മഹാരാഷ്ട്രയില്‍ ഭരണം ഉറപ്പിച്ചിട്ടും ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ഇപ്പോഴും ഒരു വിഷമവൃത്തത്തിലാണ്. ആരാകണം അടുത്ത മുഖ്യമന്ത്രി? അതു തന്നെയാണ് കാരണം. ബി.ജെ.പിയുടെ പ്രധാന നേതാവും മുന്‍ മുഖ്യമന്ത്രിയും കഴിഞ്ഞ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്ന ദേവേന്ദ്ര ഫഡ്നാവിസിന് വീണ്ടും നറുക്ക് വീഴുമോ? മത്സരിച്ച 149 സീറ്റുകളില്‍ 132 ലും വിജയിക്കുന്നതിലേക്ക് ബിജെപിയെ എത്തിച്ചതില്‍ ഫഡ്നാവിസിന്റെ പങ്ക് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞ ഫഡ്‌നാവിസിന്റെ മിടുക്കാണ് ബിജെപിക്ക് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
2022ല്‍ ശിവസേനയെ പിളര്‍ത്തിയെടുത്ത ഭാഗം കൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ ഏകനാഥ് ഷിന്‍ഡെയ്ക്ക് വേണ്ടി മാറിനില്‍ക്കാനുള്ള ഫഡ്‌നാവിസിന്റെ തീരുമാനം, പാര്‍ട്ടി ഐക്യത്തിനു വേണ്ടി ചെയ്ത രാഷ്ട്രീയ ത്യാഗമായാണ് ഇപ്പോള്‍ നിര്‍വചിക്കപ്പെടുന്നത്. അതിന്റെ ലാഭം ഇപ്പോള്‍ ഫഡ്‌നാവിസിന് കിട്ടുമോയെന്നാണ് അറിയേണ്ടത്.
എന്നാല്‍ കാര്യങ്ങള്‍ പറയുന്നതുപോലെ അത്ര ലളിതമല്ല. നിലവിലെ മുഖ്യമന്ത്രിയും ശിവസേന(ഷിന്‍ഡെ വിഭാഗം) നേതാവുമായ ഏകനാഥ് ഷിന്‍ഡെ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമെന്താണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ നേതൃത്വം, പ്രത്യേകിച്ച് വനിതാ വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ സാധിച്ച ‘ലഡ്കി ബെഹ്ന യോജന’, മുഖ്യമന്ത്രി എന്ന നിലയില്‍ ഷിന്‍ഡെയിറക്കിയ തുറുപ്പ് ചീട്ടായിരുന്നു. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ഷിന്‍ഡെ വിഭാഗം ശിവസേന ഒരു ശക്തമായ സാന്നിധ്യമാണ്. 57 സീറ്റുകളുമായി അവര്‍ മഹായുതി സഖ്യത്തിലെ ഒരു പ്രധാന പങ്കാളിയാണ്. ഫഡ്നാവിസിന് വേണ്ടി ഷിന്‍ഡെയെ ഒതുക്കാന്‍ ബിജെപി ശ്രമിച്ചാല്‍ അത് സ്വയം കെണിയില്‍ കുരുങ്ങുന്നതിന് തുല്യമാകും. എന്‍സിപി വിഘടന വിഭാഗം നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍, അടുത്ത മുഖ്യമന്ത്രിയായി ഫഡ്നാവിസിനെയാണ് പിന്തുണച്ചിരിക്കുന്നത്. ഇത് കളിയെ കൂടുതല്‍ സങ്കീര്‍ണമാക്കി.
സഖ്യത്തെ ഒരുമിച്ചു കൊണ്ടുപോകാനുള്ള ഫഡ്നാവിസിന്റെ കഴിവും അതിനേക്കാള്‍ ഉപരിയായി ബിജെപിക്കുള്ളില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും മനസിലാക്കി കൊണ്ടുള്ള തന്ത്രപരമായ നീക്കമാണ്. അജിത് പവാര്‍ നടത്തുന്നത്. എന്‍സിപി അജിത് പവാര്‍ സഖ്യത്തിന് 41 സീറ്റുകളുണ്ട്. അതുകൊണ്ട് തന്നെ മഹായുതിക്ക് ഭരിക്കാന്‍ പവാറിന്റെ പിന്തുണ നിര്‍ണായകമാണ്. ഫഡ്‌നാവിസിനൊപ്പം നിന്നാല്‍ അടുത്ത സര്‍ക്കാരില്‍ എന്‍സിപിയുടെ സ്വാധീനം ശക്തമാക്കാനുമാകും. പവാറിന്റെ തീരുമാനം സഖ്യത്തിനുള്ളില്‍ സ്വന്തം സ്ഥാനം സംരക്ഷിക്കാനുള്ള കണക്കുകൂട്ടിയുള്ള നീക്കമാണ്.
ഷിന്‍ഡെ ശക്തി തെളിയിച്ചിട്ടുണ്ടെങ്കിലും, ബിജെപിയുടെ വന്‍ വിജയവും ഫഡ്നാവിസിന്റെ നേതൃത്വത്തിനു കിട്ടിയ അംഗീകാരവും മുഖ്യമന്ത്രി കസേരയില്‍ അദ്ദേഹത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. മഹായുതി നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക, എന്നാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കായിരിക്കെ ഫഡ്നാവിസിനെ ഒഴിവാക്കുന്നൊരു സാഹചര്യം സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്.
എന്നിരുന്നാലും, സഖ്യത്തിനുള്ളിലെ സംഘര്‍ഷം, പ്രത്യേകിച്ച് ഷിന്‍ഡെയും പവാറും തമ്മിലുള്ള വടംവലി കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ഷിന്‍ഡെ നേതൃത്വ മികവും പ്രാദേശിക പിന്തുണയും കാണിച്ച് വിലപേശുമെങ്കിലും, ബിജെപിയുടെ വന്‍ വിജയവും ആ വിജയത്തില്‍ ഫഡ്നാവിസിനുള്ള പങ്കും അദ്ദേഹത്തെ വീണ്ടും മഹാരാഷ്ട്രയെ നയിക്കാനുള്ള ഏറ്റവും സാധ്യതയുള്ള നേതാവാക്കി മാറ്റുന്നുണ്ട്. മഹായുതി സഖ്യത്തിനുള്ളില്‍ അധികാര പോരാട്ടത്തിന് കളമൊരുക്കി ഷിന്‍ഡെയ്ക്ക് രണ്ടാമൂലം കിട്ടുമോ, അതോ പിന്നോട്ട് മാറി നില്‍ക്കുമോ എന്നത് അതുപോലെ തന്നെ ഗൗരവമേറിയ അടുത്ത ചോദ്യമാണ്. Devendra Fadnavis or Eknath Shinde, who is the next cm of Maharashtra?
Content Summary; Devendra Fadnavis or Eknath Shinde, who is the next cm of Maharashtra?