ധർമ്മസ്ഥലയിലെ കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട്, പരിശോധന നടത്തിയ ആദ്യത്തെ അഞ്ച് സ്ഥലങ്ങളിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സ്ഥലങ്ങളിൽ നിന്ന് സ്വകാര്യ വസ്തുക്കൾ കണ്ടെടുത്തതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. അതേ സമയം, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള ഈ വസ്തുക്കൾ കേസുമായി ബന്ധപ്പെട്ടതാണോ എന്ന് ഇപ്പോൾ പറയാനാകില്ല. കണ്ടെടുത്ത രേഖകളുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്.
കാണാതായ മെഡിക്കൽ വിദ്യാർത്ഥിനി അനന്യ ഭട്ടിന്റെ അഭിഭാഷകൻ എൻ. മഞ്ജുനാഥ്, സ്ഥലങ്ങളിലൊന്നിൽ നിന്ന് നിരവധി വസ്തുക്കൾ കണ്ടെത്തിയതായി പ്രസ്താവനയിലൂടെ അറിയിച്ചു. ഒരു പുരുഷന്റെ പേരിലുള്ള പാൻ കാർഡും ലക്ഷ്മി എന്ന പേരിലുള്ള ഒരു പാൻ കാർഡും രണ്ട് എടിഎം കാർഡുകളും കണ്ടെത്തിയതായും ഇത് നിർണായകമായ സൂചനകളാകാമെന്നും മഞ്ജുനാഥ് ചൂണ്ടിക്കാട്ടി. കൂടാതെ, ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരൻ ചൂണ്ടിക്കാണിച്ച നിർണായകമായ ഒരു സ്ഥലം, നിലവിൽ ലക്ഷ്യമിടുന്ന 13 സ്ഥലങ്ങൾക്ക് പുറത്താണെന്നും, പിന്നീടുള്ള ഘട്ടത്തിൽ ആ പ്രദേശം അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്നും മഞ്ജുനാഥ് കൂട്ടിച്ചേർത്തു.
സാക്ഷി തിരിച്ചറിഞ്ഞ 15 സ്ഥലങ്ങളിൽ ആദ്യത്തെ എട്ട് സ്ഥലങ്ങൾ നേത്രാവതി നദിയുടെ തീരത്താണ്. അടുത്ത നാല് സ്ഥലങ്ങൾ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലും. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും, 14ഉം 15ഉം ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്. മംഗളൂരുവിൽ പ്രത്യേക അന്വേഷണ സംഘം സാക്ഷിയെ രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ വെളിപ്പെടുത്തിയത്.
ആരോപിക്കപ്പെടുന്ന 15 സ്ഥലങ്ങളിൽ നിന്നും തെളിവുകളോ കണ്ടെത്താനായില്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘം (SIT) എന്തു ചെയ്യുമെന്നത് ഒരു പ്രധാന ചോദ്യമാണ്.എന്നാൽ SIT ഇതിനകം തന്നെ പ്ലാൻ ബിയും സിയും തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ചിലയിടങ്ങളിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയതായും വിവരമുള്ളതിനാൽ ഫോറൻസിക് പരിശോധനകളും നടന്നുവരികയാണ്.
മൃതദേഹങ്ങൾ കണ്ടെത്തിയില്ലെങ്കിൽ SIT-യുടെ അടുത്ത നീക്കങ്ങൾ:
കുഴിച്ചെടുത്ത സ്ഥലങ്ങളിലെ മണ്ണ്, മറ്റു അവശിഷ്ടങ്ങൾ എന്നിവയുടെ ഫോറൻസിക് പരിശോധനകൾ നടത്തും. മനുഷ്യന്റെ അവശിഷ്ടങ്ങളല്ലെങ്കിൽ പോലും, സംശയകരമായ എന്തെങ്കിലും തെളിവുകൾ ഉണ്ടോ എന്ന് ഈ പരിശോധനകളിലൂടെ വ്യക്തമാകും. ഇതിനായി, ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ) പോലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. മനുഷ്യന്റെ അവശിഷ്ടങ്ങളോ മറ്റ് അസ്വാഭാവിക വസ്തുക്കളോ മണ്ണിൽ കുഴിച്ചിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ ജിപിആർ സഹായിക്കും. ജിപിആർ കണ്ടെത്തലുകൾ പിന്നീട് ലഭിക്കുന്ന തെളിവുകളുമായി ബന്ധപ്പെടുത്തി ശാസ്ത്രീയമായ പിൻബലം നൽകാൻ സഹായിക്കും.
പരാതിക്കാരന്റെ മൊഴിയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് SIT-യുടെ പ്രധാന ദൗത്യമാണ്. ഇതിനായി, നിയമപരമായ അനുമതിയോടെ, ബ്രെയിൻ മാപ്പിംഗോ പോളിഗ്രാഫ് പരിശോധനയോ നടത്തുന്നത് പരിഗണിക്കാം. പരാതിക്കാരൻ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ, നിയമനടപടികൾക്ക് സാധ്യതയുണ്ട്. നേത്രാവതി കുളിക്കടവ് പ്രദേശം, അജിക്കുറി റോഡ്, കന്യാടിയിലെ സ്വകാര്യ പ്രദേശങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള മറ്റ് സ്ഥലങ്ങൾകൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നത് വളരെ പ്രധാനമാണ്. ഈ മേഖലകളിൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധ്യതയുണ്ട്.
പ്രധാന വെല്ലുവിളികൾ
പരാതിക്കാരൻ പറയുന്നതനുസരിച്ച്, മൃതദേഹങ്ങൾ ഏകദേശം 20 വർഷം മുൻപാണ് കുഴിച്ചിട്ടത്. ഇത്രയും കാലപ്പഴക്കം കാരണം അസ്ഥികൂടങ്ങളോ മൃതദേഹങ്ങളോ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. വർഷങ്ങൾ കഴിയുന്തോറും ജൈവവസ്തുക്കൾ മണ്ണിൽ ലയിച്ചുചേരുകയും തെളിവുകൾ ഇല്ലാതാവുകയും ചെയ്യും. അന്വേഷണ സ്ഥലങ്ങളിൽ പലതും ഇടതൂർന്ന വനപ്രദേശങ്ങളിലും നേത്രാവതി നദിക്കടുത്തുള്ള ദുർഘടമായ ഭൂപ്രദേശങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഇത് കുഴിച്ചെടുക്കൽ വളരെ ബുദ്ധിമുട്ടുള്ളതാക്കുന്നു. മണ്ണ്, പാറകൾ, വെള്ളം എന്നിവയുടെ സാന്നിധ്യം കുഴിച്ചെടുക്കൽ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും. വനപ്രദേശങ്ങളിൽ ജെസിബി പോലുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഈ അനുമതി ലഭിക്കാത്തത് കുഴിച്ചെടുക്കൽ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.
content summary: Dharmasthala case: no body found yet in forests on second day of digging
This post was last modified on July 31, 2025 11:45 am
Leave a Comment