലവഴിച്ചിട്ടില്ലെന്ന് ആർടിഐ മറുപടിയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഇ-ശ്രാം പോർട്ടൽ പ്രകാരം രാജ്യത്ത് 30.68 കോടിയിലധികം അസംഘടിത മേഖലയിലെ തൊഴിലാളികളാണുള്ളത്. ഇതിൽ പകുതിയിലധികവും സ്ത്രീകളാണ്. അവരിൽ ഏകദേശം 8 കോടി 38 ലക്ഷം തൊഴിലാളികളും രജിസ്റ്റർ ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിൽ നിന്നാണ്. ഇത് മുഴുവൻ തൊഴിലാളികളുടെ 27.5 ശതമാനമാണ്. ഇത്രയും തൊഴിലാളികളുണ്ടായിട്ടും അവരുടെ ക്ഷേമത്തിനായുള്ള യാതൊരു പ്രവർത്തനങ്ങളും യോഗി സർക്കാരിന് ചെയ്യാൻ സാധിച്ചിട്ടില്ല. കരാർ തൊഴിലാളികൾക്കെതിരെയുള്ള പീഡനങ്ങളും തൊഴിലാളികൾക്ക് കുറഞ്ഞ വേതനം അനുവദിച്ച് നൽകുകയും ചെയ്തിട്ടുള്ള സംസ്ഥാനമായിട്ട് കൂടി കഴിഞ്ഞ നാലു വർഷത്തിനിടയിൽ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ വാദം.
2022 സെപ്തംബറിലെ കണക്കുപ്രകാരം അവിദഗ്ധ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ ദിവസ വേതനം 367 രൂപയും, അർദ്ധ വിദഗ്ദ്ധ തൊഴിലാളികൾക്ക് 403 രൂപയും, വിദഗ്ദ്ധ തൊഴിലാളികൾക്ക് 452 രൂപയുമാണ് നൽകി പോന്നിരുന്നത്. നിരക്കുകൾ യഥാക്രമം 412 രൂപ, 463 രൂപ, 503 രൂപ എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ദൈനംദിന ചെലവുകൾക്ക് ദിനംപ്രതി ഏറുന്ന സാഹചര്യത്തിൽ ഈ വേതനം വളരെ കുറവാണ്. ഇന്ത്യയിലുടനീളം, അസംഘടിത മേഖലയിൽ 53 ശതമാനം സ്ത്രീകളാണ് തൊഴിൽ ചെയ്യുന്നത്. ഉത്തർപ്രദേശിൽ ഏകദേശം നാലു കോടിയോളം സ്ത്രീകൾ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. യുപിയിൽ കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് ഏകദേശം 200 രൂപയാണ് ദിവസ വേതനമായി ലഭിക്കുന്നത് അതായത് പ്രതിമാസം 6000 മുതൽ 8000 രൂപ വരെ ലഭിക്കും. എന്നാൽ ഈ മേഖലയിലെ പുരുഷന്മാരുടെ വേതനം 10,000 മുതൽ 11,000 രൂപ വരെയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ദലിത്, ഗോത്ര വിഭാഗങ്ങൾ നിന്നുള്ളവരായിട്ടും ഇവർക്ക് മിനിമം വേതനം ഉറപ്പാക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ല.
content summary: Despite an allocation of Rs 425 crore for unorganised sector workers in Uttar Pradesh, not a single rupee has been spent